Advertisment

എ.കെ.ആന്റണിയെ വിമര്‍ശിക്കുന്നതിന് പകരം പിണറായി വിജയന്‍ എന്തിന് വീണ്ടും വീണ്ടും തന്നെ തോല്‍പ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തണം - ദേശാഭിമാനി ചീഫ് എഡിറ്റര്‍ക്ക് ജയ്ഹിന്ദ് ചാനല്‍ മേധാവി ബി എസ് ഷിജുവിന്‍റെ മറുപടി ഇങ്ങനെ ...

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ എ.കെ.ആന്റണിയെ വിമര്‍ശിച്ച ദേശാഭിമാനി ചീഫ് എഡിറ്റര്‍ കൂടിയായ പി രാജീവ് എക്സ് എം പിക്ക് മറുപടിയുമായി ജയഹിന്ദ് ചാനല്‍ മേധാവി ബി എസ് ഷിജു രംഗത്ത്.

Advertisment

സമാധാനത്തിന്റെ വെള്ളരി പ്രാവായ സംഘടനയുടെ നേതാവായ പി.രാജീവ് എ.കെ.ആന്റണിയെ അക്രമത്തിന്റെ വക്താവാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്നായിരുന്നു ഷിജുവിന്‍റെ പ്രതികരണം.

publive-image

ബി എസ് ഷിജുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ

യുണിവേഴ്‌സിറ്റി കോളേജ് സംഭവുമായി ബന്ധപ്പെട്ട് എ.കെ.ആന്റണിയുടെ പ്രതികരണത്തോട് എന്താണ് പി. രാജീവിന് ഇത്ര അസഹിഷ്ണുത. ആന്റണി പറഞ്ഞതിലെന്താണ് അവാസ്തവം.

സമാധാനത്തിന്റെ വെള്ളരി പ്രാവായ സംഘടനയുടെ നേതാവായ പി.രാജീവ് എ.കെ.ആന്റണിയെ അക്രമത്തിന്റെ വക്താവാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. എ.കെ.ആന്റണി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏതാണ് അടിസ്ഥാന രഹിതമായ ആരോപണമെന്ന് വ്യക്തമാക്കാന്‍ രാജീവ് തയ്യറാകണം.

രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ എ.കെ.ആന്റണി വാര്‍ത്താസമ്മേളം നടത്തിയോ എന്നതാണ് രാജീവിന്റെ ചോദ്യം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്‌സ് ലിമിറ്റഡിനെ(എച്ച്.എ.എല്‍) അവഗണിച്ച് യുദ്ധ വിമാന നിര്‍മ്മാണ രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത അനില്‍ അമ്പാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് റാഫേല്‍ കരാര്‍ നല്‍കിയപ്പോള്‍ അതിനെ മുന്‍നിരയില്‍ നിന്ന് ചോദ്യം ചെയ്ത നേതാക്കളിലൊരാള്‍ എ.കെ.ആന്റണിയായിരുന്നില്ലേ ?

publive-image

മോദി സര്‍ക്കാരിനെയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുന്ന നിരവധി പത്ര സമ്മേളനങ്ങള്‍ അദ്ദേഹം നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലുടനീളം സഞ്ചരിച്ച് എ.കെ.ആന്റണി നടത്തിയ പ്രസംഗങ്ങള്‍ മോദി സര്‍ക്കാരിന്റെ കൊള്ളരുതായിമകള്‍ തുറന്നുകാട്ടികൊണ്ടുള്ളവയായിരുന്നു.

സി.പി.എമ്മിന്റെ ഏത് നേതാവാണ് ഇത്തരത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്? കൊള്ളരുതായിമകള്‍ തുറന്ന് കാട്ടിയത്? രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേല്‍ ഇടപാടിനെ കുറിച്ച് താങ്കളുടെ പാര്‍ട്ടിയായ സി.പി.എം എന്ത് പ്രതിഷേധം സംഘടിപ്പിച്ചു.

സി.പി.എം അധികാരത്തിലുള്ള എക സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയോ?. ഇനി മോദി ഭക്തിയാണെങ്കില്‍ വേണ്ട-റിലയന്‍സിനെതിരെയെങ്കിലും ശബ്ദിച്ചോ?.

