Advertisment

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശ്രമമില്ലാതെ നടത്തിയ ഇടപെടലിനൊടുവില്‍ ജിതിന്‍ നാട്ടിലെത്തി; പ്രിതപ്പെട്ടവളുടെ മുഖം അവസാനമായി കണ്ട് ക്വാറന്റൈനിലേക്ക്..

New Update

പത്തനംതിട്ട: പറന്തൽ ഡ്രീം ലാൻഡ് കോട്ടേജിൽ പരേതനായ ജോർജുകുട്ടിയുടെ മകൾ അനുവിനെ യാത്രയാക്കാൻ മകൻ ഗബ്രിയേൽ മാത്രമായിരുന്നു അടുക്കലുണ്ടായിരുന്നത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് അനുവിന്റെ മൃതദേഹം അടൂരിലേക്ക് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് ഭർത്താവ് ജിതിൻ ഇന്നലെ കണ്ടത്. അനുവിനെ അവസാനമായി ഒരുനോക്കു കണ്ടശേഷം ജിതിൻ മൂവാറ്റുപുഴയിലുള്ള വീട്ടിൽ എത്തി നിരീക്ഷണത്തിലായി.

Advertisment

publive-image

കോവിഡ് 19 രോഗം ലോകത്തിന് നൽകിയ വേദനയുടെ നേർസാക്ഷ്യമാണ് ജിതിന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയത്. അനുവിന്റെ മുഖം അകലെ നിന്ന് ഒരുനോക്കു കണ്ടയുടൻ കരഞ്ഞ് അവശനായി ജിതിൻ തളർന്നു വീണു. അത്രമേൽ സംഘർഷങ്ങളുടെ എട്ടു ദിനങ്ങളുടെ ഫലമായിരുന്നു ആ കാഴ്ച. ഇന്ത്യയിലും വിദേശത്തുമുള്ള നന്മയുടെ കരങ്ങൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ വഴി കൈകോർത്തപ്പോഴാണ് ഭാര്യയെ അവസാനമായി കാണാൻ ജിതിന് എത്താൻ കഴിഞ്ഞത്.

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ജോലി ചെയ്യുകയായിരുന്നു ജിതിനും ഭാര്യ അനുവും. കനേഡിയൻ പൊലീസിലായിരുന്നു അനു. കാൻസർ ബാധിച്ചു തുടർചികിത്സയ്ക്കായി കഴിഞ്ഞ സെപ്റ്റംബറിലാണ് മൂന്നു വയസ്സുകാരൻ മകനുമായി അനു നാട്ടിലെത്തിയത്. കഴിഞ്ഞ 19ന് കോട്ടയത്തെ ആശുപത്രിയിൽ അനു അന്തരിച്ചു. അവസാനമായി ഒന്നു കാണണമെന്ന ജിതിന്റെ മോഹത്തിന് കോവിഡ് 19 തടസ്സമായി. കാനഡയിലെ മലയാളി അസോസിയേഷൻ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി വിജയ് ഹരിയുമായി ബന്ധപ്പെട്ടു.

കാനഡയിൽ നിന്നു ബെംഗളൂരുവിലേക്ക് ടിക്കറ്റ് കിട്ടിയെങ്കിലും അവിടെ നിന്നു കേരളത്തിലേക്കു കടക്കാനുള്ള അനുമതി വേണം. കേരളവും കർണാടകവും ഇടപെടേണ്ട കാര്യമായതിനാൽ വിജയ് ഹരി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചു. അദ്ദേഹം ഞായറാഴ്ച മുതൽ മൂന്നു ദിവസം വിശ്രമമില്ലാതെ നടത്തിയ ഇടപെടലാണ് അവസാന കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ബെംഗളൂരുവിൽ നിന്നു ജിതിന്റെ സ്വദേശമായ എറണാകുളം ജില്ലയിലെ പോത്താനിക്കാട് എത്താൻ പൊലീസ് പാസിനു കോവിഡ് ജാഗ്രതാ പോർട്ടൽ വഴി അപേക്ഷിച്ചിരുന്നു. എന്നാൽ ജൂൺ ഒൻപതിനു സഞ്ചരിക്കാനാണ് അനുമതി കിട്ടിയത്.

കർണാടകയിലെയും കേരളത്തിലെയും ഗവ. സെക്രട്ടറിമാർ വഴി ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടു. മുത്തങ്ങ വരെ ജിതിനെ എത്തിക്കാനും അവിടെ നിന്ന് കേരളത്തിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയ വാഹനം പോയി കൂട്ടിക്കൊണ്ടുവരാനുമായിരുന്നു പദ്ധതി. എന്നാൽ മുത്തങ്ങ വനമേഖലയിലെ അഞ്ചു കിലോമീറ്റർ ദൂരം കടത്തിവിടില്ലെന്നു കർണാടക സർക്കാർ പറഞ്ഞതോടെ അനിശ്ചിതത്വമായി. ഒടുവിൽ കർണാടകയിലെ ഉദ്യോഗസ്ഥർ വഴി ബെംഗളൂരുവിൽ നിന്നു കൊച്ചി വിമാനത്തിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതു വിജയിച്ചില്ലെങ്കിലോ എന്ന ആശങ്കയിൽ മുത്തങ്ങയിൽ കേരളത്തിലെ വാഹനവും ബെംഗളൂരുവിൽ അവിടുത്തെ വാഹനവും തയാറാക്കി നിർത്തി.

ചൊവ്വാഴ്ച രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തിൽ ജിതിൻ ഇറങ്ങി. വിദേശത്തു നിന്നു ബെംഗളൂരു വിമാനത്താവളത്തിലെത്തുന്നവർ ഏഴു ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്നു നിയമമുണ്ടെന്നു വന്നതോടെ വീണ്ടും പ്രശ്നമായി. ഒടുവിൽ പ്രത്യേക അനുമതിയോടെ പരിശോധന നടത്തി വിമാനത്താവളത്തിൽ പ്രത്യേകം തയാറാക്കിയ ലോബിയിൽ ഇരുത്തി. രാത്രി 9ന് വിമാനം കയറാൻ നിൽക്കുമ്പോൾ എയർപോർട്ട് മാനേജരുടെ ഓഫിസിലേക്കു വരുത്തി ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് വീണ്ടും നിർദേശിച്ചു.

ഉമ്മൻ ചാണ്ടി, വിജയ് ഹരി, ഹൈബി ഈഡൻ എംപി എന്നിവരും കേരളത്തിലെയും കർണാടകയിലെയും ഉദ്യോഗസ്ഥരും ഇടപെട്ട് ആ പ്രശ്നവും പരിഹരിച്ചതോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കു പച്ചക്കൊടി ലഭിച്ചൂ. വിമാനമിറങ്ങി എല്ലാ വകുപ്പുകളുടെയും അനുമതിയോടെയാണ് ഇന്നലെ പുലർച്ചെ കോട്ടയത്തെ ആശുപത്രി മുറ്റത്തെത്തി ജിതിൻ പ്രിയതമയുടെ മൃതദേഹം ആംബുലൻസിലേക്കു കയറ്റുന്നത് കണ്ടത്. അനുവിന്റെ മൃതദേഹം അടൂർ ഏഴംകുളം ഐപിസി ഹെബ്രോൻ ചർച്ചിലെ ശുശ്രൂഷ്യ്ക്കു ശേഷം സംസ്കരിച്ചു.

home quarantine anu death
Advertisment