Advertisment

‘ പഞ്ചവടിപ്പാലത്തിന്റെ അപകടസ്ഥിതി ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കിയ ജഹാംഗീര്‍ താത്തയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ധീരതയ്ക്കുള്ള അവാര്‍ഡ്’! കളമശ്ശേരിയില്‍ പ്രചാരണത്തിന് പഞ്ചവടിപ്പാലം സിനിമാ പോസ്റ്ററുകളും

New Update

കൊച്ചി: കളമശ്ശേരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടം നേടി 35 വര്‍ഷം മുമ്പ് റിലീസായ പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്ററുകളും. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പഞ്ചവടിപ്പാലം സിനിമാ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

Advertisment

publive-image

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യം വെച്ചാണ് പ്രചാരണമെന്ന് വ്യക്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സിനിമാ പോസ്റ്ററിനോടൊപ്പമില്ല. പുതിയ സിനിമാ പോസ്റ്ററുകള്‍ക്കൊപ്പം അസ്വാഭാവിത തോന്നാത്ത തരത്തിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

‘ പഞ്ചവടിപ്പാലത്തിന്റെ അപകടസ്ഥിതി ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കിയ ജഹാംഗീര്‍ താത്തയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ധീരതയ്ക്കുള്ള അവാര്‍ഡ്’ എന്ന സിനിമയുടെ പരസ്യവാചകം പോസ്റ്ററിലുണ്ട്. പഴയ പോസ്റ്ററിലെ ചിത്രങ്ങള്‍ പുനരാവഷ്‌കരിച്ചാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വിഇ അബ്ദുള്‍ ഗഫൂര്‍ ആണ് കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇബ്രാഹിം കുഞ്ഞിനെയും മകനെയും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യുഡിഎഫില്‍ നിന്നു തന്നെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു.

പാലാരിവട്ടം പാലവും പഞ്ചവടിപ്പാലം സിനിമയും നേരത്തെ പല സന്ദര്‍ഭങ്ങളില്‍ സാമ്യതകള്‍ കൊണ്ട് ശ്രദ്ധ നേടിയതാണ്. ശക്തമായ ആക്ഷേപഹാസ്യത്തിലൂടെ അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയത്തെ വിമര്‍ശിച്ച സിനിമയായിരുന്നു കെസി ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം. പാലാരിവട്ടം പാലം അഴിമതി സംഭവങ്ങള്‍ ഈ സിനിമയുമായി പലരും താരതമ്യപ്പെടുത്തി.

അഴിമതിയുടെ പഞ്ചവടിപ്പാലം എന്നായിരുന്നു രാഷ്ട്രീയ എതിരാളികള്‍ പാലാരിവട്ടം മേല്‍പ്പാലത്തെ വിശേഷിപ്പിച്ചത്.

palarivattom bridge
Advertisment