Advertisment

കാറ്റിന്‍റെ ഹുങ്കാരവും കാട്ടുമൃഗങ്ങളുടെ മുരള്‍ച്ചയും കാതില്‍ മുഴങ്ങുന്നു. ആ നാളുകള്‍ ജന്മത്ത് മറക്കാനാവില്. പ്രളയത്തില്‍ 10 നാള്‍ ശബരിമലയില്‍ കുടുങ്ങിപ്പോയ ദേവസ്വം ഉദ്യോഗസ്ഥന്‍റെ അനുഭവം !!

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : "ആ നാളുകള്‍ ഈ ജന്മത്ത് മറക്കാനാവില്ല", അയ്യപ്പന്‍ തുണച്ചു. നാടുമൂടിയ മഹാപ്രളയത്തില്‍ നാട്ടിലെ കാര്യങ്ങളൊന്നുമറിയാതെ ആശങ്കയിലായെങ്കിലും അയ്യപ്പന്‍ തുണയ്ക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ആ നാളുകളില്‍ സന്നിധാനത്ത് തിരുനടയില്‍ തൊഴുത് നിന്ന കാര്യം അയവിറക്കുകയായിരുന്നു പാലാ നിലപ്പന ശങ്കരനാരായണന്‍ എന്ന ശങ്കരൻ കുട്ടി .

പ്രളയം ഭീകരതാണ്ഡവമാടിയ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് ഒറ്റപ്പെട്ടുപോയ പത്തുപേരിലൊരാളായിരുന്നു ശബരിമല ദേവസ്വം ഹെഡ് അക്കൗണ്ടന്‍റായ ഇദ്ദേഹം. നിറപുത്തരി ചടങ്ങുകള്‍ക്ക് നടതുറക്കുന്നതിന് മുന്നോടിയായി തന്ത്രി മഹേഷ് മോഹനരോടൊപ്പമാണ് ശങ്കരനാരായണന്‍ ഉള്‍പ്പെട്ട ഒമ്പതംഗ സംഘം ഓഗസ്റ്റ് 14-ന് ശബരിമലയ്ക്ക് തിരിച്ചത്.

publive-image

പമ്പയിലെത്തിയപ്പോള്‍ നിറഞ്ഞുകവിഞ്ഞ പമ്പയാര്‍. ത്രിവേണി പാലവും മൂടി ഒഴുകുന്ന കാഴ്ചയാണ് കണ്ടതെന്ന് ഇദ്ദേഹം പറയുന്നു. അതുവഴിയുള്ള യാത്ര നടക്കില്ലെന്ന് വ്യക്തമായതോടെ തിരികെ വന്ന് പുല്ലുമേടു വഴി സന്നിധാനത്തേയ്ക്ക് പോകാന്‍ തീരുമാനിച്ചു.

കനത്ത മഴ മൂലം ഒരുദിവസം പുല്ലുമേട്ടിലെ വനംവകുപ്പ് ആസ്ഥാനത്ത് അന്ന് തങ്ങി. പിറ്റേന്ന് പുലര്‍ച്ചെ സന്നിധാനത്തേയ്ക്ക് കാല്‍നടയായി യാത്ര തുടര്‍ന്നു. കാറ്റും മഴയും അതിശക്തം. ഭക്ഷണവും വെള്ളവുമൊന്നുമില്ല. ഒമ്പതുമണിയോടെ സന്നിധാനത്തെത്തി. അപ്പോഴേക്കും എല്ലാവരും അവശരായിരുന്നുവെങ്കിലും പെട്ടെന്നു തന്നെ കുളിച്ചു വസ്ത്രം മാറി ശബരീശ്വരനെ തൊഴാന്‍ തിരുനടയിലെത്തി.

