Advertisment

പിസി ജോര്‍ജ് യുഡിഎഫ് സ്വതന്ത്രനാകും ! മുന്നണിയില്‍ ചേര്‍ക്കാതെ ജോര്‍ജിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് ധാരണ . അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പിന് പിന്നാലെ പഴയ സ്വഭാവം തുടര്‍ന്നാല്‍ ജോര്‍ജ് പടിക്ക് പുറത്താകും ! മുന്നണിക്കുള്ളിലെ കാര്യങ്ങള്‍ രഹസ്യമായി വയ്ക്കാനും നേതാക്കള്‍ക്കും നിര്‍ദേശം. സീറ്റിന്റെ എണ്ണം മാധ്യമങ്ങളിലൂടെയല്ല പറയേണ്ടതെന്നും കക്ഷികള്‍ക്ക് മുന്നറിയിപ്പ്. യുഡിഎഫ് യോഗത്തില്‍ സംഭവിച്ചത്....

New Update

publive-image

Advertisment

തിരുവനന്തപുരം: പിസി ജോര്‍ജിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ ധാരണ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ യുഡിഎഫ് ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തി. മുന്നണിയിലെ ഘടകകക്ഷി എന്ന നിലയില്‍ പിസി ജോര്‍ജിന്റെ ജനപക്ഷത്തെ യുഡിഎഫിന്റെ ഭാഗമാക്കില്ല.

പിസി ജോര്‍ജ് യുഡിഎഫ് സ്വതന്ത്രന്‍ എന്ന നിലയില്‍ ഒരു സീറ്റില്‍ മത്സരിക്കും. കാഞ്ഞിരപ്പള്ളി, പാല സീറ്റുകളില്‍ ഏതെങ്കിലുമൊന്നിലാകും ജോര്‍ജ് മത്സരിക്കുക. ജോര്‍ജിന്റെ സിറ്റിങ് മണ്ഡലമായ പൂഞ്ഞാര്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കും.

ജോര്‍ജിന്റെ പാര്‍ട്ടിയുടെ വോട്ടിന്റെ ബലത്തില്‍ പൂഞ്ഞാറില്‍ ഇക്കുറി ജയിക്കാന്‍ ജോര്‍ജിന് കഴിയില്ല എന്നതിനാല്‍ യുഡിഎഫിന്റെ ഈ തീരുമാനം ജോര്‍ജ് അംഗീകരിക്കും. അതേസമയം ജോര്‍ജ് ഇനി ഏതെങ്കിലും തരത്തിലുള്ള യുഡിഎഫ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉടന്‍ മുന്നണിക്ക് പുറത്താക്കുമെന്ന സന്ദേശം നല്‍കിയാകും ജോര്‍ജിനെ സഹകരിപ്പിക്കുന്നത്.

ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുമായി പ്രതിപക്ഷ നേതാവ് ജോര്‍ജിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്തിരുന്നു. അതിനിടെ ജോര്‍ജിനെ കൂടി ഇത്തവണ സഹകരിപ്പിക്കണമെന്ന് കത്തോലിക്കാസഭയിലെ ഒരു ഉന്നതന്‍ ഉമ്മന്‍ചാണ്ടിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ജോര്‍ജിനെ സഹകരിപ്പിക്കുന്നത്.

സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നത് തടയാന്‍ ഇടപെടുമെന്ന് ജോര്‍ജ് ചില നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. സരിതയെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയുമെന്നാണ് ഈ ഉറപ്പ്. എന്നാല്‍ അതു ഭാവിയില്‍ പാരയാകുമെന്നു കരുതുന്ന നേതാക്കളും ഉണ്ട്.

അതിനിടെ ജോര്‍ജിനെ ചേര്‍ക്കുന്നതില്‍ ജോസഫ് വിഭാഗം ചില എതിര്‍പ്പുന്നയിച്ചിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രാദേശികമായ എതിര്‍പ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പരിഹരിക്കാനും ധാരണയായിട്ടുണ്ട്.

ഇതിനു പുറമെ സീറ്റ് വിഭജന ചര്‍ച്ച ഈയാഴ്ച തന്നെ തുടങ്ങാനാണ് മുന്നണിയില്‍ ധാരണയായത്. ആര്‍ക്ക് എത്ര സീറ്റ് വേണമെന്നത് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തീരുമാനിക്കും. അതിനു മുമ്പായി മാധ്യമങ്ങളിലൂടെ സീറ്റ് എണ്ണം നേതാക്കള്‍ പറയരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല യോഗത്തില്‍ പറയാമെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്നാണ് നിര്‍ദേശം

Advertisment