Advertisment

പാലത്തടിയില്‍ തീര്‍ത്ത പാവകളുമായി പങ്കജാക്ഷിയമ്മ പോയത് അങ്ങ് പാരീസില്‍ വരെ ; പടികടന്ന് പത്മശ്രീ വന്നിട്ടും ജീവിതം ദുരിതത്തില്‍ തന്നെ ; സംഭവം ഇങ്ങനെ...

New Update

കുറവിലങ്ങാട് : അന്യം നിന്നു പോകുമായിരുന്ന കലാരൂപം  നോക്കുവിദ്യ പാവകളി സംരക്ഷിക്കുകയും തലമുറകൾക്കു കൈമാറുകയും ചെയ്ത പങ്കജാക്ഷിയമ്മയെ തേടി ദേശീയ അംഗീകാരം എത്തിയപ്പോഴും മൂഴിയ്ക്കൽ വീട്ടിലെ ഇല്ലായ്മകൾ അധികമാരും ശ്രദ്ധിക്കുന്നില്ല.

Advertisment

പാലത്തടിയിൽ തീർത്ത പാവകളുമായി പങ്കജാക്ഷിയമ്മ പാരീസിൽ വരെ പോയി. പക്ഷേ മൂഴിയ്ക്കൽ വീട്ടിലേക്കു എത്തണമെങ്കിൽ നല്ലവഴിയില്ല. മോനിപ്പള്ളി ദേവി ക്ഷേത്രത്തിൽ നിന്നു മീറ്ററുകൾ അകലെയാണു മൂഴിയ്ക്കൽ വീട്.

publive-image

മോനിപ്പള്ളി–ഇലഞ്ഞി റോഡിൽ നിന്നു വീതി കുറഞ്ഞ ഉപറോഡിലേക്കു പ്രവേശിച്ചാൽ കുറെ ദൂരം വാഹനത്തിൽ പോകാം. ഉപറോഡിന്റെ നല്ലൊരു ഭാഗം പൊതുവഴി. പക്ഷേ ഇവിടെ നിന്ന് മൂഴിയ്ക്കൽ വീട്ടിലേക്കു എത്തണമെങ്കിൽ വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കണം.

മകൾ എം.എസ്.രാധാമണി, കൊച്ചുമകൻ രഞ്ജിത്ത്, കൊച്ചുമകൾ രഞ്ജിനി എന്നിവർക്കു ഒപ്പമാണ് താമസം. രാധാമണി കൂലിപ്പണിചെയ്തു കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ പ്രധാന ആശ്രയം. രഞ്ജിത്തിനും ചെറിയ ജോലിയുണ്ട്.

മുത്തശ്ശിയുടെ ശിക്ഷണത്തിൽ നിന്നു നോക്കുവിദ്യ പാവകളി പഠിച്ച രഞ്ജിനി വിവിധ സ്ഥലങ്ങളിൽ അവതരണത്തിനു പോകുന്നുണ്ട്. അതിൽ നിന്നു ലഭിക്കുന്ന വരുമാനവും ചെറുതാണ്. പടി കടന്നെത്തിയ പത്മശ്രീ പുതിയൊരു ലോകം തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

മൂഴിയ്ക്കൽ വീട്ടിലേക്കു അഭിനന്ദന പ്രവാഹമാണ്. എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു ഈ കുടുംബം. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം മൂഴിയ്ക്കൽ വീട്ടിൽ എത്തി.

Advertisment