Advertisment

പള്ളിയില്‍ സംസ്‌ക്കാര ചടങ്ങിന് പോയി മടങ്ങിയ വയോധികയുടെ അടുത്ത് വഴി ചോദിക്കാനെന്ന വ്യാജേന എത്തി; ശ്രദ്ധഅല്‍പ്പമൊന്ന് മാറിയ നേരത്ത് മാല പൊട്ടിച്ച് പാഞ്ഞു; പ്രതികളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്

New Update

പത്തനംതിട്ട : ബൈക്കിലെത്തും, തൊട്ടരികിൽ നിർത്തി വഴിയോ മറ്റെന്തെങ്കിലും കാര്യമോ തിരക്കും. വർത്തമാനത്തിനിടയിൽ നമ്മുടെ ശ്രദ്ധ അൽപമൊന്നു പാളുമ്പോൾ ബൈക്കിലെത്തിയ അപരിചിതന്റെ കൈ നമ്മുടെ കഴുത്തിലേക്കു നീളും. നിമിഷനേരത്തിനകം കഴുത്തിൽ കിടന്ന സ്വർണമാലയുമായി പാഞ്ഞുപോകും.

Advertisment

publive-image

ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രക്കാനം മുട്ടുകുടുക്ക വട്ടക്കൂട്ടത്തിൽ ലീലാമ്മയുടെയും കുമ്പഴ വടക്ക് വെള്ളാവൂര് ലീലാമ്മ ഏബ്രഹാമിന്റെയും മാലയാണ് ഇത്തരത്തിൽ മോഷ്ടാക്കൾ കവർന്നത്.

കോഴഞ്ചേരിയിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയായ ലീലാമ്മയുടെ പൂർവ വിദ്യാർഥി എന്നു പരിചയപ്പെടുത്തി ബൈക്കിലെത്തിയ യുവാവാണ് മോഷണം നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം.

അന്നു തന്നെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കുമ്പഴ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപമായിരുന്നു മറ്റൊരു മാലപൊട്ടിക്കൽ. സമീപത്തെ പള്ളിയിൽ സംസ്കാര ചടങ്ങിനു പോയി മടങ്ങുന്ന വയോധികയ്ക്ക് അടുത്തെത്തിയ ബൈക്ക് യാത്രക്കാരായ യുവാക്കൾ വഴി ചോദിക്കാനെന്ന വ്യാജേന സംസാരം തുടങ്ങുകയായിരുന്നു.

തുടർന്നു മാല പൊട്ടിച്ചെടുത്ത് അമിത വേഗതയിൽ പാഞ്ഞു പോയി. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ഭയന്നുപോയ ഇവർ ബഹളം വച്ചു. ആളുകൾ എത്തിയപ്പോഴേക്കും യുവാക്കൾ സ്ഥലംവിട്ടിരുന്നു.

പ്രക്കാനം മുട്ടുക്കുടുക്കയിൽ വ്യാഴാഴ്ച അധ്യാപികയുടെ മാല കവർന്ന കേസിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കി വരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഏകദേശം 35 വയസ്സു തോന്നിക്കുന്ന യുവാവാണ് മുട്ടുക്കുടുക്ക വട്ടക്കൂട്ടത്തിൽ ലീലാമ്മയുടെ (72) മാല പൊട്ടിച്ചത്.

ലീലാമ്മ തന്നെ വർഷങ്ങൾക്ക് മുൻപ് ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ വീടിനുള്ളിൽ കയറിയത്. അധ്യാപികയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചശേഷം 15 മിനിറ്റ് സംസാരിച്ചു.

ഇതിനൊടുവിലാണ് മാല അപഹരിച്ച് കടന്നുകളഞ്ഞത്. ഡിവൈഎസ്പി, ഇലവുംതിട്ട എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിൽ സമീപത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. ഉടൻതന്നെ പ്രതിയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

robbery case gold chain robbery
Advertisment