Advertisment

മഠത്തില്‍ പാച്ചുനായര്‍ : കടപ്പാട്ടൂര്‍ മഹാദേവനെ അത്തിമരപ്പോടില്‍നിന്ന് പുറംലോകത്തെത്തിച്ച ഭക്തന്‍;1960 ജൂലായ്‌ 14- ന് സംഭവച്ചതിങ്ങനെ

New Update

പാലാ: അഞ്ചര പതിറ്റാണ്ടു മുന്‍പ് 1960 ജൂലായ് 14നായിരുന്നു കടപ്പാട്ടൂരപ്പന്റെ വിഗ്രഹം ലഭിച്ചത്. മഠത്തില്‍ പാച്ചുനായര്‍ക്കായിരുന്നു ആ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. ആ വിഗ്ഹരം സംരക്ഷിച്ചതിലൂടെയാണ് പിന്നീട് പാലായിലെ കടപ്പാട്ടൂരില്‍ മഹാദേവ ക്ഷേത്രം ഉയര്‍ന്നു വന്നത്.

Advertisment

കടപ്പാട്ടൂര്‍ മഹാദേവനെ അത്തിമരപ്പോടില്‍നിന്ന് പുറംലോകത്തെത്തിച്ച പാച്ചുനായരെ ഭക്തർ ബഹുമാനിച്ചിരുന്നു. കരിമ്പാട്ട് തൊഴിലാളിയായിരുന്ന ഇദ്ദേഹം കരിമ്പാട്ടുന്നതിന്റെ ആവശ്യത്തിനായി മഠത്തിലെ സര്‍പ്പക്കാവില്‍ നിന്ന അത്തിമരം മുറിച്ചു. മരം വെട്ടുമ്പോള്‍ ശക്തമായ കാറ്റും മഴയുമുണ്ടായി.

publive-image

മുറിച്ചു കൊണ്ടിരുന്ന മരം കാറ്റിന്റെ ശക്തിയാല്‍ വടം പൊട്ടി കറങ്ങിവീണു. അടിവശം പൊള്ളയായിരുന്ന മരത്തിന്റെ കുറ്റിയുടെ സ്ഥാനത്ത് ഒരു വലിയ ചിതല്‍പുറ്റ് കണ്ടു. മണ്ണ് നീക്കിയപ്പോഴാണ് അത്തിമരത്തിനുള്ളിലാണ്ടു കിടന്ന കടപ്പാട്ടൂരപ്പന്റെ വിഗ്രഹം കണ്ടത്. പാച്ചുനായര്‍ മീനച്ചിലാറ്റില്‍നിന്ന് വെള്ളം കൊണ്ടുവന്ന് വിഗ്രഹം ശുദ്ധിവരുത്തി മുന്നില്‍ കുത്തു വിളക്കില്‍ ഒരു തിരിയിട്ട് കൊളുത്തി. പിറ്റേദിവസം നിലവിളക്ക് കൊളുത്തിവയ്ക്കുകയും മൊന്ത കാണിക്കക്കുടമായി വയ്ക്കുകയും ചെയ്തു.

ഓലമടല്‍ കുത്തിച്ചാരി വിഗ്രഹത്തെ സംരക്ഷിച്ചു. കടപ്പാട്ടൂരില്‍ വിഗ്രഹം കണ്ടെത്തിയതറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് ഭക്തജനങ്ങളെത്തി. കാലക്രമേണ ഇവിടെ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. ശബരിമലയുടെ പ്രധാന ഇടത്താവളമായി ക്ഷേത്രം മാറുകയും ചെയ്തു. എല്ലാ വിഗ്രഹദര്‍ശനനാളിലും ക്ഷേത്രഭരണസമിതി ദക്ഷിണ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

ഭഗവാന്റെ ഭക്തനായി കടപ്പാട്ടൂരപ്പന്റെ മണ്ണില്‍തന്നെ കഴിയുന്നത് പുണ്യമായി പാച്ചുനായര്‍ കരുതിയിരുന്നു. 2017-ല്‍ പാച്ചുനായരുടെ ശതാഭിഷേകം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.

മഠത്തില്‍ പാച്ചുനായര്‍ യാത്ര യാകുന്നത് കടപ്പാട്ടൂരപ്പന്റെ ഭക്തസഹസ്രങ്ങള്‍ക്ക് വിശ്വാസത്തിന്റെ വാതില്‍ തുറന്നുകൊടുത്താണ്. ഭഗവത് സാമീപ്യത്തിന്റെ കൃപാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങിയ സ്മരണയിലായിരുന്നു എന്നും പാച്ചുനായര്‍.

Advertisment