Advertisment

പാതിരിമാരുടെ പാതകങ്ങൾക്ക് പാപ്പായുടെ കഷായ കാഷ്ഠം

New Update

ആമുഖം

Advertisment

അതിവിശിഷ്ടവ്യക്തികൾ കേരള സന്ദർശനത്തിനായി വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരു പ്രോട്ടോക്കോളുമില്ലാതെയും സുരക്ഷാമാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയും അതിസാഹസികമായി അവരുടെയിടയിലേക്ക് ഓടിക്കയറി അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു സ്വയം അപഹാസിതയാകുന്നതിൽ ലവലേശം ലജ്ജയില്ലാതിരുന്ന ഒരു മലയാള സിനിമാനടിയുണ്ടായിരുന്നു.

'സത്യദീപ' ത്തിലെ ചിന്താ'ലോക' ജാലകത്തിൽ ഫാ. പോൾ തേലക്കാട്ടിന്റേതായി പ്രത്യക്ഷപ്പെട്ട 'ഫ്രാൻസിസ് മാർപാപ്പയുടെ കഷായം' എന്ന ലേഖനം വായിച്ചു കഴിഞ്ഞപ്പോഴുണ്ടായ ഭാവവിചാരമാണ് മേൽ സൂചിപ്പിച്ചത്. ഫ്രാൻസിസ് പാപ്പാ എന്തുപറഞ്ഞാലും എന്തെഴുതിയാലും രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ അദ്ദേഹത്തോട് കൂടിച്ചേർന്നുനിന്നുകൊണ്ട് തനിക്കു പുറമേയുള്ള എന്തിനെയും ഏതിനെയും പ്രത്യേകിച്ച് തനിക്ക് അപ്രിയമായ ആശയങ്ങളെയും വ്യക്തികളെയും ഉന്നംവെച്ചുകൊണ്ട് അതിനിശിതവിമർശനത്തിന്റെ മാരകമായ വെടിയുണ്ട പായിച്ച് സ്വയം അപഹാസിതനാകുന്നത് ഒരു പതിവ് സംഭവമായി മാറിയിരിക്കുന്നു. പ്രകൃത ലേഖനത്തിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുന്ന ഏതൊരു നിരൂപകനും ശില്പ കൗശലത്തിന്റെ അളിഞ്ഞ അടവുതന്ത്രം(Dirty Tactics) പരക്കെ ദർശിക്കാനാവും.

നിർദ്ധാരണമോ നിർമ്മര്യാദയോ?

സാമ്പത്തിക ക്രമക്കേടുകളുടേയും സ്വജനപക്ഷപാതിത്വത്തിന്റെയും പേരിൽ കർദിനാൾ ആഞ്ജലോ ബെച്യുവിനെതിരെ 2020 സെപ്റ്റംബർ 24-ാം തീയതി ഫ്രാൻസിസ് പാപ്പാ കൈക്കൊണ്ട ശിക്ഷാനടപടിയെ പരാമർശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതുതന്നെ.

ആ ശിക്ഷാനടപടിയെയാണ് പാപ്പായുടെ കഷായമായി വിശേഷിപ്പിക്കുന്നത്. എന്നാൽ "ഏറ്റവും വിശുദ്ധമായവയുടെ കാര്യസ്ഥത ഏൽപ്പിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു പദവിയാണ് കർദ്ദിനാൾ സ്ഥാനം" എന്ന പ്രസ്താവനകൊണ്ട് എന്താണ് ലേഖകൻ ഉദ്ദേശിക്കുന്നത്? 'കർദ്ദിനാൾ' പദവിയെ നിർദ്ധാരണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് കരുതാമോ? ഒരു വെടിക്ക് രണ്ടു പക്ഷി എന്ന മട്ടിൽ രണ്ട് രീതിയിൽ അനുവാചകർക്ക് വ്യാഖ്യാനിക്കാൻ പാകമായ വിധത്തിലുള്ള ഒരു രചനാശൈലിയല്ലേയിത്? സാന്ദർഭികമായി കർദ്ദിനാൾ ആഞ്ജലോ ബെച്യു വഹിക്കുന്ന പദവിയെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് തോന്നാം.

