നമ്മുടെ കുട്ടികള്‍ക്ക് മൂന്ന് നേരവും ഉരുട്ടി കൊടുക്കുന്നത് വിഷം; കേസ് കൊടുക്കണമെന്ന് പാര്‍വതി

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, July 24, 2018

കൊച്ചി: നമ്മുടെ ഭക്ഷണത്തില്‍ കലര്‍ത്തുന്ന വിഷത്തിനെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ മടിക്കുന്നെന്ന ആരോപണവുമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യവും, കീടനാശിനികളടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍, ഇതിനെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചുവെന്ന് പാര്‍വതി പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

‘ഇങ്ങനെ പോയാല്‍ ഈ നാട്ടില്‍ എന്തു കഴിച്ചു ജീവിക്കും? ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് ചാകാമെന്ന് തീരുമാനിച്ചാല്‍ അത് ഈ കേരളത്തില്‍ നടക്കും. ഈ കേരളത്തില്‍ ജീവിക്കുക പ്രയാസമാണ്. കുട്ടികള്‍ക്ക് എന്തുകൊടുക്കും? പച്ചക്കറിയോ പഴമോ തുടങ്ങി പോഷകാഹരമായ ഒന്നും കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയില്ല. എല്ലാത്തിലും വിഷം. ഇതൊന്നും പരിശോധിക്കാതെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വെറുതേ ഇരിക്കുകയാണെന്നും പാര്‍വതി വിഡിയോയില്‍ ആരോപിക്കുന്നു. ഇവരുടെ സപ്പോര്‍ട്ട് ഇല്ലാതെ ഇത്രയും വിഷം ഇതിലൊന്നും കലരില്ല.

നമ്മുടെ മക്കള്‍ക്ക് നല്ല ഭക്ഷണം കൊടുക്കണമെങ്കില്‍ ചക്കയോ മാങ്ങയോ കപ്പോയെ ഒക്കെ വീട്ടില്‍ കൃഷി ചെയ്യണം. അമ്മമാര്‍ ഭക്ഷണകാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ കുട്ടികളെ ആരോഗ്യമുള്ളവരാക്കി വളര്‍ത്തിയെടുക്കാന്‍ സാധിക്കും. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന മത്സ്യം കൂട്ടി മൂന്നുനേരം കുട്ടിക്ക് നല്‍കുമ്പോള്‍ ഓര്‍ക്കുക, നാം വിഷമാണ് ഉരുളയാക്കി നല്‍കിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഭക്ഷ്യമന്ത്രിക്കുമെതിരെ കേസ് ഫയല്‍ ചെയ്യണമെന്നും പാര്‍വതി പറയുന്നു. കേരളത്തില്‍ ഇനി ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കില്‍ ഇത്തരം നീചപ്രവര്‍ത്തികള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തണം

×