Advertisment

പദ്ധതി നിര്‍വ്വഹണത്തില്‍ ജനപ്രതിനിധികള്‍ ശ്രദ്ധചെലുത്തണം - പി.സി സിറിയക്

New Update

publive-image

Advertisment

തൊടുപുഴ: സംസ്ഥാന ബഡ്ജറ്റിന്‍റെ 40 ശതമാനത്തോളം തുക പദ്ധതി നിര്‍വ്വഹണത്തിനായി പഞ്ചായത്തുകള്‍ക്ക് മാറ്റിവയ്ക്കുന്നുണ്ടെങ്കിലും പകുതിയിലധികവും നടപ്പാകുന്നില്ലെന്ന് മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക് ഐഎഎസ് പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷികമേളയോടനുബന്ധിച്ച് നടത്തിയ ഇടുക്കി ജില്ലയിലെത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമവും അധികാര വികേന്ദ്രീകരണവും കാര്‍ഷികവികസനത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള പങ്കും സെമിനാര്‍ ന്യൂമാന്‍ കോളേജ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിളവെടുപ്പ് സമയത്തുള്ള വിലത്തകര്‍ച്ചയാണ് ഇന്ന് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. താങ്ങുവില എന്നാല്‍ ഉല്‍പാദനച്ചെലവ് മാത്രം നല്‍കുന്ന ഒന്നാകരുത്. കൃഷി ചെയ്യുന്നകര്‍ഷകന് ആശ്വാസം ഏകുന്ന താങ്ങുവില ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിച്ചെങ്കില്‍ മാത്രമേ കൃഷി ആദായകരമാകുകയുള്ളൂ. ഓരോ ഗ്രാമത്തിലും ഉത്പാദക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണം.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ 35 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോഴിത് 350 ദശലക്ഷം ടണ്‍ ആയിട്ടുണ്ട്. ഭക്ഷ്യോല്‍പാദന കാര്യത്തില്‍ കേരളം മുന്‍ വര്‍ഷങ്ങളേക്കാള്‍ പിന്നോക്കം പോകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. പദ്ധതി രൂപീകരിക്കുമ്പോള്‍ ഭക്ഷ്യോത്പാദനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഊന്നല്‍ നല്‍കണം - പി.സി. സിറിയക് പറഞ്ഞു.

പ്ലാന്‍ ഫണ്ടുകള്‍ വെട്ടികുറയ്ക്കുകയും ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനം ഒരു സര്‍ക്കാരും സ്വീകരിക്കരുതെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു.

റബ്ബര്‍ ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും റബ്ബറിനെ ഒരു കാര്‍ഷികവിളയായി മാറ്റണമെന്നും അവര്‍ പറഞ്ഞു. നമ്മുടെ കാര്‍ഷിക വൃത്തി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുവാനുള്ളതല്ല. കുത്തകകള്‍ എടുക്കുന്ന തീരുമാനമല്ല ഇവിടെ നടപ്പാക്കേണ്ടത് - മേരി ജോര്‍ജ് പറഞ്ഞു.

യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ, അഡ്വ. ജോയി എബ്രാഹം എക്സ് എം.പി., മുന്‍ മന്ത്രി ടി.യുകുരുവിള, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപി, അഡ്വ. ജോണി നെല്ലൂര്‍ എക്സ്എംഎല്‍എ, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, അഡ്വ. ഫില്‍സണ്‍ മാത്യൂസ്, പ്രൊഫ. ഡി.കെ.ജോണ്‍, ഡോ. എബ്രഹാം കലമണ്ണില്‍, പ്രൊഫ. ഷീല സ്റ്റീഫന്‍, വിക്ടര്‍ ടി തോമസ് എന്നിവര്‍ സംസാരിച്ചു.

 

 

thodupuzha news
Advertisment