Advertisment

ഉമ്മന്‍ചാണ്ടിയെ സജീവമാക്കണമെന്ന് ഘടകകക്ഷികള്‍ ! കെപിസിസി പ്രസിഡന്റ് ആയില്ലെങ്കില്‍ പ്രചാരണ സമിതി അധ്യക്ഷനാക്കണം. ജോസ് കെ മാണിയുടെ അഭാവവും ക്രിസ്ത്യന്‍ വോട്ടുകളിലെ ചോര്‍ച്ചയും പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രമെ കഴിയൂ എന്നും ഹൈക്കമാന്‍ഡ് പ്രതിനിധിയോട് ഘടകകക്ഷികള്‍. ഉമ്മന്‍ചാണ്ടി വന്നാല്‍ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനത്തെ ബാധിക്കുമോയെന്ന ആശങ്കയില്‍ ഐ ഗ്രൂപ്പ് ! മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന കടുംപിടുത്തത്തില്‍ ഐ ഗ്രൂപ്പ് !

New Update

publive-image

Advertisment

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കായി മുറവിളി കൂട്ടി യുഡിഎഫിലെ ഘടകകക്ഷികള്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുണ്ടാകണമെങ്കില്‍ ഉമ്മന്‍ചാണ്ടി തന്നെ നയിക്കണമെന്നാണ് ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിനെ ഏതു സ്ഥാനത്ത് മുന്‍നിര്‍ത്തി മത്സരിക്കുമെന്ന ചോദ്യം ബാക്കിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതൃ രംഗത്തുനിന്നും മാറി നിന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ ഉമ്മന്‍ചാണ്ടി ഇനിയും പിന്‍വലിഞ്ഞു നില്‍ക്കുന്നത് നല്ലതല്ല എന്ന നിലപാടാണ് ഘടകകക്ഷികള്‍ക്കെല്ലാമുള്ളത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പോയതും ക്രിസ്ത്യന്‍ വോട്ടിലുണ്ടായ ചോര്‍ച്ചയും പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തു വരണമെന്നാണ് ലീഗിന്റെ നിലപാട്. കുഞ്ഞാലിക്കുട്ടി നേരിട്ട് ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു.

പിജെ ജോസഫും സമാനമായ വികാരമാണ് പങ്കുവച്ചത്. ഉമ്മന്‍ചാണ്ടിയില്ലാതെ മധ്യകേരളത്തില്‍ യുഡിഎഫിന് നിലനില്‍പ്പില്ല എന്നു തന്നെയാണ് ജോസഫും പറയുന്നത്. എന്നാല്‍ തനിക്ക് വലിയ പിന്തുണ തരുന്ന രമേശിനെ പിണക്കാനും ജോസഫ് തയ്യാറായില്ല.

ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും വേണമെന്ന വികാരമാണ് ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്. ആര്‍എസ്പിയുടെ വികാരവും ഇതുതന്നെയാണ്. എന്നാല്‍ കെപിസിസി പുനസംഘടന തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

പുതിയ കെപിസിസി പ്രസിഡന്റ് വന്നാല്‍ അതു ചിലപ്പോള്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. പുതിയ പ്രസിഡന്റിനെപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാന്‍ ഈ സമയം മതിയാകില്ലെന്നാണ് മിക്ക നേതാക്കളും പറയുന്നത്. അതു സംഘടന തലത്തില്‍ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നുണ്ട്.

അതുകൊണ്ടുതന്നെ യുഡിഎഫ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അങ്ങനെ വന്നാല്‍ ഉമ്മന്‍ചാണ്ടി സജീവമാകുകയും അതു യുഡിഎഫിന് ഊര്‍ജ്ജം പകരുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ രമേശിന്റെ മുഖ്യമന്ത്രി സാധ്യതകളെ ഇതു ബാധിക്കുമോ എന്ന ആശങ്ക ഐ ഗ്രൂപ്പിനുണ്ട്.

രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹങ്ങള്‍ക്ക് തടയിടുന്ന നീക്കം അംഗീകരിക്കില്ലെന്നു തന്നെയാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഐ ഗ്രൂപ്പ് കടുംപിടുത്തം തുടര്‍ന്നാല്‍ അതു തിരിച്ചടിയുണ്ടാക്കിയേക്കും.

ramesh chennithala oommen chandy
Advertisment