Advertisment

കൊവിഡ് പ്രതിസന്ധി മൂലം മൂന്ന് മാസമായി തൊഴിലില്ല; ഒടുവില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു; എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മകന് സമ്മാനവുമായി ആ പിതാവ് യാത്രയായത് മരണത്തിലേക്ക്; റാസല്‍ഖൈമ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ച കോഴിക്കോട് സ്വദേശി പവിത്രന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

Advertisment

റാസല്‍ഖൈമ: എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മകന് സമ്മാനവുമായി പുറപ്പെട്ട പ്രവാസി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മഞ്ചക്കല്‍ (50) ആണ് ചൊവ്വാഴ്ച രാത്രി റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം സംസ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്.

അജ്മാനിലെ ഒരു ജ്വല്ലറിക്ക് കീഴില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ ജോലിയായിരുന്നു ഇദ്ദേഹം ചെയ്തിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം മൂന്ന് മാസമായി തൊഴിലില്ലായിരുന്നു. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തില്‍ വിമാനടിക്കറ്റ് സ്വന്തമാക്കി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ചാര്‍ട്ടേര്‍ഡ് വിമാനമായ സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്യാനായി ബസ് മാര്‍ഗം ഇദ്ദേഹം റാസല്‍ഖൈമയില്‍ എത്തുകയായിരുന്നു.

മകന്‍ ധനൂപിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിലായിരുന്നു ഇദ്ദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. മകന് ഏറെ നാളായി ആവശ്യപ്പെടുന്ന മൊബൈല്‍ ഫോണ്‍ സമ്മാനമായി വാങ്ങിയിരുന്നു. പിന്നീട് ബന്ധുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് മരണവിവരം അറിയുന്നത്. സുമിത്രയാണ് ഭാര്യ. ധനുഷ, ധമന്യ എന്നിവര്‍ മറ്റു മക്കളാണ്.

Advertisment