Advertisment

ഒറ്റയ്ക്ക് നിന്നാല്‍ ഇത്തവണ കാലിടറുമോയെന്ന ഭയത്തില്‍ യുഡിഎഫ് പ്രവേശനത്തിനായി പിസി ജോര്‍ജ്. മുന്നണിയിലെടുത്തില്ലെങ്കില്‍ സഹകരിപ്പിക്കുന്ന അംഗമാക്കിയാലും മതിയെന്നും ജോര്‍ജിന്റെ അപേക്ഷ. പിസി വേണ്ടെന്ന് ഒറ്റക്കെട്ടായി പ്രാദേശിക നേതൃത്വം. ഉമ്മന്‍ചാണ്ടിക്കും എതിര്‍പ്പ്. ചെന്നിത്തലയെ കൂട്ട് പിടിച്ച് പിസി ജോര്‍ജിന്റെ മുന്നണി പ്രവേശന നീക്കങ്ങള്‍ വിജയിക്കുമോ ?

New Update

publive-image

Advertisment

കോട്ടയം: യുഡിഎഫിന്റെ ഭാഗമാകാനാണ് കേരള ജനപക്ഷം പാർട്ടി തീരുമാനിച്ചതെന്ന പരസ്യപ്രഖ്യാപനം നടത്തിയിട്ടും പിസി ജോർജുമായുള്ള ബന്ധത്തിൽ കോൺഗ്രസിൽ ഇപ്പോഴും തർക്കം തുടരുന്നു. കൂടെ നിന്ന കാലത്തുപോലും പാർട്ടിക്ക് തലവേദനമാത്രം സമ്മാനിച്ച പിസി ജോർജിനെ ഒരു കാരണവശാലും കൂടെ കൂട്ടരുതെന്നാണ് കോൺഗ്രസിലെ ഒരു വിഭാത്തിന്റെ നിലപാട്. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളാണ് ഈ അഭിപ്രായത്തിന് പിന്നിൽ ഉള്ളത്.

ഘടകകക്ഷിയാക്കിയില്ലെങ്കിലും സഹകരിപ്പിക്കുന്ന ഒരു കക്ഷി അല്ലെങ്കിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിലാണെങ്കിലും ഒരു അംഗീകാരം വേണമെന്നാണ് പിസി ജോർജ് പറയുന്നത്. ഇതിനായി പലവട്ടം പിസി ജോർജ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കണ്ടിരുന്നു. എന്നാൽ ജോർജിനെ മുന്നണിയിലെടുക്കരുതെന്നാവശ്യപ്പെട്ട് പ്രാദേശിക ഘടകങ്ങൾ പ്രമേയം പാസാക്കി കഴിഞ്ഞു.

2016ൽ പൂഞ്ഞാറിൽ പിസി ജോർജ് മത്സരിക്കുമ്പോഴുള്ള സാഹചര്യമല്ല നിലവിലുള്ളത്. എംഎൽഎയ്‌ക്കെതിര പല അഭിപ്രായ വ്യത്യാസങ്ങളും മണ്ഡലത്തിൽ സജീവമാണ്. അതുകൊണ്ടുതന്നെ മുൻ തെരഞ്ഞെടുപ്പുപോലെ ഒറ്റയ്ക്ക് നിന്നു വിജയിക്കുക എന്നത് ബാലികേറാ മലയാകുമെന്ന ബോധ്യം പിസിക്ക് ഇക്കുറിയുണ്ട്.

അതുകൊണ്ടുതന്നെയാണ് മുന്നണി വേണമെന്ന നിലപാടിൽ ജോർജ് എത്തിയത്. ആദ്യം ഇടതു മുന്നണി സാധ്യതകൾ ജോർജ് തേടിയെങ്കിലും സിപിഎം തന്നെ അതു മുളയിലേ നുള്ളി. പിന്നീട് യുഡിഎഫിലേക്ക് ചേക്കേറാൻ ശ്രമം നടത്തുകയായിരുന്നു.

യുഡിഎഫുമായി സഹകരിപ്പിച്ചാൽ പൂഞ്ഞാറിന് പകരം ഇക്കുറി പാലായിലൊ, കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കാമെന്ന ഓഫറും പിസി ജോർജ് തന്നെ മുമ്പോട്ടു വച്ചിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി ഇടതു സ്ഥാനാർത്ഥിയാകുമെന്നു ഉറപ്പായ സാഹചര്യത്തിൽ താൻ ശക്തനായ എതിരാളിയാകുമെന്നു തന്നെയാണ് പിസി ജോർജിന്റെ വാഗ്ദാനം.

നിലവിൽ പാലായുടെ ഭാഗമായ അഞ്ച് പഞ്ചായത്തുകൾ പൂഞ്ഞാറിന്റെ ഭാഗമായിരുന്നെന്നും തനിക്ക് ഇവിടെ വലിയ സ്വാധീനമുണ്ടെന്നും ജോർജ് കണക്കുകൾ നിരത്തി വ്യക്തമാക്കുന്നുണ്ട്. യുഡിഎഫ് പിന്തുണച്ചാൽ തനിക്ക് എളുപ്പത്തിൽ പാലാ കയ്യടക്കാമെന്നും ജോർജ് യുഡിഎഫിലെ ചില നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ജോർജിനെ വിശ്വസിക്കരുതെന്നു തന്നെയാണ് ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളുടെ പക്ഷം. പ്രാദേശികമായ എതിർപ്പ് കണക്കിലെടുക്കണെമെന്നും പിസി ജോർജ് ഇല്ലെങ്കിലും യുഡിഎഫിന് കോട്ടയത്തെ ഈ മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്നും ഇവര് വാദിക്കുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലവഴിയാണ് മുന്നണി പ്രവേശനത്തിനുള്ള കരുക്കൾ ജോർജ് നീക്കുന്നത്.

Advertisment