Advertisment

മാതാവും മുത്തശ്ശിയും കൊലചെയ്യപ്പെടുന്ന ബഹളം കേട്ട് അവന്‍ ഉണര്‍ന്നപ്പോള്‍ പ്രതി തട്ടിയുറക്കി;അമ്മയേയും അമ്മൂമ്മയേയും കൊന്നുതള്ളിയ നരാധമന്‍മാര്‍ക്കു നീതിപീഠം തൂക്കുകയര്‍ വിധിച്ചപ്പോഴും അന്നത്തെ കാളരാത്രി അവന്റെ ഓര്‍മയിലില്ല; അവനിന്ന് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

വണ്ടിപ്പെരിയാര്‍: അമ്മയേയും മകളെയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് അപൂര്‍വമെങ്കില്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു ആ മൃതദേഹങ്ങള്‍ക്കരികില്‍നിന്ന് ഒരു കൈക്കുഞ്ഞിന്റെ അതീജീവനം. 2007 ഡിസംബര്‍ രണ്ടിനു രാത്രി അമ്മയും വലിയമ്മയും അതിക്രൂരമായി കൊല്ലപ്പെടുമ്പോള്‍ ഒന്നുമറിയാതെ തൊട്ടിലില്‍ ഉറക്കത്തിലായിരുന്നു ഏഴുമാസം പ്രായമുള്ള കുഞ്ഞ്. പിറ്റേന്ന്, ദേഹമാസകലം രക്തം പുരണ്ട അവന്‍ മുട്ടിലിഴഞ്ഞ് എങ്ങനെയോ പുറത്തെത്തി കരയുമ്പോഴാണ് അയല്‍വാസികള്‍ വിവരമറിഞ്ഞത്. ഇരട്ടക്കൊലപാതകത്തിന്റെ നടുക്കത്തിനപ്പുറം ആ കുഞ്ഞിന്റെ ദൈന്യം 11 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നാട്ടുകാരുടെ മനസില്‍നിന്നു മാഞ്ഞിട്ടില്ല.

Advertisment

publive-image

പ്രതികളായ രാജേന്ദ്രനും ജോമോനും മദ്യലഹരിയില്‍ വീട് തകര്‍ത്ത് അകത്തുകയറുമ്പോള്‍ കുഞ്ഞ് ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് കുഞ്ഞ് ഞെട്ടിയുണര്‍ന്നെങ്കിലും രാജേന്ദ്രന്‍ തട്ടിയുറക്കിയെന്നു ജോമോന്‍ മൊഴിനല്‍കിയിരുന്നു. നീനുവിനെയും മോളിയേയും കൊലപ്പെടുത്തിയശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ഒരുദിവസത്തോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞ കുഞ്ഞ് വിശന്നുതളര്‍ന്ന് ഇഴഞ്ഞു പുറത്തെത്തി കരയുമ്പോഴാണ് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞിന്റെ രക്തം പുരണ്ട തല കഴുകുമ്പോള്‍, ഒലിച്ചിറങ്ങിയ വെള്ളം അവന്‍ ആര്‍ത്തിയോടെ കുടിച്ചത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

2007 ഡിസംബര്‍ രണ്ടിന് രാത്രി 11നും പുലര്‍ച്ചെ അഞ്ചിനുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ പുരുഷന്‍മാരുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതികള്‍ എത്തിയത്. അമ്മിക്കല്ലു കൊണ്ടു പൂട്ടുപൊളിച്ചാണ് പ്രതികള്‍ വീട്ടിനുള്ളില്‍ കയറിയത്. യുവതിയെ ബോധരഹിതയാക്കിയശേഷം രാജേന്ദ്രനും രോഗിയായി കിടന്നിരുന്ന മാതാവിനെ ജോമോനും ബലാത്സംഗത്തിനിരയാക്കി. ബോധം തെളിഞ്ഞ യുവതി കമ്പിവടികൊണ്ട് രാജേന്ദ്രനെ അടിച്ചെങ്കിലും, കമ്പിവടി പിടിച്ചു വാങ്ങി കഴുത്തിലും തലയിലും അടിച്ചു വീഴ്ത്തി. ശേഷം പ്രതികള്‍ രണ്ടും ചേര്‍ന്നു കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ച് അമ്മയെയും മകളെയും നിഷ്ഠൂരമായി കൊലപ്പെടുത്തി.

മരണം ഉറപ്പാക്കിയശേഷം പുലരും വരെ ലൈംഗീകാതിക്രമത്തിന് വിധേയരാക്കി. പിറ്റേന്ന് യുവതിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് രക്തത്തില്‍ കുളിച്ച് ഇഴഞ്ഞെത്തി കരഞ്ഞപ്പോഴാണ് നാട്ടുകാര്‍ കൊലപാതകവിവരം അറിയുന്നത്. അമ്മയുടെ ഭര്‍ത്താവ് സംഭവത്തിനു മൂന്നുമാസം മുമ്പ് മരിച്ചിരുന്നു. സംഭവസമയം യുവതിയുടെ ഭര്‍ത്താവ് തിരുപ്പൂരിലും സഹോദരന്‍ എറണാകുളത്തുമായിരുന്നു.

കൊലയാളികളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അവന്‍ ഇപ്പോള്‍ പിതാവിനൊപ്പം തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ്. അമ്മയേയും അമ്മൂമ്മയേയും കൊന്നുതള്ളിയ നരാധമന്‍മാര്‍ക്കു നീതിപീഠം തൂക്കുകയര്‍ വിധിച്ചപ്പോഴും അന്നത്തെ കാളരാത്രി അവന്റെ ഓര്‍മയിലുണ്ടാകാന്‍ ഇടയില്ല. സംഭവത്തിനുശേഷം രണ്ടുവര്‍ഷം പിതൃമാതാവിനൊപ്പമായിരുന്നു കുട്ടി. 51-ാം മൈലിലെ അംഗന്‍വാടിയില്‍നിന്ന് ആദ്യക്ഷരങ്ങള്‍ പഠിച്ചു. പിന്നീട് പിതാവ് തിരുപ്പൂരിലേക്കു കൂട്ടിക്കൊണ്ടുപോയി. അവനിന്ന് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

കേസിലെ രണ്ടാം പ്രതി 57-ാം മൈല്‍ പെരുവേലിപ്പറമ്പില്‍ ജോമോനെയാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.കെ സുജാത തൂക്കിലേറ്റാന്‍ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പുതുവല്‍ത്തടത്തില്‍ രാജേന്ദ്രന് 2012 ജൂണ്‍ 20ന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

രാജേന്ദ്രന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെഷന്‍സ് കോടതിയുടെ വിധി ശരിവച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 449, 376, 302 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയത്. കൊലപാതകമല്ലാത്ത മറ്റു വകുപ്പുകളില്‍ 30 വര്‍ഷം തടവും 50,000 രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. 2007ല്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയ ജോമോന്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് 2012 ജൂണിലാണ് പിടിയിലാകുന്നത്. തുടര്‍ന്നാണ് കേസില്‍ വീണ്ടും വിചാരണ തുടങ്ങിയത്.

Advertisment