Advertisment

ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു; രാവിലെ കോടതിയിൽ ഹാജരാക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരം അറസ്റ്റിൽ. അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെ ചിദംബരത്തെ സിബിഐ അദ്ദേഹത്തിന്റെ ജോർബാഗിലെ വീട്ടിൽ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച അദ്ദേഹത്തെ സിബിഐ കോടതിയിൽ ഹാജരാക്കും.

സിബിഐ സംഘത്തിന്‍റെ പിടിയിലാവുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് രാത്രി എട്ടരയോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തിലേക്ക് ചിദംബരം എത്തിയത്. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് ചിദംബരം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വായിച്ചത്. രാഷ്ട്രീയ പകപോക്കലിന് ചിദംബരത്തെ വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പിന്നാലെ, സിബിഐ സംഘം തേടിയെത്തും മുമ്പ് കപില്‍ സിബലുമൊന്നിച്ച് ചിദംബരം കാറില്‍ അവിടംവിട്ടു. അക്ബര്‍ റോഡ് കടക്കും വരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിദംബരത്തിന് വലയം തീര്‍ത്തിരുന്നു.

കേസിന്‍റെ നാള്‍വഴി...

2017 മേയ് 15: വിദേശത്തുനിന്ന് നിയമവിരുദ്ധമായി 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതിന് ഐഎന്‍എക്സ് മീഡിയയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു.

2017 മേയ് 16: പി.ചിദംബരത്തിന്‍റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ്.

2017 ജൂണ്‍ 16: കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്.

2017 ഓഗസ്റ്റ് 10: കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

2017 ഓഗസ്റ്റ് 14: മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.

2017 ഓഗസ്റ്റ് 18: ഓഗസ്റ്റ് 23-നു മുമ്പ് സി.ബി.ഐക്കു മുന്നില്‍ ഹാജരാകാന്‍ കാര്‍ത്തി ചിദംബരത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം.

2017 സെപ്റ്റംബര്‍ 22: വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുളളതിനാല്‍ കാര്‍ത്തിയുടെ വിദേശയാത്രകള്‍ സി.ബി.ഐ തടഞ്ഞു.

2017 ഒക്ടോബര്‍ 09: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബ്രിട്ടനില്‍ പോകാന്‍ അനുമതി തേടി കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു.

2017 നവംബര്‍ 20: ബ്രിട്ടനില്‍ പോകാന്‍ കാര്‍ത്തിക്ക് സുപ്രീംകോടതിയുടെ അനുമതി

2018 ഫെബ്രുവരി 16: കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ സിബിഐ അറസ്റ്റു ചെയ്തു.

2018 ഫെബ്രുവരി 28: കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തു.

2018 മാര്‍ച്ച് 01: കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച്ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്.

2018 മാര്‍ച്ച് 12: കാര്‍ത്തിയെ തിഹാര്‍ ജയിലിലാക്കി.

2018 മാര്‍ച്ച് 23: കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചു.

2018 മേയ് 30: അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.ചിദംബരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

2018 ജൂണ്‍ 01: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.ചിദംബരത്തിന് സി.ബി.ഐയുടെ നിര്‍ദ്ദേശം.

2018 ജൂലൈ 23: എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യം തേടി ചിദംബരം വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍.

2018 ജൂലൈ 23: ചിദംബരത്തിനെതിരായ രണ്ടു കേസുകളിലും അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്.

2018 ഒക്ടോബര്‍ 11: കാര്‍ത്തി ചിദംബരത്തിന്‍റെ ഇന്ത്യയിലും വിദേശത്തുമുളള 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

2019 ഫെബ്രുവരി 04: ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രനിയമ മന്ത്രാലയത്തിന്‍റെ അനുമതി.

2019 ജൂലൈ 04: കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം പ്രത്യേക സിബിഐ കോടതി അംഗീകരിച്ചു.

2019 ഓഗസ്റ്റ് 20: പി.ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി.

Advertisment