മഹാപ്രളയവും പ്രതികൂല കാലാവസ്ഥയും കാരണം മറ്റു ഭക്തരൊന്നും സന്നിധാനത്തില്ല. ക്ഷേത്രം ജീവനക്കാരുടെ മാത്രം സാന്നിദ്ധ്യത്തില്‍ ശബരിമല നട തുറക്കുന്നതും അടയ്ക്കുന്നതും ഒരുപക്ഷേ ക്ഷേത്രചരിത്രത്തില്‍ തന്നെ ആദ്യസംഭവമായിരിക്കാമെന്ന് ശങ്കരനാരായണന്‍ പറയുന്നു. ആഗസ്റ്റ് 16-ന് ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്നു. പിന്നീടുള്ള ദിവസങ്ങള്‍ ഇന്നും പേടിയോടെ മാത്രമേ ഇദ്ദേഹത്തിന് ഓര്‍ക്കാനാവുന്നുള്ളു.

publive-image

കനത്ത മഴ, കറന്‍റില്ല, ഫോണില്ല, ഒരു വാര്‍ത്തയും അറിയുന്നില്ല, ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല, വെള്ളപ്പൊക്കക്കെടുതികള്‍ തങ്ങളുടെ കുടുംബങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്ന് അറിയാനും വഴിയില്ല.

ആകപ്പാടെ വലഞ്ഞുപോയ ദിവസങ്ങളില്‍ അയ്യപ്പന്‍റെ സംരക്ഷണവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു തങ്ങളെ പിടിച്ചു നിര്‍ത്തിയതെന്ന് ശങ്കരനാരായണന്‍ പറയുന്നു. രണ്ടുദിവസം കൊണ്ടു തന്നെ ഭക്ഷണവസ്തുക്കളൊക്കെ തീര്‍ന്നു. ചോറും പയറും മാത്രമായി ദിവസങ്ങള്‍ കഴിച്ചുകൂട്ടി. സന്ധ്യയ്ക്ക് സന്നിധാനത്തു മാത്രം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കും.

publive-image

ഇന്ധനം കുറവായിരുന്നതിനാല്‍ അധിക സമയം പ്രവര്‍ത്തിപ്പിക്കാനുമായിരുന്നില്ല. നിലവിളക്കിന്‍റെ മാത്രം വെളിച്ചത്തില്‍ കൊടുങ്കാടിനു നടുവില്‍ രണ്ടാഴ്ചയിലേറെ നീണ്ട ജീവിതം. പാണ്ടിത്താവളത്തിലും ഉരക്കുഴിയിലും വരെ കാട്ടുമൃഗങ്ങള്‍ എത്തുന്നത് വ്യക്തമായി അറിഞ്ഞു. കാറ്റിന്‍റെ ഹുങ്കാരവും കാട്ടുമൃഗങ്ങളുടെ പേടിപ്പെടുത്തുന്ന മുരള്‍ച്ചയും ഇന്നും കാതില്‍ മുഴങ്ങുന്നു.

publive-image

ഒരു ഭീകരകാലം പിന്നിട്ട് ഓഗസ്റ്റ് 28 നാണ് തന്ത്രി ഉള്‍പ്പെടെയുള്ള ശങ്കരനാരായണനും സംഘവും മലയിറങ്ങിയത്. മടക്കയാത്രയും പുല്ലുമേടു വഴിയായിരുന്നു. പേടിപ്പെടുത്തുന്ന ഓര്‍മ്മകളാണെങ്കിലും അയ്യപ്പന്‍ കൈവിടില്ലെന്ന ഉറച്ച വിശ്വാസവുമായി മലയിറങ്ങിയ ശങ്കരനാരായണന്‍ ഇന്നലെ വീണ്ടും കന്നിമാസ പൂജകള്‍ക്കായി നാട്ടില്‍ നിന്നും ശബരിമലയിലേക്ക് തിരിച്ചു. പ്രളയം തകര്‍ത്ത പമ്പയിലൂടെ ഇന്നലെ ഉച്ചയ്ക്ക് മല ചവിട്ടുമ്പോഴും ഇദ്ദേഹത്തിന്‍റെ ചുണ്ടില്‍ ശരണമന്ത്രം മാത്രമായിരുന്നു.

pala news sabarimala
Advertisment