എച്ച്.എ.എല്ലിലെ ആയരിക്കണക്കിന് വരുന്ന ജീവനക്കാര്‍ സി.പി.എമ്മിന്റെ തൊഴിലാളി സംഘടനായ സി.ഐ.ടി.യുവിന് തൊഴിലാളി വര്‍ഗ്ഗമല്ലേ?. പുതിയ തൊഴിലവസരം നഷ്ടപ്പെട്ട അനേകായിരം ചെറുപ്പക്കാര്‍ ഡി.വൈ.എഫ്.ഐക്ക് യുവാക്കളല്ലേ?.

പാര്‍ലമെന്റില്‍ മോദിക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് എന്തെങ്കിലും പ്രതികരിക്കാന്‍ ധൈര്യം കാണിച്ചിരുന്ന ഏക സി.പി.എം നേതാവ് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയിരുന്നു.

അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാതിരിക്കാന്‍ എല്ലാ കരുക്കളും നീക്കിയത് താങ്കള്‍ ഉള്‍പ്പെടുന്ന കേരള ഘടകമല്ലേ. യെച്ചൂരി സഭയിലെത്തുന്നത് തടയുകയെന്നത് മോദിയുടെയും ബി.ജെ.പിയുടേയും അജണ്ടയായിരുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും.

താങ്കളുടെ നേതാവ് പ്രകാശ് കാരാട്ടല്ലേ ആര്‍.എസ്.എസ് വര്‍ഗ്ഗീയ സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്;മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന് പ്രസ്താവന നടത്തിയത്. ബംഗാളില്‍ ബി.ജെ.പിക്ക് വളരാന്‍ അവസരമൊരുക്കിയത് താങ്കളുടെ പാര്‍ട്ടിയായ സി.പി.എം അല്ലേ.

ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയ നീക്ക് പോക്ക് പരസ്യമായ രഹസ്യമല്ലേ. എങ്ങനെയും കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനും ബി.ജെ.പിക്കും ശബരിമല വിഷയം താലത്തില്‍ വച്ച് സമ്മാനിച്ചത് സംസ്ഥാനം ഭരിക്കുന്ന താങ്കളുടെ നേതാവ് പിണറായി വിജയനല്ലേ?.

publive-image

പിന്നെ എ.കെ.ആന്റണി പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടുന്നില്ല എന്നതാണ് പി.രാജീവിന്റെ മറ്റൊരു ആരോപണം. ഇക്കഴിഞ്ഞ ദിവസവും ഓര്‍ഡിനന്‍സ് ഫാക്ടറികളും പ്രതിരോധ വ്യവസായ സംരംഭങ്ങളും സ്വകര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യസഭയില്‍ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഇതേ കുറിച്ച് ഇപ്പോഴും രാജ്യസഭാ അംഗമായി തുടരുന്ന കെ.കെ.രാഗേഷിനോട് ചോദിച്ചാല്‍ പി.രാജീവിന് വ്യക്തത കിട്ടും.

താങ്കളുടെ പാര്‍ട്ടിയും താങ്കളുടെ നേതാക്കളും മാത്രമാണ് ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ പോന്നവരെന്നതു കൊണ്ടാണല്ലോ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് 20-ല്‍ 19-സീറ്റും നേടിയത്.

ബംഗാളിലും ത്രിപുരയിലും സി.പി.എം സംപൂജ്യരായത്. താങ്കളുടെ പാര്‍ട്ടിയുടെ കേരളത്തില്‍ നിന്നും വിജയിച്ച ഏക കനല്‍ത്തരി പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തിലെ അത്യുജ്ഞല പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രോളായി കറങ്ങി നടക്കുന്നുണ്ട്.

എ.കെ.ആന്റണിയെ വിമര്‍ശിച്ച് സമയം പാഴാക്കുന്നതിന് പകരം എന്തുകൊണ്ട് പിണറായി വിജയന്‍ താങ്കള്‍ക്ക് വീണ്ടും രാജ്യസഭയിലേക്ക് അവസരം നിഷേധിച്ചു?, എന്തുകൊണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള എറണാകുളത്ത് നിര്‍ത്തി തോല്‍പ്പിച്ചു?- തുടങ്ങിയ കാര്യങ്ങളില്‍ സമയമെടുത്തുള്ള ഒരു ഗവേഷണം നടത്തിയാല്‍ നന്നായിരിക്കും; ഭാവി രാഷ്ട്രീയത്തിന് അത് ഉപകാരപ്പെടും.

kpcc
Advertisment