Advertisment

ശബരിപ്പാത: അഞ്ചു വര്‍ഷം നഷ്ടപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിപാത നടപ്പാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ചെലവില്‍ പദ്ധതി നടപ്പാക്കണമെന്ന് അന്ന് യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതു നടക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു.

എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടെടുത്തു. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം നിരാകരിച്ചതോടെ പദ്ധതി അഞ്ചുവര്‍ഷം നിശ്ചലമായെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയില്‍ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനും ഇടതുസര്‍ക്കാര്‍ കേരളത്തോട് മാപ്പുപറയണം. ഗെയില്‍ ഗെയില്‍ ഗോ എവേ എന്നു പറഞ്ഞാണ് സിപിഎം അന്നു വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു പ്രചാരണം.

2009ല്‍ അനുവദിച്ച പദ്ധതിക്ക് ജീവന്‍ വച്ചത് 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടമായ കൊച്ചി-അമ്പലമുകള്‍ 2013ല്‍ പൂര്‍ത്തിയാക്കി. ഫാക്ട്, ബിപിസിഎല്‍, പ്രത്യേക സാമ്പത്തിക മേഖല എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം നല്കി. 2015ല്‍ കൊച്ചിയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വിതരണം ആരംഭിച്ചു. രണ്ടാംഘട്ടമായ കൊച്ചി- കൂറ്റനാട് ഭാഗത്ത് പൈപ്പ് ഇടുന്നതിന് തദ്ദേശവാസികളില്‍ നിന്ന് അനുമതി നേടി മുന്നോട്ടുപോയപ്പോഴാണ് പദ്ധതിക്കെതിരേ സിപിഎം തിരിഞ്ഞത്. അഞ്ചു വര്‍ഷമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

 

 

oommen chandy trivandrum news
Advertisment