‘കണ്ണ് തുറക്കൂ കുല്‍സൂം…” ഭാര്യയോട് അവസാന യാത്ര പറയുന്ന നവാസ് ഷെരീഫിന്‍റെ വീഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, September 12, 2018

ലണ്ടന്‍: ഇന്നലെയാണ് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഭാര്യ മരിച്ചത്. തുടര്‍ന്ന് ജയിലില്‍ കഴിയുന്ന നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചു. ഇതിനിടയില്‍ 11 വര്‍ഷ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ലണ്ടനില്‍നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിനിടയില്‍ നവാസ് ഷെരീഫ് ഭാര്യ കുല്‍സൂമിനോട് യാത്ര പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് കുല്‍സൂമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലായിരുന്നു ഇവര്‍. രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായ കുല്‍സൂമിനെ വിട്ട് പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതില്‍ ഏറെ ദുഃഖിതനായിരുന്നു നവാസ് ഷെരീഫ്. ജൂലൈ 12 ന് യാത്ര പറഞ്ഞിറങ്ങുന്ന നവാസ് ഷെരീഫ് ഏറെ വൈകാരികമായി അബോധാവസ്ഥയില്‍ കഴിയുന്ന കുല്‍സൂമിനോട് കണ്ണ് തുറന്ന് നോക്കാന്‍ പറയുന്നതാണ് വീഡിയോ. ”കണ്ണ് തുറക്കൂ കുല്‍സും..” എന്ന് ഷെരീഫ് പല തവണ ആവശ്യപ്പെടുന്നുണ്ട്.

അഴിമതിക്കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം നവാസ് ഷറീഫിന് രാജിവെക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മണ്ഡലമായ ലാഹോറില്‍ നിന്നും കുല്‍സൂം മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍ ചികിത്സക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ല്‍ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്ന് വര്‍ഷം പി.എം.എല്‍- എന്‍ നയിച്ചത് കുല്‍സൂമായിരുന്നു.

×