Advertisment

കഴുത്തിലെ 2 അസ്ഥികൾ പൊട്ടി, കവിളിലും ചുണ്ടിലും മുറിവുകള്‍; പാലക്കാട്‌ വീട്ടമ്മയെ കൊലപ്പെടുത്തിയതു ശ്വാസം മുട്ടിച്ചുതന്നെയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്; വലതു കൈഞരമ്പു ബ്ലേഡ് ഉപയോഗിച്ചു മുറിച്ചതു മരണം ഉറപ്പിച്ച ശേഷം

New Update

ഒറ്റപ്പാലം: പാലക്കാട്‌ 63കാരിയെ കൊലപ്പെടുത്തിയതു ശ്വാസം മുട്ടിച്ചുതന്നെയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട കദീജയുടെ കഴുത്തിലെ 2 അസ്ഥികൾ പൊട്ടിയിട്ടുണ്ടെന്നു പൊലീസ് സർജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു. കവിളിലും ചുണ്ടിലും മുറിവുകളുണ്ട്.

Advertisment

publive-image

ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളാണിതെന്നു പൊലീസ് കരുതുന്നു. കദീജയുടെ വലതു കൈഞരമ്പു ബ്ലേഡ് ഉപയോഗിച്ചു മുറിച്ചതു മരണം ഉറപ്പിച്ച ശേഷമാണെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.

മുറിവേറ്റത് മരിച്ച ശേഷമായതിനാൽ കാര്യമായി രക്തം വാർന്നിരുന്നില്ല.കൊലപാതകം ആത്മഹത്യയാക്കി മാറ്റി അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പൊലീസ് വ്യക്തമാക്കി. ബ്ലേഡ് കഴിഞ്ഞ ദിവസം വീടിനു സമീപത്തു നിന്നു കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. മുംബൈയിലുള്ള ബന്ധുക്കൾ അടുത്ത ദിവസം നാട്ടിലെത്തുമെന്നാണു വിവരം.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ആർഎസ് റോഡ് തെക്കേത്തൊടിയിൽ കദീജ മൻസിലിൽ കദീജ (63) കൊല്ലപ്പെട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമവും ഇതേചൊല്ലിയുണ്ടായ വാക്കുതർക്കവുമാണു കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ കദീജയുടെ സഹോദരീപുത്രി ഷീജ (44), ഇവരുടെ മകൻ യാസിർ (21) എന്നിവരെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. അടുത്ത ദിവസം ഇവരെ കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു പൂർത്തിയാക്കുമെന്നു പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി വി. സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

murder case
Advertisment