Advertisment

പെഗസസ് വിഷയത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം; പാർലമെന്റ് തുടർച്ചയായി ഒൻപതാം ദിവസവും സ്തംഭിച്ചു

New Update

publive-image

Advertisment

ഡൽഹി: പെഗസസ് വിഷയത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം കാരണം പാർലമെന്റ് തുടർച്ചയായി ഒൻപതാം ദിവസവും സ്തംഭിച്ചു. ഇന്നലെ ഇരുസഭകളിലുമായി 2 ബില്ലുകൾ വീതം അവതരിപ്പിച്ചു. 19 നു സഭ ആരംഭിച്ച ശേഷം ചർച്ചകളില്ലാതെ ഇതുവരെ ലോക്സഭ 5 ബില്ലുകളും രാജ്യസഭ 3 ബില്ലുകളും പാസാക്കി.

ഇന്നലെ ലോക്സഭയിൽ തുടക്കം മുതൽ ബഹളമായിരുന്നു. ചോദ്യോത്തര വേള അവസാനിക്കുന്നതിനു മുൻപ് സ്പീക്കർ പ്രതിപക്ഷാംഗങ്ങളുടെ നടപടി വിമർശിച്ചു. പ്രതിപക്ഷം പറയുന്നതു കേൾക്കണമെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പെഗസസ് സംബന്ധിച്ചു നൽകിയ അടിയന്തര പ്രമേയങ്ങളൊക്കെ തള്ളിയതിനെ തുടർന്ന് സഭ നിർത്തിവച്ചു.

വീണ്ടും ചേർന്നപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു. ബിൽ സ്വകാര്യവൽക്കരണത്തിനു വഴിവയ്ക്കുമെന്നും വിശദമായ ചർച്ചകൾക്കു ശേഷമേ അവതരിപ്പിക്കാവൂ എന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

എന്നാൽ ഇത് ഇൻഷുറൻസ് മേഖലയുടെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്ന് നിർമല പറഞ്ഞു. തുടർന്ന് ബിൽ അവതരിപ്പിച്ചു. ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനു കമ്മിഷനെ നിയമിക്കുന്നതു സംബന്ധിച്ച ബിൽ മന്ത്രി ഭൂപേന്ദർ യാദവും അവതരിപ്പിച്ചു.

രാജ്യസഭയിലും പതിവുപോലെ ബഹളം തുടർന്നു. ചില അംഗങ്ങൾ കൂവിയപ്പോൾ ‘ഇത് അന്തസ്സിനു നിരക്കാത്തതാണെന്നും എല്ലാത്തിനും പരിധിയുണ്ടെ’ ന്നും ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞു. നേരത്തെ ലോക്സഭ പാസാക്കിയ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ് ഭേദഗതി ബില്ലും ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ ഭേദഗതി ബില്ലും രാജ്യസഭയിൽ അവതരിപ്പിച്ചു. നാളികേര വികസന ബോർഡ് ഭേദഗതി ബിൽ ശബ്ദവോട്ടോടെ പാസാക്കി. ഇരുസഭകളും ഇനി തിങ്കളാഴ്ച 11നു ചേരും.

NEWS
Advertisment