Advertisment

‌യുഡിഎഫിലേക്ക് കൂടുമാറാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം ! യുഡിഎഫിലേക്ക് വരുന്നത് ഉപാധികളില്ലാതെ. ഉപാധികളില്ലെന്നു പറയുമ്പോഴും കണ്ണ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍. ഇടതും വലതും ബിജെപിയും മാറി മാറി പരീക്ഷിച്ച പിസി തോമസ് ഇനിയെങ്കിലും യുഡിഎഫില്‍ തന്നെ നില്‍ക്കുമൊയെന്ന സംശയത്തില്‍ കോണ്‍ഗ്രസ്

New Update

കോട്ടയം: കേന്ദ്രത്തിലും, സംസ്ഥാനത്തുമായി എല്ലാ മുന്നണികളുടെയും ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വന്നാല്‍ മുന്നണിയിലെടുക്കാമന്നു കോണ്‍ഗ്രസ് നേരത്തെ പിസി തോമസിന് ഉറപ്പു നല്‍കിയിരുന്നു. ഇന്നു പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ഓണ്‍ലൈനായി ചേര്‍ന്നു ഇക്കാര്യം പ്രഖ്യാപിക്കും.

Advertisment

publive-image

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ മധ്യകേരളത്തില്‍ യുഡിഎഫിന് തിരിച്ചടികളുണ്ടാകുമെന്ന പ്രചാരണം ശക്തമായിരുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് ഘടകകക്ഷികള്‍ മുന്നണി വിടുന്നത് ദോഷം ചെയ്യുമെന്ന അഭിപ്രായം പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചെറിയ കക്ഷികളെയാണെങ്കിലും മുന്നണിയുടെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

നേരത്തെ തന്നെ എന്‍ഡിഎയുമായി അകല്‍ച്ചയിലായിരുന്ന പിസി തോമസ് തന്നെ മുന്‍കൈയെടുത്താണ് യുഡിഎഫിലേക്ക് മടങ്ങാന്‍ ശ്രമം നടത്തയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തുമൊക്കെ യുഡിഎഫിലേക്ക് വരാന്‍ തോമസ് ശ്രമിച്ചിരുന്നെങ്കിലും അന്നു കേരളാ കോണ്‍ഗ്രസ് എം അതില്‍ താല്‍പ്പര്യമെടുത്തിരുന്നില്ല.

നിലവില്‍ ജോസ് കെ മാണി വിട്ടുപോയതോടെ തോമസ് വിഭാഗത്തെ ഉള്‍ക്കൊള്ളാന്‍ യുഡിഎഫിന് പ്രത്യേകിച്ച് ബുദ്ധിമുട്ടുമില്ല. ഈ അനുകൂല സാഹചര്യം കൂടി മുതലെടുത്താണ് പിസി തോമസ് യുഡിഎഫില്‍ ചേക്കേറാന്‍ ഒരുങ്ങുന്നത്.

ആറുതവണ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുള്ള പിസി തോമസ് പക്ഷേ മുന്നണികളും പാര്‍ട്ടിയും വിട്ടു കൂടുമാറുന്നതില്‍ വിദഗ്ദനാണ്. 2004വരെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു മത്സരിച്ച പിസി തോമസ് കെ മാണിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ( ഐഎഫ്ഡിപി) രൂപീകരിക്കുന്നത്. 2004ല്‍ പുതിയ പാര്‍ട്ടിയുമായി എന്‍ഡിഎ പാളയത്തിലെത്തി വിജയിച്ച തോമസ് പിന്നീട് പപ്പു യാദവിനൊപ്പം സഹകരിക്കുന്ന കാഴ്ചയും കണ്ടു.

തെരഞ്ഞെടുപ്പു കേസും അയോഗ്യതയുമൊക്കെ തിരിച്ചടികളായതോടെ ഐഎഫ്ഡിപി വിട്ട് അന്നു ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പിജെ ജോസഫിനൊപ്പം തോമസ് ചേര്‍ന്നു. പിന്നീട് പിജെ ജോസഫ് കെഎം മാണിയോടൊപ്പം ലയിച്ചപ്പോള്‍ തോമസ് പക്ഷേ ഇടതില്‍ തന്നെ നിന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കാര്യമായ പരിഗണന കിട്ടാതായതോടെ ഇടതുമുന്നണി വിട്ട പിസി തോമസ് എന്‍ഡിഎ ക്യാമ്പില്‍ വീണ്ടും എത്തി.

2018 മുതല്‍ എന്‍ഡിഎ നല്‍കാമെന്നു പറഞ്ഞ പല പദവികളും വാഗ്ദാനമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് പിസി തോമസ്് വീണ്ടുമൊരു കൂടുമാറ്റം നടത്തുന്നത്. ഉപാധികളില്ലെന്നു പറയുമ്പോഴും പിസി തോമസിന് ഒരു നിയമസഭാ സീറ്റ് എന്ന ആവശ്യം അവര്‍ ഉയര്‍ത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ എന്നിവയിലേതെങ്കിലും ഒന്നു വേണമെന്നാണ് ആവശ്യം.

എന്നാല്‍ സീറ്റ്് നല്‍കതക്ക സ്വാധീനം പിസി തോമസിന് നിലവില്‍ ഇല്ല എന്നുതന്നെയാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ ജോസ് കെ മാണി വിഭാഗം വിട്ടുപോയെങ്കിലും കേരളാ കോണ്‍ഗ്രസുകള്‍ ജനാധിപത്യ ചേരിയില്‍ തന്നെ എന്ന സന്ദേശം നല്‍കാന്‍ തോമസിന്റെ വരവ് സഹായിച്ചേക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്.

Advertisment