അതേസമയം ലേഖകൻ തന്റെ മനസ്സിൽ വർഷങ്ങളായി പകയോടെ കൊണ്ടുനടക്കുന്ന ഒരു കർദ്ദിനാളിനെ ഉന്നംവച്ചുകൊണ്ടുള്ള ഒരു വെടിയുതിർക്കലുമല്ലേ ഇതിന്റെ പിന്നിലുള്ള ലക്ഷ്യം? ഈ പ്രസ്താവനയുടെ തൊട്ടുപിന്നാലെ കുറിച്ചിരിക്കുന്ന വാക്യത്തിൽനിന്ന് വായിച്ചെടുക്കാവുന്ന അർത്ഥം മേൽപ്പറഞ്ഞതിനെ സാധൂകരിക്കാൻ പോരുന്നതാണ്. അതായത്, "അഴിച്ചിലും അഴിമതിയും ഏറ്റവും വിശുദ്ധമായ പദവികളിലും കടന്നുകയറി എല്ലാം മലിനമാക്കുന്ന ദുഃഖസമസ്യയാണ് നാം നേരിടുന്ന പ്രതിസന്ധി." യഥാർത്ഥത്തിൽ ആരാണ് ഒരു 'കർദ്ദിനാൾ?' "A high ecclesiastical official of the Roman Catholic Church who ranks next below the Pope and is appointed by him to assist him as a member of the college of cardinals." കർദ്ദിനാൾ പദവിയുടെ നിർവ്വചനം ഇതായിരിക്കെ ഇരുതലമൂർച്ചയുള്ള ഒരു വാളു കണക്കെ വ്യാഖ്യാനിക്കാൻ പാകത്തിൽ നിർദ്ധാരണം ചെയ്തതിന്റെ ദുരുദ്ദേശവും ദുഷ്ടലാക്കും ഇതിൽനിന്നു സ്പഷ്ടമാണല്ലോ.

ആരും ഒരിക്കലും ഒരു കർദ്ദിനാളായി ജനിക്കുന്നില്ല എന്നോർക്കുക. കത്തോലിക്കാസഭയുടെ കാനൻ നിയമപ്രകാരം ഏതൊരു വിശ്വാസിക്കും വൈദികനും മെത്രാനും കർദ്ദിനാൾ പദവി ലഭിക്കാൻ അവകാശവും അർഹതയുമുണ്ട്. എന്നിരുന്നാലും സാധാരണഗതിയിൽ ഒരു മെത്രാനെയോ വൈദികനെയോ ആണ് കർദ്ദിനാൾ പദവിയിലേക്ക് പരിഗണിക്കപ്പെടുക. വാസ്തവത്തിൽ ഒരു വൈദികപദവിയെക്കുറിച്ച് പറയേണ്ട നിർവ്വചനമാണ് ലേഖകൻ ഇവിടെ കർദ്ദിനാൾപദവിയെക്കുറിച്ച് നടത്തിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ വൈദികരെപ്പറ്റിയുള്ള ഡിക്രിയിൽ പറയുന്നത് ഇപ്രകാരമാണ്. "മെത്രാന്മാരുടെ കൈവയ്പ്പ് ശുശ്രൂഷവഴി ഗുരുവും പുരോഹിതനും ശുശ്രൂഷകനുമായ മിശിഹാ കർത്താവിന്റെ പ്രവർത്തനം ലോകത്തിൽ തുടരുവാനും വിശ്വാസികളുടെ സമൂഹത്തെ ദൈവജനമായും ക്രിസ്തുവിന്റെ മൗതികശരീരമായും പരിശുദ്ധാത്മാവിന്റെ ആലയമായും കരുപ്പിടിപ്പിക്കാനും നിയുക്തരായവരാണ് വൈദികർ.

" അപ്പോൾ ഏറ്റവും വിശുദ്ധമായവ കൈകാര്യം ചെയ്യാൻവേണ്ടി നിയോഗിക്കപ്പെടുന്ന ശ്രേഷ്ഠമായ ഒന്നാണ് വൈദികപദവി. അതിനാൽ ഒട്ടും ലാഘവത്തോടെ ഏറ്റെടുക്കാവുന്നതല്ല വൈദിക ജീവിതം. ദൈവമാണ് അവനെ തിരഞ്ഞെടുക്കുന്നതും വരങ്ങൾ നല്കി ശക്തിപ്പെടുത്തുന്നതും. ഒഴിവുകഴിവുകൾ നിരത്തി സ്വന്തം വീഴ്ചകൾ നീതികരിക്കാൻ അവൻ ഒരിക്കലും തുനിഞ്ഞു കൂടാ. അതുകൊണ്ടായിരിക്കാം ഡോ. ഡി ബാബുപോൾ കുറിച്ചത്: "ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ക്ലേശകരമാകും ഒരു വൈദികന്റെ സ്വർഗ്ഗപ്രാപ്തി."

