Advertisment

എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍; ജാഗ്രത പുലര്‍ത്തണമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച കൊവിഡ് വാക്‌സിനുകള്‍ വിതരണം ആരംഭിച്ചതില്‍ അഭിമാനമുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകത്തിന്റെ ഫാര്‍മസി' എന്ന നിലയില്‍ ഇന്ത്യ പല രാജ്യങ്ങളിലേക്കും വാക്‌സിന്‍ വിതരണം തുടങ്ങി. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ നല്‍കും.

ഇപ്പോള്‍ പൂര്‍ണമായും വെര്‍ച്വല്‍ ആയാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നതെന്നും വരും മാസങ്ങളില്‍ കുറച്ചു പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന തരത്തില്‍ മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി പറഞ്ഞു.

ഓപ്പണ്‍ ഹൗസിനെ പരാതി പരിഹാര സംവിധാനമായി മാത്രം കാണാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഓപ്പണ്‍ ഹൗസില്‍ ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നതായി സിബി ജോര്‍ജ് പറഞ്ഞു. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും എല്ലാവരുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എംബസി വെര്‍ച്വലായി സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സിബി ജോര്‍ജ് പറഞ്ഞു. രാവിലെ ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെ സന്ദേശം വായിക്കല്‍ എന്നിവയുണ്ടാകും.

എംബസിയുടെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇതില്‍ പങ്കെടുക്കാം. ജനുവരി 26ന് വൈകിട്ട് ആറിന് വെര്‍ച്വലായി സംഘടിപ്പിക്കുന്ന ദേശഭക്തിഗാന പരിപാടിയില്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും സ്ഥാനപതി പറഞ്ഞു.

ഇന്ത്യയും കുവൈറ്റും നയതന്ത്രം ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികം, സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം എന്നിവയുമായി ബന്ധപ്പെട്ട് എംബസി സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും സിബി ജോര്‍ജ് ആവശ്യപ്പെട്ടു.

publive-image

കോണ്‍സുലര്‍ സേവനം തടസമില്ലാതെ ഉറപ്പാക്കുന്നതിനാണ് പരിഗണന. കോണ്‍സുലര്‍ ഓപ്പണ്‍ ഹൗസ് എല്ലാ ദിവസവും തുടരുന്നുണ്ട്. കോണ്‍സുലര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ദിവസേന നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ അമിതാഭ് രഞ്ജനെ സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇ-മെയില്‍ അയക്കുകയോ ചെയ്യാമെന്നും സ്ഥാനപതി വ്യക്തമാക്കി.

എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ ലഭിച്ചതായി ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

എംബസി ഒരിക്കലും പണമോ, ബാങ്ക് വിശദാംശങ്ങളോ ആവശ്യപ്പെടില്ല. അത്തരത്തില്‍ വ്യാജകോളുകള്‍ ലഭിച്ചാല്‍ ഉടന്‍ എംബസിയില്‍ അറിയിക്കണം. അര്‍ഹമായ എല്ലാ കേസുകള്‍ക്കും ഐസിഡബ്ല്യുഎഫ് സഹായം നല്‍കുന്നത് തുടരുന്നുണ്ട്.

ജയിലുകള്‍, നാടുകടത്തല്‍ കേന്ദ്രങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍ ആശുപത്രികള്‍ എന്നിവ പതിവായി എംബസി അധികൃതര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇത് തുടരുമെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.

ലീഗല്‍ സ്റ്റാറ്റസ് ശരിയാക്കുന്നതിന് കുവൈറ്റ് പ്രഖ്യാപിച്ച രണ്ട് മാസത്തെ ഇളവുകാലാവധി തീരുകയാണെന്നും എംബസിയിലേക്ക് പലതവണ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഒരേ ദിവസം വിതരണം ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍സുലര്‍ സര്‍വീസസ്-പാസ്‌പോര്‍ട്ടുകള്‍' എന്നതാണ് ഈ മാസത്തെ ഓപ്പണ്‍ ഹൗസിന്റെ തീമെന്നും സ്ഥാനപതി വ്യക്തമാക്കി.

Advertisment