Advertisment

തലശ്ശേരിയിൽ എൻഡിഎയുടെ പിന്തുണ സ്വീകരിക്കുന്നതിൽ നിന്നു സി.ഒ.ടി.നസീറിനെ പിന്തിരിപ്പിച്ചതു പി.ജയരാജൻ; ആരോപണമുയർത്തി ബിജെപി

New Update

കണ്ണൂർ: തലശ്ശേരിയിൽ എൻഡിഎയുടെ പിന്തുണ സ്വീകരിക്കുന്നതിൽനിന്നു സിപിഎം വിമതൻ സി.ഒ.ടി.നസീറിനെ പിന്തിരിപ്പിച്ചതു സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനാണെന്ന ആരോപണമുയർത്തി ബിജെപി.

Advertisment

publive-image

നസീറിനെ മത്സരരംഗത്തുനിന്നു പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചിരുന്നതായും നസീറിനോടു നേരിട്ടു സംസാരിച്ചതായും പി.ജയരാജൻ വെളിപ്പെടുത്തി. എന്നാൽ ഇതു പത്രിക നൽകുന്നതിനു മുൻപാണെന്നും അതിനുശേഷം നസീറുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജയരാജൻ വിശദീകരിച്ചു.

നസീർ പിന്തുണ നിരസിച്ചതിൽ സിപിഎമ്മിനു പങ്കുണ്ടെന്നു ബിജെപി ആരോപിച്ചതോടെ, തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്കു കടക്കുകയാണ്.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ പത്രിക തള്ളിപ്പോയതിനുശേഷം സി.ഒ.ടി.നസീറും ബിജെപി നേതാക്കളും തമ്മിൽ നേരിട്ടു ചർച്ച നടത്തിയിരുന്നു. ഇക്കാര്യം നസീറും ബിജെപിയും സമ്മതിച്ചതാണ്. രേഖാമൂലം പിന്തുണയാവശ്യപ്പെടണമെന്ന നിർദേശം ബിജെപി മുന്നോട്ടുവച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ, എൻഡിഎയ്ക്കു തലശ്ശേരിയിൽ സ്ഥാനാർഥിയില്ലാത്ത സാഹചര്യത്തിൽ എൻഡിഎയുടെ പരിപൂർണ പിന്തുണയും സഹായവും നൽകണമെന്നഭ്യർഥിച്ചുള്ള കത്ത് നസീർ നേതൃത്വത്തിനു നൽകിയതായി ബിജെപി അവകാശപ്പെടുന്നു.

ആവശ്യമെങ്കിൽ കത്ത് പുറത്തുവിടാനും അവർ തയാറാണ്. നേരിട്ടും രേഖാമൂലവും അഭ്യർഥന നടത്തിയശേഷമാണ് 29നു വാർത്താ സമ്മേളനം വിളിച്ച്, താൻ പിന്തുണ തേടിയിട്ടുണ്ടെന്നു നസീർ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനാൽ സംഘടനയിലെ മറ്റുള്ളവർ എൻഡിഎ പിന്തുണ സ്വീകരിക്കേണ്ടെന്ന് അഭ്യർഥിക്കുകയും താൻ അനുസരിക്കുകയുമായിരുന്നുവെന്നു നസീർ ഇപ്പോൾ പറയുന്നു.

ബിജെപിയുടെ പിന്തുണയാണു വേണ്ടെന്നു പറഞ്ഞതെന്നും വോട്ട് ആരുടേതും സ്വീകരിക്കുമെന്നും നസീർ വ്യക്തമാക്കുന്നു.

P JAYARAJAN p jayarajan speaks
Advertisment