യുഎപിഎ കേസ് വിവാദം; താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് പി മോഹനന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, January 23, 2020

കോഴിക്കോട്: യുഎപിഎ കേസ് വിവാദത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്ത്. തന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. യുഎപിഎ കേസില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒറ്റ നിലപാടാണെന്നും പി. മോഹനന്‍ പറഞ്ഞു.

‘സര്‍ക്കാരിന് നിയമപരമായ രീതിയിലാണ് പോകാന്‍ കഴിയുക. ആ നിലയിലാണ് മുഖ്യമന്ത്രി അതിനെ സംബന്ധിച്ച്‌ പറഞ്ഞത്. അതിനെയാണ് മുഖ്യമന്ത്രിക്കെതിരെ പി. മോഹനന്‍ എന്നെല്ലാമുള്ള രീതിയില്‍ വാര്‍ത്ത നല്‍കിയത്’- സിപിഎം ജില്ലാ സെക്രട്ടറി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

യുഎപിഎ കേസില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണ്. കേസ് പരിശോധന സമിതിയുടെ മുന്നില്‍ എത്തുമ്പോള്‍ യുഎപിഎ ഒഴിവാക്കപ്പെടണമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയത്. അലനും താഹയ്ക്കുമെതിരെ ചുമത്തിയ കേസില്‍ ഇതേ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

കേരളത്തില്‍ യുഎപിഎ അനുസരിച്ച്‌ 132 കേസുകള്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായി എടുത്തത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. ചെന്നിത്തലയുടെ ഇപ്പോഴത്തെ ഇടപെടല്‍ നാടകം തികഞ്ഞ രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്നായിരുന്നു താന്‍ പറഞ്ഞത്. എന്നാല്‍ അതെല്ലാം ഒഴിവാക്കി വാക്കുകളെ വളച്ചൊടിച്ച്‌ വിവാദം സൃഷ്ടിക്കാനുള്ള ചില മാധ്യമങ്ങളുടെ താല്‍പര്യം എല്ലാവര്‍ക്കും മനസിലാകുമെന്നും പി. മോഹനന്‍ പറഞ്ഞു.

×