യുപിഎ സര്‍ക്കാര്‍ കേരളത്തിനനുവദിച്ച റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചു. കേരളം തമ്മില്‍തല്ലിയപ്പോള്‍ അയ്യായിരം കോടിയുടെ പദ്ധതി ഹരിയാന അടിച്ചുമാറ്റി

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, June 13, 2018

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച അയ്യായിരം കോടിയുടെ പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നു . പദ്ധതി റെയില്‍വേയ്ക്ക് ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട്‌ റെയില്‍വേ മന്ത്രാലയം സ്ഥലം എം പി എം ബി രാജേഷിനു കത്ത് നല്‍കി .

റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നും അതിനാല്‍ നിര്‍ദ്ധിഷ്ട പദ്ധതിയുടെ ആവശ്യമില്ലെന്നുമാണ് റെയില്‍വേ നിലപാട് .

2008-09 ലെ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേ കൊച്ചു ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം റെയില്‍വേ മന്ത്രാലയം റദ്ദാക്കുന്നത്. 2012- 13 വര്‍ഷത്തെ ബജറ്റില്‍, സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു.

പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏട്ടെടുത്തിരുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ.എം.എല്‍. താല്പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേരളത്തിനു കേന്ദ്രം അനുവദിച്ച ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു കഞ്ചിക്കോട് കോച്ച് ഫാക്ടറി. ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഭരണ പക്ഷവും പ്രതിപക്ഷവും ശ്രമിച്ചിരുന്നു.

പദ്ധതി അനുവദിച്ചു കൈയ്യടി വാങ്ങിയ അന്നത്തെ കേന്ദ്രമന്ത്രി എ കെ ആന്റണിയും പിന്നീട് 5 വര്‍ഷംകൂടി അധികാരത്തിലിരുന്നെങ്കിലും ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ താല്പര്യം കാണിച്ചില്ല. സ്ഥലം എംപിയുടെ ഭാഗത്തുനിന്നും പദ്ധതിയുടെ കാര്യത്തില്‍ കാര്യമായ ശ്രമം ഉണ്ടായില്ല. ഒടുവില്‍ പദ്ധതി അതേപടി കേരളത്തിനു നഷ്ടമായിരിക്കുകയാണ്.

×