Advertisment

പായിപ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നല്‍കുന്നത് തടസപ്പെടുത്തി എല്‍ഡിഎഫ് മെമ്പര്‍മാര്‍; വ്യാപക പ്രതിഷേധം

New Update

publive-image

Advertisment

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത നിര്‍ധനരായ 350 ഓളം വിദാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്ന പദ്ധതി തടസപ്പെടുത്തി എല്‍ഡിഎഫ് മെമ്പര്‍മാര്‍.

പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതി പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ വിശദീകരിക്കവെ എതിര്‍ത്ത എല്‍ഡിഎഫ് മെമ്പര്‍മാര്‍ ഡയസിലേക്ക് പാഞ്ഞ് കയറി വനിതാ മെമ്പര്‍മാരെ അടക്കം കൈയ്യേറ്റം ചെയ്‌തെന്ന് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.

ശനി ഞായര്‍ ദിവസങ്ങളിലായി ഒന്ന് മുതല്‍ ഇരുപത്തിരണ്ട് വാര്‍ഡുകളിലും പഞ്ചായത്തിലെ എട്ടോളം സ്‌കൂളിലും മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുന്നതിനായി മെമ്പര്‍മാരെ പ്രസിഡന്റ് അറിയിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ പദ്ധതി അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്ന് ചൂണ്ടികാണിച്ച് എല്‍ഡിഎഫ് മെമ്പര്‍മാര്‍ തടസപ്പെടുത്തുകയായിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയും ചേര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെയാണ് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുന്നത്.

പായിപ്ര പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമാഹരിഹച്ച തുകയും എംഎല്‍എയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുകയും ഉപയോഗിച്ച് പഞ്ചായത്തിലെ 350 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോണ്‍ നല്‍കുന്നത്.

ഇതിന്റെ കണക്ക് അവതരിപ്പിക്കണമെന്ന് എല്‍ഡിഎഫ് മെമ്പര്‍മാര്‍ കമ്മറ്റിയില്‍ അവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ മൊബൈല്‍ ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും അതിന് ശേഷം കണക്ക് കൃത്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അടക്കം വിശദീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

എന്നാല്‍ കണക്ക് അവതരിപ്പിച്ച ശേഷം ഫോണ്‍ വിതരണം ചെയ്താല്‍ മതി. അതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതിയെന്ന് എല്‍ഡിഎഫ് മെമ്പര്‍മാര്‍ ഉറച്ച് നിന്നു. തുടര്‍ന്ന് പ്രസിഡന്റിന്റെ ഡയസിലേക്ക് പാഞ്ഞ് കയറി വനിതാ മെമ്പര്‍മാരെ അടക്കം കൈയ്യേറ്റം ചെയ്തു.

എല്‍ഡിഎഫ് മെമ്പര്‍മാര്‍ ചെയ്തത് അനീതി ആണെന്നും പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന നീതി കേടാണെന്നും, സാഹചര്യം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തിയായിരുന്നില്ല മെമ്പര്‍മാരുടേതെന്നും പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം മുടക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് മെമ്പര്‍മാരുടെ നീതി നിഷേധത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിക്ഷേധിച്ചു.

വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വിഇ നാസര്‍, എംസി വിനയന്‍ മെമ്പര്‍മാരായ എംഎസ് അലി, പിഎം അസീസ്, ഷാഫി മുതിരക്കാലായില്‍, നെജിഷാനവാസ്, വിജി പ്രഭാകരന്‍, ഷോബി അനില്‍, എല്‍ജി റോയി, സുകന്യ അനീഷ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

muvattupuzha news
Advertisment