വിശ്വാസാഹിത്യം അവതരിപ്പിക്കുന്ന രണ്ടു പൗരോഹിത്യ മാതൃകകളുണ്ട്. അതിലൊന്ന് മലയാളസാഹിത്യത്തിലെ നിരൂപകപ്രതിഭയായിരുന്ന കുട്ടിക്കൃഷ്ണമാരാർ സാക്ഷീകരിക്കുന്ന 'വിളക്കുവച്ച് വായിക്കേണ്ട' വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഒരു മെത്രാനാണ്. സ്നേഹത്തിന്റെ കുളിർനിലാവിൽ ലോകത്തെ ജ്ഞാനസ്നാനം ചെയ്യിക്കുന്ന ഒരു പുരോഹിതനാണ് അദ്ദേഹം. രണ്ടാമത്തേത്, ഇന്ദ്രിയഗോചരമായ യാഥാർത്ഥ്യങ്ങൾക്കപ്പുറം വർത്തിക്കുന്ന സത്യത്തെ (പരംപൊരുളിനെ) എല്ലാവരിലും കാണിച്ചുകൊടുക്കുന്ന അചഞ്ചല വിശ്വാസത്തിന്റെയും അതു നൽകുന്ന സാത്വിക വിശുദ്ധിയുടെയും ആൾരൂപമായ ഫിയഡോർ ഡോസ്റ്റോവ്സ്കിയുടെ 'കാരമസോവ് സഹോദരന്മാർ' എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഫാ. സോസിമോ യാണ്.

ഈ ശ്രേഷ്ഠ കഥാപാത്രങ്ങളുടെ വിളുമ്പത്ത് പോലും നിൽക്കാൻ യോഗ്യതയില്ലാത്തവരും വൈരനിര്യാതനബുദ്ധിയോടെ മാന്യത മറന്നുകൊണ്ട് മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടുവരുന്നവരും, വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നവരും, വൈദികരെക്കൊണ്ടും അല്മായരെക്കൊണ്ടും സഭാ നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കാൻ പ്രേരണ നൽകിവരുന്നവരുമായ വൈദികർക്കാർക്കും തന്നെ ആ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് മാത്രമല്ല ഫ്രാൻസിസ് പാപ്പായുടെ കഷായത്തെക്കുറിച്ച് പറയാൻ പോലും അർഹതയില്ലാത്തവരുമാണെന്ന് ഓർക്കുക.

വാസ്തവത്തിൽ പാപ്പായുടെ കഷായ കാഷ്ഠം സേവിക്കേണ്ടവർ ഈ വൈദികർ തന്നെയാണെന്നതാണ് സത്യം. അവരുടെ പാതകങ്ങളെ മുന്നിൽ കണ്ടുകൊണ്ട് പാപ്പാ നൽകുന്ന മുന്നറിയിപ്പാണ് കർദ്ദിനാൾ ബെച്യുവിനെതിരെ അദ്ദേഹം സ്വീകരിച്ച ശിക്ഷാനടപടി. ആഞ്ജലോ ബെച്യുവിനെതിരെ നടപടിയെടുക്കുന്നതിന് എത്രയോ മുൻപേതന്നെ ഈ വൈദിക കീടങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടതായിരുന്നു.

അങ്ങനെ ചെയ്തിരുന്നെങ്കിൽ കേരളകത്തോലിക്കാസഭ ഇന്ന് പൊതുസമൂഹത്തിൽ ഇത്രമാത്രം അപമാനിക്കപ്പെടില്ലായിരുന്നു. ഇത്തരുണത്തിൽ 'കർദ്ദിനാൾ' പദവിയെക്കുറിച്ച് ദ്വയാർത്ഥ വ്യാഖ്യാന സൂചനയോടെ വർണ്ണിക്കാൻ ശ്രമിച്ചത് തീർത്തും മര്യാദകേടായിപ്പോയി. പകയുടെ പകടികൊണ്ട് പകിടകളിക്കുന്ന ഈ ദുഷ്പ്രവണത പുരോഹിതർക്ക് ഒട്ടും യോജിച്ചതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിരീക്ഷണത്തിന്റെ നീരൊഴുക്കിൽ.......

ചാനലുകളിലെ അന്തിച്ചർച്ചകളിൽ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളോടൊപ്പം രാഷ്ട്രീയ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ, സ്വതന്ത്ര നിരീക്ഷകൻ എന്നിങ്ങനെ പലേ ലേബലുകളിൽ പലരും അണിനിരന്നു സംസാരിക്കുന്നത് നമ്മൾ വീക്ഷിച്ചിട്ടുണ്ടാകുമല്ലോ. ഇവരിൽ നിരീക്ഷകവേഷമണിഞ്ഞു വരുന്നവരെ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും അവർക്ക് ആരോടും പ്രത്യേക പ്രതിബദ്ധതയൊന്നുമുണ്ടാവില്ല. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ ചാഞ്ഞും ചരിഞ്ഞും നിൽക്കുക സ്വാഭാവികമാണ്. 'തനിക്ക് താനും പുരയ്ക്കു തൂണും' എന്നതായിരിക്കും അവരെ നയിക്കുന്ന ആദർശം. ഇക്കൂട്ടരുടെ വീക്ഷണഗതി തന്നെയാണ് ഇവിടെ പരാമർശിതമാകുന്ന ലേഖനകർത്താവിന്റെയും എന്നത് ഏവർക്കും വ്യക്തമാണ്.

