എനിക്ക് ഡല്‍ഹിയില്‍ പോകണമെങ്കില്‍ എത്ര രൂപ ചെലവാകും, അതിലും നല്ലത് കമ്മീഷന്‍ ഇങ്ങോട്ട് വരുന്നതല്ലേ..! ; ഡിഎയും ടിഎയും അയച്ചുതന്നാല്‍ ഡല്‍ഹിക്ക് വരുന്നത് പരിഗണിക്കാം; വനിതാ കമ്മീഷനെ പരിഹസിച്ച് പിസി ജോര്‍ജ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, September 11, 2018

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ചതിന് പിന്നാലെ വനിതാ കമ്മീഷനേയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുയര്‍ത്തിയിരിക്കുകയാണ് എംഎല്‍എ പിസി ജോര്‍ജ്. അതേസമയം, കന്യാസ്ത്രീയെ പരിഹസിക്കുകയും അധിഷേപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ എംഎല്‍എയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പിസിയുടെ പരിഹാസം.

കമ്മീഷന്റെ അധികാരമൊക്കെ ഒന്നൂകൂടെ നോക്കട്ടെ. ഡിഎയും ടിഎയും അയച്ചുതന്നാല്‍ ഡല്‍ഹിക്ക് വരുന്നത് പരിഗണിക്കാം. എനിക്ക് ഡല്‍ഹിയില്‍ പോകണമെങ്കില്‍ എത്ര രൂപ ചെലവാകും. അതിലും നല്ലത് കമ്മീഷന്‍ ഇങ്ങോട്ട് വരുന്നതല്ലേ.’ എന്നതായിരുന്നു പിസിയുടെ പരിഹാസം.വനിതാ കമ്മീഷന്‍ സിറ്റിംഗ് കേരളത്തില്‍ നടത്തട്ടെയെന്നും പിസി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 20ന് രാവിലെ 11.30ന് ഹാജരാകാനാണ് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ, പിസി ജോര്‍ജിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു പിസി ജോര്‍ജിന്റെ വിവാദ ചോദ്യം.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

×