Advertisment

പിസി ജോര്‍ജ് ഇക്കുറി എങ്ങോട്ട് ? യുഡിഎഫുമായി സഹകരിപ്പിക്കണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം ഇന്ന് ! ജോര്‍ജിനെ കൂടെ കൂട്ടുന്നതില്‍ എതിര്‍പ്പില്‍ അയയാതെ പ്രാദേശിക നേതൃത്വം ! കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍ക്ക് ജോര്‍ജിനോടുള്ള അതൃപ്തി തുടരുന്നു. ബിജെപി മുന്നണിയില്‍ ചേരാന്‍ ജോര്‍ജ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ട് ! ജോര്‍ജിന് രണ്ടു സീറ്റ് വാഗ്ദാനം ചെയ്ത് എന്‍ഡിഎയും

New Update

publive-image

Advertisment

കോട്ടയം: പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാട് എന്താകും ? ഇക്കാര്യത്തില്‍ ഇന്നൊരു തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കാമെന്നാണ് യുഡിഎഫ് നേതൃത്വം ജോര്‍ജിനെ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ തവണ പൂഞ്ഞാറില്‍ ഒറ്റയ്ക്കുന്ന നിന്നപോലെത്തെ സ്ഥിതിയല്ലെന്നും ഇക്കുറി ഒരു മുന്നണി വേണമെന്നുമാണ് ജോര്‍ജിന്റെയും ചിന്ത. യുഡിഎഫില്‍ എടുക്കുന്നില്ലെങ്കില്‍ കഴിഞ്ഞ തവണത്തേത് പോലെ പൂഞ്ഞാറില്‍ ഒറ്റയാനായി സ്വതന്ത്രനായി മത്സരിക്കുമോ അതോ തന്നെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്ന ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാകുമോ എന്നുമാണ് കണ്ടറിയേണ്ടത്.

കഴിഞ്ഞ തവണ മൂന്ന് മുന്നണികളിലും പെടാതെ പൂഞ്ഞാറില്‍ ചതുഷ്‌ക്കോണ മത്സരത്തിന് വഴിയിട്ട പിസി ജോര്‍ജ്ജ് എല്ലാവരേയും അമ്പരപ്പിച്ച് 27,000 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണയും കേരള ജനപക്ഷം ആയി തന്നെ തെരഞ്ഞെടുപ്പിനെ നേരിട്ടാലും 35,000 വോട്ടിനു ജയിക്കുമെന്നാണ് പിസിയുടെ അവകാശവാദം. അതേസമയം പിസിയെ എന്‍ഡിഎയുടെ ഭാഗമാക്കാന്‍ ബിജെപിയും ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസം ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് പിസി ജോര്‍ജ് 1000 രൂപ സംഭാവന നല്‍കിയതിനെ ഇതിന്റെ ഭാഗമായി കണക്കാക്കണമെന്ന വാദമുണ്ട്. നേരത്തേ എന്‍ഡിഎയുടെ ഭാഗമായിരിക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്ത കേരളാകോണ്‍ഗ്രസ് പിസി തോമസ് വിഭാഗം വീണ്ടും എന്‍ഡിഎയിലേക്ക് അടുക്കുന്നുണ്ട്. പിന്നാലെ പിസി ജോര്‍ജ് കൂടി എത്തിയാല്‍ ബിജെപിയ്ക്ക് കോട്ടയം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ പലയിടത്തും തുണയാകും.

ഒരിക്കല്‍ എന്‍ഡിഎയുടെ ഭാഗമായിരിക്കുകയും പിന്നീട് എന്‍ഡിഎ വിടുകയും ചെയ്ത പിസി ജോര്‍ജിനെ ഒപ്പം കൂട്ടാന്‍ അദ്ദേഹത്തിന് പൂഞ്ഞാറിന് പുറമേ തങ്ങള്‍ക്ക് സ്വാധീനമുള്ള മറ്റൊരു സീറ്റ് കൂടി നല്‍കാന്‍ ബിജെപി തയ്യാറായേക്കും. എന്‍ഡിഎയില്‍ നിന്നും ക്ഷണം ഉണ്ടെന്നും യുഡിഎഫുമായി ചര്‍ച്ചയുള്ളതിനാല്‍ 24 വരെ പ്രതികരിക്കുന്നില്ല, 27 വരെ കാത്തിരിക്കുമെന്നും അതുകഴിഞ്ഞാലേ ഏതു മുന്നണിയില്‍ ചേരണമെന്ന തീരുമാനം എടുക്കുകയുള്ളെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്.

അതേസമയം ഇത്തവണ യുഡിഎഫിന്റെ ഭാഗമായി നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പിസി ജോര്‍ജ് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. ചര്‍ച്ച അവസാന ഘട്ടം വരെ എത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പൂഞ്ഞാറിലോ, മാണി സി കാപ്പന്‍ യുഡിഎഫില്‍ വന്നില്ലെങ്കില്‍ പാലായില്‍ ജോസ് കെ മാണിക്കെതിരെയോ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗുമാണ് ജോര്‍ജിന്റെ യുഡിഎഫ് പ്രവേശത്തിന് ഇപ്പോള്‍ വിഘാതം ഉണ്ടാക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് പിസി ജോര്‍ജ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശവും ഇടയ്ക്ക് എന്‍ഡിഎ മുന്നണിയില്‍ അംഗമായതും തിരിച്ചടിയാകുമെന്ന് അവര്‍ വാദിക്കുന്നു.

നേരത്തേ പിസി ജോര്‍ജ് എന്‍ഡിഎയില്‍ എത്തിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം നേടാനായില്ല. ശബരിമല പോലെയുള്ള വിഷയത്തിന്റെ ആനുകൂല്യവും ഉണ്ടായിട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി പോയിരുന്നു.

pc george kottayam news
Advertisment