ഉദാഹരണമായി മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസുമായി ബന്ധപ്പെട്ട് വിവിധ ചാനലുകളിൽ ചർച്ചകൾ പൊടി പൊടിച്ചപ്പോൾ കഥാനായകൻ സീറോ മലബാർ സഭയുടെ വക്താവായിരുന്നു. ആ പദവിയിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് സഭാ നിലപാടുകളെ പ്രതിരോധിച്ചുകൊണ്ടിരുന്നു.

എന്നാൽ ചർച്ച പൂർത്തിയാക്കി പുറത്തേക്കിറങ്ങിയപ്പോൾ സഭയുടെ നിലപാടിൽനിന്ന് വ്യത്യസ്തമായി സഭയെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളായിരുന്നു അദ്ദേഹം സ്വകാര്യമായി പങ്കുവെച്ചുകൊണ്ടിരുന്നത്. ഒരു വ്യക്തിയുടെ നിരീക്ഷണത്തിന്റെ നീരൊഴുക്ക് ഏതെല്ലാം പ്രതലങ്ങളിൽ കൂടിയൊക്കെ കടന്നുപോകുമെന്ന് നമുക്കാർക്കും മുൻകൂട്ടി നിശ്ചയിക്കാനാവില്ലല്ലോ. ഇപ്രകാരം വിഭജിതവ്യക്തിത്വം ജീവിതസ്വഭാവമായി കൊണ്ടുനടക്കുന്ന ഒരാളുടെ നിരീക്ഷണങ്ങളെയും നിലപാടുകളെയും ആർക്കാണ് അംഗീകരിക്കുവാൻ കഴിയുക? സഭയുടെ ഔദ്യോഗിക നിലപാടുകളെ വ്യക്തിപരമായി ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ ചാനൽ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുകയയിരുന്നില്ലേ വേണ്ടിയിരുന്നത്? അക്കാലത്ത് 'മലയാളം' വാരികയുടെ റിപ്പോർട്ടറായിരുന്നു ഷാജി ജേക്കബ് ലേഖകനെക്കുറിച്ച് എഴുതിയത് ഇപ്രകാരമാണ്. കത്തോലിക്കാസഭ ഓരോ പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും പാവം തേലക്കാട്ടച്ചൻ സഭയ്ക്കുവേണ്ടി കുരിശിലേറി കൈവിരിച്ചുപിടിച്ചു നിൽക്കുന്നതല്ലാതെ കാര്യമായ പ്രതിരോധമൊന്നും തീർക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

മനസ്സിൽ എപ്പോഴും വിഘടിതഭാവം സംഘർഷഭരിതമായി കൊണ്ടുനടക്കുന്നവർക്ക് എപ്പോഴും എഴുതിക്കൊണ്ടിരിക്കാമെന്നല്ലാതെ സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കുകയില്ല എന്ന് ഓർക്കുക. എഴുതുന്നതും വായിക്കുന്നതും പറയുന്നതും ഒന്നുമല്ലല്ലോ പ്രധാനം; എഴുതുന്നത് എന്താണോ അത് സ്വന്തം ജീവിതത്തിൽ എടുത്തണിഞ്ഞ് ജീവിതത്തെത്തന്നെ ധന്യമാക്കുമ്പോഴാണല്ലോ ഒരാൾ ആദർശത്തിന്റെ ആൾരൂപമായി മാറുന്നതും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതും.

അതിന്റെ അഭാവത്തിൽ നിശിത വിമർശനത്തിന്റെ വെടിയുണ്ടകൾ എത്ര ഉതിർത്തുവിട്ടാലും അതൊന്നും ലക്ഷ്യവേദിയാവുകയില്ല. പകയുടെയും രോഷത്തിന്റെയും ആഗ്നേയാസ്ത്രങ്ങൾ ആവനാഴിയിൽത്തന്നെ സൂക്ഷിച്ചുകൊണ്ട് ക്രിസ്തുബദ്ധമായി ജീവിച്ചുകാട്ടുകയാണ് വേണ്ടത്. മാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങളും കോടതി വ്യവഹാരങ്ങളും സഭയെ ദുർബലമാക്കാനുള്ള നിഗൂഢ തന്ത്രങ്ങളാണെന്ന് മനസ്സിലാക്കുന്നത് എത്രയും നന്നെന്നേ പറയുന്നുള്ളൂ.

