നെഹ്‌റു സ്വാര്‍ത്ഥന്‍; ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ വിഭജനം നടക്കില്ലായിരുന്നു; വിവാദ പ്രസ്താവനയില്‍ മാപ്പ് ചോദിച്ച് ദലൈലാമ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, August 10, 2018

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നെന്ന് ടിബറ്റിയന്‍ ആത്മീയ ഗുരു ദലൈലാമ. മഹാത്മാ ഗാന്ധി ആഗ്രഹിച്ചത് പോലെ മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യയുടെ വിഭജനം നടക്കില്ലായിരുന്നു എന്നായിരുന്നു ദലൈലാമയുടെ പ്രസ്താവന.

‘തന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയതായി അറിഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു’ ദലൈലാമ എഎന്‍ഐ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

ഇന്ത്യ-പാക് വിഭജനത്തിന് കാരണം നെഹ്റുവിന്റെ സ്വാര്‍ത്ഥത ആണെന്ന് ആയിരുന്നു ഗോവന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നടന്ന സെമിനാറില്‍ ദലൈലാമ പറഞ്ഞത്. ഗാന്ധിജിയുടെ ആഗ്രഹം ജിന്നയെ പ്രധാനമന്ത്രി ആക്കാനായിരുന്നു. പക്ഷേ സ്വാര്‍ത്ഥത കാരണം നെഹ്‌റു അതിന് തടസം നിന്നു. സ്വയം പ്രധാനമന്ത്രി ആകുന്നതിന് നെഹ്‌റു ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇന്ത്യ – പാകിസ്താന്‍ വിഭജനം നടന്നത്. നെഹ്‌റുവിന് പകരം ജിന്നയെ ഗാന്ധിജിയുടെ അഗ്രഹം പോലെ പ്രധാനമന്ത്രിയാക്കുന്നതിന് അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും ഒരു രാഷ്ട്രമായി നിലനില്‍ക്കുമായിരുന്നു എന്നായിരുന്നു ദലൈലാമയുടെ പ്രസ്താവന.

×