Advertisment

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞു വീണു മരിച്ചു

New Update

കയ്റോ; ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) കോടതിയിൽ കുഴഞ്ഞു വീണു മരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലായ മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് മരണം. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

publive-image

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാളഭരണത്തിന് കീഴില്‍ ഏഴു വര്‍ഷമായി തടവുശിക്ഷ അനുഭവിച്ച് വരികയായിരുന്നു മുര്‍സി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഈജിപ്തില്‍ അധികാരത്തിലേറിയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റു കൂടിയായിരുന്നു അദ്ദേഹം.

ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് ഹുസ്നി മുബാറക് 2011 ല്‍ സ്ഥാനഭൃഷ്ടനായ ശേഷം നടത്തിയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുര്‍സിയുടെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 2012 ജൂണ്‍ 24 നാണ് അദ്ദേഹം പ്രസിഡന്റായി അധികാരമേറ്റത്.

മുര്‍സിക്ക് എതിരായ ജനരോഷത്തെയും വന്‍ പ്രതിഷേധ പ്രകടനങ്ങളേയും തുടര്‍ന്ന് ചുമതലയേറ്റ് ഒരു വര്‍ഷത്തിനുശേഷം 2013 ൽ പട്ടാളം ഭരണം പിടിച്ചെടുക്കുകയായിരുന്നു.

1951 ഓഗസ്റ്റ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കയ്റോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982 ൽ കലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985 ൽ ജന്മനാട്ടിലേക്ക് മടങ്ങിയ മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുകയും പ്രസ്ഥാനത്തിൽ സജീവമാവുകയുമായിരുന്നു.

Advertisment