'പ്രായോഗികനല്ലാത്ത ക്രിസ്തു.'

റഷ്യൻ സാഹിത്യകാരനായ ഫിയഡോർ ഡോസ്റ്റോവ്സ്കിയുടെ 'വിഡ്ഢി' (Idiot) എന്ന നോവൽ 'ക്രിസ്തു പ്രായോഗികനല്ല' എന്ന നിലപാടിനോടുള്ള പ്രതികരണമാണെന്നാണല്ലോ ലേഖകന്റെ അഭിപ്രായം. വർത്തമാനകാല സഭയുടെ പ്രവർത്തന രീതികളും കാഴ്ചപ്പാടുകളും മറ്റും വിലയിരുത്തപ്പെടുമ്പോൾ ക്രിസ്തുവിന്റെ ഈ "വിഡ്ഢിത്തം" ഒട്ടും പ്രായോഗികമല്ല എന്ന രീതിയിലാണ് പട്ടക്കാരും മേൽപ്പട്ടക്കാരും പെരുമാറുന്നതെന്നും അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്. ഈ പട്ടക്കാരിൽ താനും ഉൾപ്പെടുന്നുണ്ടോ ഇല്ലയോ എന്നൊന്നും വ്യക്തമാക്കുന്നുമില്ല.

പ്രായോഗികനല്ലാത്ത ക്രിസ്തു എന്ന ആശയത്തെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? അതിസങ്കീർണവും പ്രശ്നപൂർണ്ണവുമായ ഒരു സാഹചര്യത്തിലൂടെ ജീവിതം കടന്നു പോകുമ്പോൾ മാനസികവും ആത്മീകവുമായ സംഘർഷത്തിനുള്ള സാധ്യത സ്വാഭാവികമാണ്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട ആളുകൾ ചൂഷണത്തിന് വിധേയരാകുന്നത് കണ്ടുകൊണ്ട് നമുക്ക് എങ്ങനെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം പ്രായോഗികമാക്കാം? വലിയ ഇൻക ടാക്സ് അടച്ചുകൊണ്ട് ലാഭകരമായി എങ്ങനെ വ്യവസായം നടത്തും? തുടങ്ങിയ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തെ സംഘർഷ പൂർണ്ണമാക്കുന്ന സാഹചര്യങ്ങളാണ്. ഇമ്മാതിരി സാഹചര്യങ്ങളിൽ തെറ്റിൽനിന്ന് ഒഴിഞ്ഞിരിക്കുക എന്നത് എല്ലാ മനുഷ്യരെയും ധർമ സങ്കടത്തിലാക്കുന്നു.

ഏറെ പരിതാപകരവും ശോചനീയവുമായ മേൽസാഹചര്യങ്ങൾക്ക് ഉത്തമോദാഹരണമാണ് വിശുദ്ധ പൗലോസ് ശ്ലീഹായ്ക്കുണ്ടായ അനുഭവം. "നന്മ ഇച്ഛിക്കാൻ എനിക്ക് സാധിക്കും; എന്നാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്." (റോമ. 7: 18,19) ചുരുക്കത്തിൽ യേശുവിനെ അനുഗമിക്കുമ്പോൾപോലും പാപമെന്ന പരുക്കൻ യാഥാർത്ഥ്യത്തെ നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്നു.

മാത്രമല്ല, ആദ്ധ്യാത്മികതയിൽ ആഴപ്പെടുമ്പോഴും തിന്മയുടെ മേലുള്ള വിജയം അത്ര നിസ്സാരമല്ലെന്ന് നാം തിരിച്ചറിയുന്നു. ഓരോ വ്യക്തിയിലും ഒരു തെമ്മാടിയും മാന്യനുമുണ്ട് എന്ന ഗെയ്ഥേയുടെയും മനുഷ്യൻ ഒരേ സമയം നീതിമാനും പാപിയുമാണെന്നു പ്രഖ്യാപിച്ച മാർട്ടിൻ ലൂഥറിന്റെയും ആശയങ്ങളോട് ഭാഗികമായിട്ടെങ്കിലും നമുക്ക് യോജിക്കേണ്ടിവരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. അതിനാൽ ജീവിതത്തിൽ ഒരേസമയം ദുർഭഗതയെയും ശുഭാപ്തി വിശ്വാസത്തെയും ഒന്നിച്ചു കൊണ്ടു പോകേണ്ടി വരുന്നതിനാൽ നമ്മുടെ വ്യക്തിത്വം മുറിവേൽപ്പിക്കപ്പെടുന്നു. ഈ സാഹചര്യമാണ് ഒരേസമയം ഇരു വഞ്ചിയിലും ചവിട്ടിനിന്നുകൊണ്ട് ജീവിതയാനം തുഴയേണ്ടി വരുന്നത്.

"ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" (യോഹ.15:12) എന്ന യേശുവചനം ഈ ഭൂമിയിൽ ആരെങ്കിലും ലേഖകൻ ഉൾപ്പെടെ നൂറുശതമാനം പ്രാവർത്തികമാക്കി ജീവിക്കുന്നുണ്ടെന്ന് അവകാശപ്പെടാനാവുമോ? ക്രിസ്തുസ്നേഹം ആദർശമായി സ്വീകരിക്കുക എന്നതും ക്രിസ്തുസ്നേഹത്തിന്റെ പൂർണ്ണത മനുഷ്യൻ പ്രാവർത്തികമാക്കുക എന്നതും രണ്ടും രണ്ടാണ്. ആദർശം പ്രാവർത്തികമാക്കാൻ ഒരുമ്പെടുമ്പോൾ അതിന്റെ പരിമിതികളെ ചൂണ്ടിക്കാണിക്കുന്നതുകൊണ്ട് ആദർശത്തിലെന്തെങ്കിലും വെള്ളം ചേർക്കുകയാണെന്ന ധാരണ ശരിയല്ല. കാരണം, ആദർശം അപൂർണ്ണരായ മനുഷ്യരോടാണ് പ്രസംഗിക്കപ്പെട്ടതെന്ന് നാം മനസ്സിലാക്കണം.

"ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നതെന്ന്" (ഗലാ. 2: 20) വിശുദ്ധ പൗലോസ് പറയുമ്പോഴും അദ്ദേഹം ക്രിസ്തുവിലുള്ള വിശ്വാസവും അവിടുത്തെ പ്രബോധനങ്ങളും ജീവിത ശൈലിയുമാണ് തന്നെ മുന്നോട്ടു നയിക്കുന്ന ആദർശം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഒരു പുരോഹിതൻ മറ്റൊരു ക്രിസ്തുവാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും അയാളുടെ ആദർശം ക്രിസ്തുവാണെന്നേ അർത്ഥമാക്കേണ്ടതുള്ളൂ.

ചുരുക്കത്തിൽ ആർക്കും തന്നെ പൂർണമായും മറ്റൊരാളാകുവാൻ സാധിക്കുകയില്ല. ക്രിസ്തുവചനം മനുഷ്യജീവിതത്തിൽ പ്രായോഗികമല്ല/പ്രായോഗികനല്ലാത്ത ക്രിസ്തു എന്ന ആശയത്തെ മനസ്സിലാക്കേണ്ടത് മേൽപ്പറഞ്ഞ അടിസ്ഥാനത്തിലായിരിക്കണം. നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ജീവിതം പരിമിതി നിറഞ്ഞുനിൽക്കുന്നത്കൊണ്ട് ഉണ്ടാകുന്ന ദുരന്തമാണിത്. അതിനാൽ ഏതൊരു ആദർശവും ഓരോരുത്തരുടേയും മാനുഷിക പരിമിതിയിൽ നിന്നുകൊണ്ട് മാത്രമേ പ്രാവർത്തികമാക്കാൻ കഴിയുകയുള്ളൂ. അതേസമയം ജീവിതത്തിൽ രണ്ടുതരം പ്രവൃത്തികൾ ഉണ്ടെന്ന് മനസ്സിലാക്കണം. ആദ്യത്തേത് മനുഷ്യന്റെ പ്രവൃത്തികളും രണ്ടാമത്തേത് മാനുഷിക പ്രവൃത്തികളും.

തുമ്മുക, ചീറ്റുക, ശ്വസിക്കുക തുടങ്ങിയവയെല്ലാം ആദ്യവിഭാഗത്തിൽപ്പെടുന്നു. വായിക്കുക, പഠിക്കുക, എഴുതുക എന്നിവയെല്ലാം മാനുഷിക പ്രവൃത്തികളായാണ് പരിഗണിക്കപ്പെടുന്നത്. കാരണം അവയെല്ലാം നമ്മുടെ ബുദ്ധിയും മനസ്സും സ്വാതന്ത്ര്യവും മറ്റും ഉപയോഗിച്ചുകൊണ്ടാണ് നിർവ്വഹിക്കുന്നത്. യേശുവിന്റെ വചനങ്ങളെ ബോധപൂർവ്വം ധിക്കരിക്കുമ്പോഴാണ് അത് ധാർമികതയുടെയും ആത്മീയതയുടെയും ലംഘനമായി മാറുന്നത്. പാപത്തിന്റെ നിർവ്വചനവും അതുതന്നെയാണല്ലോ.

