Advertisment

പാലായില്‍ ബൈക്കിലെത്തി മാല പറിച്ചു മുങ്ങിയവരും മാല വില്‍ക്കാന്‍ സഹായിച്ച ആളും ഉള്‍പ്പെടെ നാലംഗ കവര്‍ച്ചാ സംഘം ചെന്നൈയില്‍ പിടിയില്‍

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : തോടനാലില്‍ ബൈക്കിലെത്തി വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാല പറിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. പാലാ പോലീസ് ചെന്നൈയില്‍ നിന്നാണ് ഇവരില്‍ രണ്ടുപേരെ പിടികൂടിയത്.

മീനച്ചില്‍ കുറ്റില്ലം കാഞ്ഞമലക്കുന്നേല്‍ പ്രതീഷ് (24), വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന പടിഞ്ഞാറേക്കുറ്റിയില്‍ ബിബിന്‍ ബാബു (23), സുഹൃത്ത് കുറുമണ്ണ് നായിക്കനാനിയില്‍ അജയ് സെബാസ്റ്റ്യന്‍ (24), സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ച രാമപുരം തൈപ്പറമ്പ് മൂലയില്‍ ബേബി (60) എന്നിവരെയാണ് പാലാ സി.ഐ. രാജന്‍ കെ. അരമനയും സംഘവും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ 11-ാം തീയതി പ്രതീഷും ബിബിന്‍ബാബുവും ബൈക്കിലെത്തി തോടനാലില്‍ ബസ്സിറങ്ങി നടന്നുപോയ കുഴിമറ്റത്തില്‍ ഓമനയുടെ (52) രണ്ടരപവന്റെ മാല തട്ടിയെടുക്കുകയായിരുന്നു. മേവടയ്ക്കുള്ള വഴി ചോദിക്കാനെന്ന മട്ടില്‍ ബൈക്ക് നിര്‍ത്തിയ ശേഷമായിരുന്നു മാല പറിക്കല്‍.

തുടര്‍ന്ന് ഇരുവരും രാമപുരത്തെത്തി മാല വില്‍ക്കാന്‍ മൂലയില്‍ ബേബിയെ ചുമതലപ്പെടുത്തി. രാമപുരത്തെ സ്വര്‍ണ്ണക്കടയില്‍ മാല വിറ്റ ബേബി 2000 രൂപ എടുത്തതിനു ശേഷം ബാക്കി തുക ഇവര്‍ക്കു നല്കി. ഇതുമായി ചെന്നൈ താമ്പരത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്ന സുഹൃത്ത് അജയ് സെബാസ്റ്റ്യന്റെ അടുക്കലേക്കാണ് ഇവര്‍ പോയത്.

ചില സൂചനകളെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ഇവരെ പിന്‍തുടര്‍ന്ന പോലീസ് ചെന്നൈയിലെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെക്കൊണ്ട് വിളിച്ചുവരുത്തിയാണ് ബേബിയെ പിടികൂടിയത്. നാലുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ അയച്ചു.

സമാനമായ മറ്റു ചില സംഭവങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോയെന്നറിയാന്‍ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ. രാജന്‍ കെ. അരമന പറഞ്ഞു. പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സുനില്‍കുമാര്‍, സിനോയി, അനില്‍കുമാര്‍, ജയചന്ദ്രന്‍, രാജേഷ്, രാജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

pala news
Advertisment