Advertisment

പാലാ ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കാളിത്തമില്ലെന്ന് സമുദായ സംഘടനകള്‍; നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന് തിരശീല വീഴുന്നു ! മാര്‍ച്ച് നടത്തിയത് വര്‍ഗീയ മുതലെടുപ്പിടുപ്പിന് നീക്കം നടത്തിയ തീവ്ര സംഘടനകളോ ? മുസ്ലീം ഐക്യസമിതിയെന്ന വാദം തള്ളി സമുദായ സംഘടനകള്‍ നിലപാടെടുത്തതോടെ സമരം നടത്തിയവര്‍ നിരീക്ഷണത്തില്‍. വിവാദത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട ബിജെപി നീക്കവും പൊളിഞ്ഞു. ദേശീയ-സംസ്ഥാന നേതാക്കളുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം വെറുതെയായി. പാലായിലെ അന്തരീക്ഷം വീണ്ടും സമാധാനത്തിലേക്ക്

New Update

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പേരില്‍ പാലാ ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കില്ലെന്ന് സമുദായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞതോടെ മാര്‍ച്ച് നടത്തിയവര്‍ സംശയ നിഴലിലില്‍. മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പാലായില്‍ കഴിഞ്ഞയാഴ്ച മാര്‍ച്ച് നടത്തിയത്. ആ പ്രതിഷേധ മാര്‍ച്ചിനെയാണ് ഇന്നു പാലാ ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ സമുദായ സംഘടനകളുടെ നേതാക്കള്‍ തള്ളിപ്പറഞ്ഞത്.

Advertisment

publive-image

ഇതോടെ ബിഷപ്പിന്റെ പ്രസ്താവന വര്‍ഗീയ മുതലെടുപ്പിനായി ഉപയോഗിച്ച ചില തീവ്രസംഘടനകള്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. മത-സാമുദായിക അന്തരീക്ഷം തകര്‍ക്കുന്ന ഒരു നടപടിയേയും പ്രോത്സാഹിപ്പിക്കില്ലെന്ന് എല്ലാ സമുദായ നേതാക്കളും തീരുമാനിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ ഇത്രയധികം പേരെ പാലായില്‍ സംഘടിപ്പിച്ച് ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയതാരെന്ന ചോദ്യം പ്രസക്തമാകുന്നത്. ചില തീവ്രസംഘടനകളുടെ പ്രതിനിധികളുടെ നേതൃത്വത്തിലാണ് ഇതിനായി ആളെ കൂട്ടിയതെന്നാണ് സൂചന. ഇവരെ മുസ്ലീം സമുദായ നേതാക്കള്‍ തന്നെ തള്ളി പറയുകയും ചെയ്തു.

ബിഷപ്പിന്റെ പ്രസ്താവനയെ വിവിധ രീതിയിലുള്ള മുതലെടുപ്പിനായി ഉപയോഗിച്ചവരുടെ ലക്ഷ്യങ്ങളും ഇതോടെ പുറത്തുവരികയാണ്. സമുദായത്തിനിടയില്‍ വൈകാരിക ചലനമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കവും ഇതോടെ പൊളിയുകയാണ്. ബിഷപ്പിന്റെ പ്രസ്താവന സൃഷ്ടിച്ച വിവാദങ്ങളും ഇതോടെ അവസാനിക്കും. ഒരു സമുദായത്തെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പാലാ രൂപത ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌.

അതിനിടെ വിഷയം രാഷ്ട്രീയമായി ആളിക്കത്തിക്കാനുള്ള ബിജെപി നീക്കവും പൊളിഞ്ഞു. ഈ വിഷയം സജീവമാക്കി നിലനിര്‍ത്തിയാല്‍ ഇതിന്റെ രാഷ്ട്രീയ നേട്ടം അനുകൂലമാക്കാമെന്നായിരുന്നു ബിജെപി ചിന്തിച്ചത്. ദേശീയ-സംസ്ഥാന നേതാക്കളുടെ പ്രതികരണവും ഈ മട്ടിലായിരുന്നു.

ഇതിനു തിരിച്ചടിയയാകുകയാണ് ഇന്നത്തെ സമാധാന യോഗം. എന്തായാലും വിവാദം ഏതാണ്ട് അവസാനിച്ച മട്ടാണ്.

narcotic jihad
Advertisment