Advertisment

മൂവാറ്റുപുഴ ടൗ‍ൺ‍‍ യു. പി. സ്ക്കൂളിൽ അധ്യാപകനായിരുന്ന പി. എസ്. കരുണാകരൻ‍ നായർ‍ അന്തരിച്ചു

author-image
വൈ.അന്‍സാരി
Updated On
New Update

മൂവാറ്റുപുഴ: മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം നേടിയ പി. എസ്. കരുണാകരൻ‍ നായർ അന്തരിച്ചു. 103 വയസ്സായിരുന്നു. മൂവാറ്റുപുഴ ടൗൺ‍ യു. പി. സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായി തലമുറകൾ‍ക്ക് അക്ഷരവെളിച്ചം പകർ‍ന്നു നൽ‍കിയ കുട്ടികളുടെ വല്ല്യസാറാണ് വിട വാങ്ങിയത്.

Advertisment

publive-image

മുനിസിപ്പൽ‍ കൗൺ‍സിലർ‍, പ്രഥമ സ്റ്റേറ്റ് ലൈബ്രറി കൗൺ‍സിൽ‍ അംഗം, അദ്ധ്യാപക സംഘടനാ ഭാരവാഹി, കേരളാ സ്റ്റേറ്റ് സർ‍വീസ് പെൻ‍ഷനേഴ്സ് യൂണിയൻ ടൗൺ‍ കമ്മിറ്റി പ്രസിഡന്റ്, മേള ഫൈൻ‍ ആർ‍ട്ട്സ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ‍ പ്രവർ‍ത്തിച്ചിട്ടുണ്ട്.

ഇ. ഇ. സി. മാർ‍ക്കറ്റിനും ബൈപ്പാസ് റോഡിനും വേണ്ട സ്ഥലം സറണ്ടർ‍ ചെയ്ത് വാങ്ങുന്നതിന് കൗൺ‍സിലറായിരിക്കെ അദ്ദേഹം നടത്തിയ ശ്രമങ്ങൾ നിസ്തുലമാണ്. തൃപ്പൂണിത്തുറയിൽ മകളോടൊപ്പമായിരുന്നു താമസം. ഭാര്യ-പരേതയായ കമലമ്മ. മക്കൾ‍-ഗോകുലപാലൻ‍, ശോഭ, ജയകുമാർ, അനിത, ബിന്ദു. സംസ്ക്കാരം നടത്തി.

കെ. ശങ്കരപ്പിള്ളയുടേയും പേന്തിട്ട ദേവകിയമ്മയുടേയും പുത്രനായി 1919 ജൂണ്‍ 13നാണ് കരുണാകരന്‍ നായര്‍ ജനിച്ചത്. ടൗണ്‍ പ്രൈമറി സ്ക്കൂളില്‍ പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം സത്രക്കുന്നിലെ മലയാളം ഹൈസ്ക്കൂളില്‍ പഠനം പൂര്‍ത്തിയാക്കി. ആ സന്ദര്‍ഭത്തിലാണ് എം. പി. മന്മഥന്‍ പ്രധാനാദ്ധ്യാപകനായി എന്‍. എസ്. എസ്സിന്റെ വക ഒരു മലയാളം ഹൈസ്ക്കൂള്‍ ഇവിടെ ആരംഭിക്കുന്നത്. സ്ക്കൂളിനായി കെട്ടിടം പണിയുന്നതിന് ശ്രമദാനമായി ഒരുമിച്ച വിദ്യാര്‍ത്ഥിക്കൂട്ടായ്മയിലുണ്ടായിരുന്ന കരുണാകരന്‍ നായര്‍ അവിടുത്തെ പ്രഥമ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി.

കര്‍മ്മനിരതമല്ലാതെ ഒരു നിമിഷം പോലും ചിലവാക്കാന്‍ ആഗ്രഹിക്കാത്ത കരുണാകരന്‍ നായര്‍, വാഴപ്പിള്ളിയിലെ എന്‍. എസ്. എസ്. വക പ്രൈമറി സ്ക്കൂളില്‍ ശമ്പളമില്ലാത്ത അദ്ധ്യാപകനായി ചേര്‍ന്നു. പിന്നീട് അവിടെ നിന്നും അവധിയെടുത്ത് മൂവാറ്റുപുഴ റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോയിലും മൂവാറ്റുപുഴയിലെ ആദ്യകാല പ്രസ്സുകളിലൊന്നായ ശാന്താ പ്രസ്സിലും അവരുടെ തന്നെ ശാന്താ ബുക്ക് ഡിപ്പോയിലും ജോലി ചെയ്തു. സര്‍. സി. പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാല്‍ക്കരണ പരിപാടിയുടെ ഭാഗമായി എന്‍. എസ്. എസ്. സര്‍ക്കാരിലേയ്ക്ക് വിട്ടു നല്‍കിയ സ്ക്കൂളുകളില്‍ വാഴപ്പിള്ളിയിലെ സ്ക്കൂളും ഉള്‍പ്പെട്ടതോടെ കരുണാകരന്‍ നായര്‍ വീണ്ടും അദ്ധ്യാപകനായി.