ധർമ്മവഴികളെ വഴിയാധാരമാക്കിയതാര്?

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്ന അധർമ്മചിന്തയോടെയല്ലേ ലേഖകനും കൂട്ടരും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് വ്യാജരേഖാ നിർമ്മാണത്തിൽ എത്തിച്ചേർന്നത്. തീർന്നില്ല; വ്യാജരേഖാ കേസിൽപ്പെട്ട് റിമാൻഡിലായിരുന്നു ആദിത്യയെ സന്ദർശിക്കാൻ ഒരു പുരോഹിതപ്പടതന്നെ ഇറങ്ങിപ്പുറപ്പെട്ടത് വർഗ്ഗധർമ്മസിദ്ധാന്തം തോളിലേറ്റിക്കൊണ്ടായിരുന്നില്ലേ? കേസിന്റെ കുന്തമുന തങ്ങളിലേക്ക് തിരിയാതിരിക്കാൻ എന്തെല്ലാം ദുരുപദേശങ്ങളാണ് ആ പുരോഹിതപ്പട അവന് കൈമാറിയത്? ശരീരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെയാണ് ആ യുവാവിനെ പോലീസ് ചോദ്യം ചെയ്തതെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെ പോലീസ് തന്നെ മർദ്ദിച്ചുകൊണ്ട് കുറ്റസമ്മതം നടത്താൻ പ്രേരിപ്പിക്കുകയായിരുന്നെന്നും അതിന്റെ പേരിൽ പോലീസിനെതിരെ കേസ് കൊടുക്കണമെന്നും ഉപദേശിച്ചു കൊടുത്ത ഈ പുരോഹിതപ്പട വഴിവിട്ട മാർഗ്ഗത്തിലായിരുന്നില്ലേ? ഒരു കേസിൽ പ്രതിചേർക്കപ്പെടുന്നയാൾ താൻ നിരപരാധിയാണെന്നായിരിക്കുമല്ലോ കോടതി മുമ്പാകെയോ അന്വേഷണസംഘത്തിന് മുമ്പാകെയോ സാധാരണഗതിയിൽ അവകാശപ്പെടുക.

കർദ്ദിനാൾ ആഞ്ജലോ ബെച്യുവും ഈ രീതി തന്നെയാണ് അവലംബിച്ചതെന്നാണല്ലോ ലേഖകൻ സമർത്ഥിക്കുന്നത്. അങ്ങനെയെങ്കിൽ വ്യാജരേഖയിൽ പതിഞ്ഞ സബ് രജിസ്ട്രിയുടെ സീലിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് ആരാഞ്ഞപ്പോൾ അത് സത്യദീപത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ട്രസ്റ്റ് ഡീഡിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോൾ പതിഞ്ഞുപോയതാണെന്ന് കള്ളം പറഞ്ഞത് താൻ നിരപരാധിയാണെന്ന് സ്ഥാപിക്കാൻവേണ്ടിയായിരുന്നില്ലേ? ഇതിനും പുറമേ, പോലീസ് അധികാരികളുടെ ചോദ്യം ചെയ്യലിനു വിധേയനായപ്പോൾ സാക്ഷാൽ ശിവശങ്കരനെപ്പോലും നാണിപ്പിക്കുംവിധം മൗനം പാലിച്ചു കൊണ്ട് ബബ്ബബ്ബ! വച്ചത് എന്തു ധാർമ്മികതയുടെ പേരിലായിരുന്നു? സമൂഹത്തെ നന്നാക്കാൻ ഇറങ്ങി പുറപ്പെടും മുൻപ് സ്വന്തം തൊഴുത്ത് വൃത്തിയാക്കാൻ ശ്രമിക്കുന്നതല്ലേ നല്ലതെന്ന് ചിന്തിച്ചുകൂടെ?

പറ്റിയ തെറ്റും തെറ്റിയ പറ്റും

'തെറ്റ് സമ്മതിക്കാത്തവരുടെ സഭ ക്രിസ്തുവിന്റേതല്ല' എന്ന ആക്ഷേപം സ്വാനുഭവപ്രേരിതമായി കുറിച്ചത് സത്യസന്ധമായ പ്രസ്താവന തന്നെയെന്നു സമ്മതിക്കുന്നു. കുഴി വെട്ടുകാരൻ പറഞ്ഞാലും കർദ്ദിനാൾ പറഞ്ഞാലും സത്യത്തിന്റെ വിലയിൽ മാറ്റമില്ല എന്നതും ശരിതന്നെ.

