Advertisment

ജമ്മു കശ്മീരിനെക്കൂടി പരിധിയിൽ വരുത്തുന്ന തരത്തിൽ മൊബൈൽ ഫോൺ കവറേജ് വർധിപ്പിക്കാൻ പാക്കിസ്ഥാൻ; നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് നിരവധി പുതിയ ടവറുകള്‍ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചും കശ്മീരില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ പദ്ധതി

New Update

publive-image

Advertisment

ശ്രീനഗര്‍: ജമ്മു കശ്മീരിനെക്കൂടി പരിധിയിൽ വരുത്തുന്ന തരത്തിൽ മൊബൈൽ ഫോൺ കവറേജ് വർധിപ്പിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അട്ടിമറിക്കാനാണ് പാക് നീക്കം.

നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് നിരവധി പുതിയ ടവറുകള്‍ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചും കശ്മീരില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് പാക് ഭരണകൂടം തയ്യാറാക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

താഴ്‌വരയിലേക്കു നുഴഞ്ഞുകയറുന്ന പാക്ക് പരിശീലനം നേടിയ ഭീകരരെ സഹായിക്കാനും ഭാവിയിൽ ഇന്ത്യ ഏർപ്പെടുത്തിയേക്കാവുന്ന ആശയവിനിമയ വിലക്കുകൾ മുൻകൂട്ടി കണ്ടുമുള്ള നീക്കമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നാണു റിപ്പോർട്ട്. നിലവിൽ ജമ്മു കശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഉപയോഗം മാത്രമേ അനുവദിച്ചിട്ടുള്ളൂ.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്‌വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ദീര്‍ഘകാലം നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പാക് വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

പാക്ക് പദ്ധതി നടപ്പാവുകയാണെങ്കിൽ ഇന്ത്യൻ ടെലിഫോൺ കമ്പനികൾക്ക് പകരമായി കശ്മീരികൾക്ക് പാക്ക് കമ്പനികളുടെ സേവനങ്ങളും ഉപയോഗിക്കാനാകും. നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിര്‍ത്തിക്കും സമീപമുള്ള 38 സ്ഥലങ്ങൾ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി പാകിസ്താന്റെ സ്‌പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.

Advertisment