Advertisment

പാക് വ്യോമപാത ഇതുവരെ തുറന്നില്ല, ഇന്ത്യന്‍ വ്യോമപാതയില്‍ വന്‍തിരക്ക്....ഷെഡ്യൂള്‍ ചെയ്തതും ചെയ്യാത്തതുമായി വിമാനങ്ങളുടെ ആധിക്യം മൂലം ഇന്ത്യന്‍ വ്യോമപാതയില്‍ അപകടസമാനമായ സാഹചര്യം....രണ്ട് അന്താരാഷ്ട്ര വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഇന്ത്യയുമായി സംഘര്‍ഷമുണ്ടായ സമയത്ത് അടച്ച വ്യോമപാത പാകിസ്താന്‍ ഇതുവരെ തുറക്കാത്തതിനാല്‍ ഇന്ത്യന്‍ വ്യോമപാതയില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്. ഷെഡ്യൂള്‍ ചെയ്തതും ചെയ്യാത്തതുമായി വിമാനങ്ങളുടെ ആധിക്യം മൂലം ഇന്ത്യന്‍ വ്യോമപാതയില്‍ പലപ്പോഴും അപകടസമാനമായ സാഹചര്യമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment

publive-image

തിരക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുംബൈ വ്യോമ പാതയില്‍ രണ്ട് അന്താരാഷ്ട്ര വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിയറ്റ്നാമില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ഫ്രാന്‍സ് വിമാനവും അബുദാബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ എത്തിഹാദ് വിമാനവുമാണ് കൂട്ടിയിടിക്കാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40 നാണ് സംഭവം.

മുംബൈ വ്യോപാതയില്‍ 31,000 അടി ഉയരത്തിലായിരുന്ന എത്തിഹാദ് വിമാനത്തോട് 33,000 അടിയിലേക്ക് കയറാന്‍ എ.ടി.സി ആവശ്യപ്പെട്ടു. ഇപ്രകാരം വിമാനം ഉയരുന്ന സമയത്ത് 32,000 അടി ഉയരത്തിലുണ്ടായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മാത്രമായിരുന്നു എത്തിഹാദ് വിമാനം.

നേര്‍ക്കു നേരായിരുന്നു ഇരു വിമാനങ്ങളും. ഉടന്‍ തന്നെ വിമാനങ്ങളിലെ കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം (ടി.സി.എ.എസ്) പ്രവര്‍ത്തന ക്ഷമമാകുകയും പൈലറ്റുമാര്‍ വിമാനങ്ങള്‍ മാറ്റുകയും ചെയ്തതിനാല്‍ അപകടം ഒഴിവായെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും സീനിയര്‍ എ.ടി.സി ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Advertisment