അങ്ങനെയെങ്കിൽ ഒരു സാധാരണ വിശ്വാസി മുതൽ മാർപാപ്പാ വരെയുള്ളവർക്കെല്ലാം ദൈവം നൽകിയ പത്തു പ്രമാണങ്ങൾ ഒരുപോലെ ബാധകമായിരിക്കുമല്ലോ? ആറും ഒമ്പതും പ്രമാണങ്ങൾക്കെതിരായി ചെയ്തു കൂട്ടുന്ന പാപങ്ങൾ മാത്രമേ വൈദികർക്കും മെത്രാന്മാർക്കും സമർപ്പിതർക്കും ബാധകമാകുകയുള്ളൂ എന്ന മട്ടിൽ ഉയർത്തിക്കാണിക്കുന്നത് ദൈവകല്പനകളോടുള്ള നിന്ദനമാണെന്ന് പറയേണ്ടി വരില്ലേ? സ്വന്തം തട്ടകത്തിൽത്തന്നെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടുപിടിക്കപ്പെട്ടതിനെത്തുടർന്ന് സ്വയം ശിക്ഷവിധിച്ച് ഒടുങ്ങിപ്പോയ സമർപ്പിതരും ശിക്ഷിക്കപ്പെടാതെ നിർബാധം ഞെളിഞ്ഞു നടക്കുന്ന പുരോഹിതരുമുണ്ടെന്ന കാര്യം ആരും മറന്നുപോകരുത്.

അധികാരികളുടെ അനുമതിയോടെ കള്ളപ്രമാണങ്ങൾ ചമച്ച് തട്ടിപ്പു നടത്തി പിടിക്കപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നവരും അക്കൂട്ടത്തിൽ ഉണ്ടെന്നു പറയാതെ വയ്യ!! പാപബോധമാണ് വിശുദ്ധിയുടെ അനിവാര്യ ലക്ഷണമെങ്കിൽ ഒരു കർദ്ദിനാളിനെതിരെ പകയോടെ പടച്ചുണ്ടാക്കിയ വ്യാജരേഖയുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രത്തിൽ ഏതാനും വരേണ്യ വൈദികർ കയറിപ്പറ്റിയിട്ടുണ്ടെന്ന ബലമായ സംശയം 10 പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചാൽ നന്നായിരിക്കും. എന്തുകൊണ്ട് ആ വൈദികർ അവരുടെ തെറ്റുകൾ ഏറ്റു പറയുന്നില്ല? അവർ കത്തോലിക്കാസഭയ്ക്കകത്തോ പുറത്തോ? ആത്മനൊമ്പരമില്ലാതുള്ള അപരനിന്ദ എത്രയോ ആനന്ദപ്രദം അല്ലേ!!?

ആർക്കും തെറ്റ് സംഭവിക്കാം പറ്റിയ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കാതെ അംഗീകരിച്ചു തിരുത്താൻ ശ്രമിക്കുകയാണ് സാധാരണ ചെയ്തുവരുന്നത്. അതിനു മുതിരാതെ ആരുടെയോ അരണബുദ്ധിയിൽ രൂപം കൊണ്ടതാണല്ലോ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെക്കൊണ്ട് പത്രസമ്മേളനം വിളിപ്പിച്ച് പരസ്യമായി നുണ പറയിപ്പിക്കാൻ ഇടയാക്കിയത്.

വ്യാജരേഖയെന്നു മുദ്രകുത്തപ്പെട്ട രേഖ വ്യാജമല്ലെന്നും ഒറിജിനൽ തന്നെയാണെന്നും അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചുകളഞ്ഞത് അപാരബുദ്ധിതന്നെ!. സംഭവിച്ചുപോയ ഈ തെറ്റ് വലിയൊരു പറ്റായിത്തന്നെ ഇപ്പോഴും അവശേഷിക്കുകയാണ്. ആ ദിവസങ്ങളിൽ ഏതാനും വൈദികർ അറസ്റ്റിലാകുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വഴിവിട്ട മാർഗ്ഗം തിരഞ്ഞെടുക്കാൻ താൻ നിർബന്ധിക്കപ്പെട്ടതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പിന്നീട് പാലക്കാട് രൂപതാവൈദികരോട് വെളിപ്പെടുത്തിയത്.

*കാഷ്ഠം (സംസ്കൃതം) = വടി

pathiri
Advertisment