പ്രധാനാദ്ധ്യാപകനായി ജോലിക്കയറ്റത്തിന് ടി. ടി. സി. വേണമെന്ന് വന്നപ്പോള്‍ 41ആം വയസ്സില്‍ അദ്ദേഹം വാഴക്കുളം സെന്റ്. ജോര്‍ജ്ജ് ട്രെയിനിംഗ് സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ചു കോഴ്സ് പാസ്സായി. അതോടെ വാഴപ്പിള്ളി സ്ക്കൂളില്‍ നിന്നും ടൗണ്‍ എല്‍. പി. സ്ക്കൂളിലേയ്ക്ക് പ്രധാനാദ്ധ്യാപകനായി കരുണാകരന്‍ നായര്‍ സാര്‍ എത്തി.

നഗരഹൃദയത്തിലെ സ്ക്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിച്ച് ഗേറ്റ് സ്ഥാപിച്ചും ഉള്ള ക്ലാസ്സ് മുറികള്‍ക്ക് അടച്ചുറപ്പുണ്ടാക്കിയും തികയാത്ത ക്ലാസ്സ് മുറികള്‍ക്കായി താത്ക്കാലിക ഷെഡ്ഡുകള്‍ തയ്യാറാക്കിയും കുടിവെള്ളത്തിന് കിണര്‍ കുഴിച്ചും സുഗമമായ ജലവിതരണത്തിന് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചും സ്ക്കൂള്‍ മുറ്റത്ത് പൂന്തോട്ടം നിര്‍മ്മിച്ചും കരുണാകരന്‍ നായര്‍ സാര്‍ ടൗണ്‍ സ്ക്കൂളിന് പുതിയ മുഖം നല്‍കി. രക്ഷകര്‍ത്താക്കളെ സഹകരിപ്പിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി.

എല്‍. പി. സ്ക്കൂള്‍ യു. പി. സ്ക്കൂളായി ഉയര്‍ത്തുവാനും സാര്‍ തന്നെയാണ് മുന്‍കൈയ്യെടുത്തത്. സ്ക്കൂളിനായി 35 സെന്റ് സ്ഥലം കൂടി വാങ്ങി പുതിയ കെട്ടിടം നിര്‍മ്മിച്ചത് സാറിന്റെ കാലത്താണ്. ബിരുദമില്ലാതെ യു. പി. സ്ക്കൂളിന്റെ പ്രധാനാദ്ധ്യപകനായി തുടരാന്‍ സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കിയാണ് കരുണാകരന്‍ നായരെ ടൗണ്‍ സ്ക്കൂളില്‍ നിയമിച്ചത്. അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതിരുന്നു സാറിന്. സ്ക്കൂളിലേയ്ക്ക് വരുമ്പോഴും പോകുമ്പോഴും കുട്ടികള്‍ വരി നടക്കുന്ന രീതി നടപ്പാക്കിയ സാറിന്റെ നടപടിയെ പുകഴ്ത്തി പത്രങ്ങള്‍ മുഖപ്രസംഗങ്ങളെഴുതി.

1964ല്‍ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യയുടെ പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണനില്‍ നിന്നാണ് അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന് മൂവാറ്റുപുഴയില്‍ നല്‍കിയ പൗരസ്വീകരണം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, പ്രൊഫ. എം. പി. മന്മഥന്‍, പ്രൊഫ. ഉലഹന്നാന്‍ മാപ്പിള, ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ. എ. എസ്., മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വി. സെയ്തുമുഹമ്മദ്, എന്‍. എം. കുര്യാക്കോസ്, ഡോ. കെ. എം. തരകന്‍, വി. ജെ. എബ്രഹാം, ടി. എ. മുഹമ്മദ്, വി. പി. രാഘവന്‍ നായര്‍, കെ. എന്‍. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായിരുന്നു. മൂവാറ്റുപുഴ തര്‍ബിയത്ത് സ്ക്കൂളിന്റെ സ്ഥാപനകാലത്ത് വഴികാട്ടിയായി നിന്നതും കരുണാകരന്‍ നായര്‍ സാര്‍ തന്നെ.

2014ല്‍ ടൗണ്‍ സ്ക്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കേരളാ ഗവര്‍ണ്ണര്‍ പി. സദാശിവം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ജീവിതാവസാനം വരെ കര്‍മ്മനിരതനായിരുന്ന കരുണാകരന്‍ നായര്‍ സാര്‍ കെ. എം. ദീലീപിനൊപ്പം ചേര്‍ന്ന് അജു ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച മൂവാറ്റുപുഴയുടെ ചരിത്രം എന്ന പുസ്തകവുമെഴുതി.

Advertisment