Advertisment

പെരിയ ചിന്തകളുടെ ചെറിയ തമ്പുരാൻ

New Update

വ്ലാത്താങ്കര എന്ന കൊച്ചുഗ്രാമം കാർഷിക സംസ്കൃതികളിലൂടെ തലമുറകളുടെ പകർന്നാട്ടം പേറുന്ന അപൂർവ്വം കേരളീയ ഗ്രാമങ്ങളിൽ ഒന്നാണ്. അതു കൊണ്ട് തന്നെ ജീവിതത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ ഉപജീവനം തേടുമ്പോഴും നാട്ടു നന്മകളുടെ തെളിനീരുറവകൾ ഈ ഗ്രാമീണരിൽ കാണാം. വ്ലാത്താങ്കരയുടെ സ്വത്വബോധത്തിലേക്ക് പതിറ്റാണ്ടുകളായി വെളിച്ചം വിതറിക്കൊണ്ടിരിക്കുന്ന വൃന്ദാവൻ ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ ആദർശ് ആർ.എ. ഇന്ന് ഈ നാട്ടിൽ വെറുമൊരു പേരുകാരനല്ല ഒരു പ്രതീകമാണ് ഇനിയും ഉറവ വറ്റാത്ത സഹജീവി സ്നേഹം മനസ്സിലും പ്രവൃത്തിയിലും കൊണ്ടു നടക്കുന്ന, ഭൂമിയുടെ സ്പന്ദനം നിലനിറുത്തുന്ന മനുഷ്യരുടെ പ്രതീകം.

Advertisment

publive-image

കൊച്ചുനാൾ മുതലേ അന്യന്റെ വേദന തന്റേതായി കാണാൻ ശ്രമിക്കുന്ന ആദർശിന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച ദാരുണ സംഭവമായിരുന്നു. കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ടപകടം. തനിക്കെന്ത് ചെയ്യുവാൻ കഴിയും എന്ന ചിന്തകൾ അവനെ എത്തിച്ചത് വാർത്തകളിൽ നിന്നെവിടെയോ മനസ്സിലിടം പിടിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായിരുന്നു. അന്ന് മുതൽ ആ അഞ്ചാം ക്ലാസുകാരൻ 10 രൂപ എല്ലാ മാസവും മണി ഓർഡറായി CMDRF ലേക്ക് അയച്ചു തുടങ്ങി.

കൃത്യമായി തുക അയച്ച് രസീത് കൈപ്പറ്റുന്ന ആദർശിനെ നേരിട്ട് കാണാൻ വർഷങ്ങൾക്കിപ്പുറം 2018 ഡിസംബറിൽ ബഹുമാന്യ മുഖ്യമന്ത്രി ശ്രീപിണറായി വിജയൻ അനുമതി നല്കി. ആദർശിനോടൊപ്പം ഏറെ നേരം ചെലവഴിച്ച മുഖ്യമന്ത്രിയെ കണ്ട് മടങ്ങുമ്പോൾ ആദർശിന്റെ മനസ്സിൽ ഒരു വലിയ ആശയം രൂപപ്പെട്ട് കഴിഞ്ഞിരുന്നു. കേരളം കണ്ട മഹാപ്രളയത്തിന് ശേഷവും തനിയാവർത്തനമായി മലബാറിനെ ദുരിതത്തിലാഴ്ത്തിയ 2019 ലെ പ്രകൃതി ദുരന്തവും ഒരു സർക്കാരിന് മാത്രം അതിജീവിക്കുവാൻ കഴിയുന്നതല്ലെന്ന വലിയ പാഠം ആദർശിനെ കൊണ്ടെത്തിച്ചത് മണിബോക്സ് എന്ന പദ്ധതിയിലേക്കായിരുന്നു.

ഓരോ വിദ്യാലയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരോ മണി ബോക്സ് സ്ഥാപിക്കുക,വർഷാവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫീസ് സംവിധാനം വഴി അത് സമർപ്പിക്കുക,ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന സ്കൂളുകൾക്ക് ബഹുമതിപത്രം നല്കുക,വിശിഷ്ട വ്യക്തികൾ അത് കുട്ടികൾക്ക് നല്കുക,എന്നതായിരുന്നു. 2019 ആഗസ്ത് മാസം ആദർശ് വീണ്ടും മുഖ്യമന്ത്രിയെ കണ്ടു തന്റെ സ്വപ്ന പദ്ധതി അദ്ദേഹത്തിന് മുമ്പാകെ സമർപ്പിച്ചു. അനുഭാവപൂർവ്വം മുഖ്യമന്ത്രി അതംഗീകരിച്ചു. വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും അനുകൂലമായ നടപടികൾ ദ്രുതഗതിയിൽ നടപ്പിലാക്കി. സെപ്റ്റംബർ രണ്ട് മുതൽ ആറ് വരെ ആദ്യഘട്ടമായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ആദർശിന്റെ മണി ബോക്സ് വഴി കുഞ്ഞു കരങ്ങൾ ശേഖരിക്കുന്ന വലിയ നന്മ CMDRF ലേക്ക് എത്തി തുടങ്ങും. തുടർന്നും വിദ്യാലയങ്ങളും CMDRF ഉം തമ്മിലുള്ള ഒരു വലിയ ബന്ധമായി അത് തുടരും.

publive-image

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മണി ബോക്സ് പ്രാവർത്തികമായിരിക്കുകയാണ്.സെപ്റ്റംബർ 2 മുതൽ 6 വരെയുള്ള ദിനങ്ങളിലായി 2.83 കോടി രൂപ ആദർശിന്റെ മണി ബോക്സ് വഴി കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കഴിഞ്ഞു.കേരള വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ ഒരു വിദ്യാർഥി സമർപ്പിക്കുന്ന സാമൂഹിക പ്രാധാന്യമുള്ള പദ്ധതി എല്ലാ വിദ്യാലയങ്ങളിലും നടപ്പിൽ വരുത്തുന്ന ആദ്യ സംരംഭമാണ് ആദർശിന്റെ മണി ബോക്സ്.

സാമൂഹ്യ നന്മ ജീവിതാഭിലാഷമായി കൊണ്ടു നടക്കുന്ന മാസ്റ്റർ ആദർശ് അഖിലേന്ത്യാ തലത്തിൽ അംഗീകരിക്കപ്പെടുന്ന ബെസ്റ്റ് ഇൻഡ്യാ റെക്കോർഡ്സിലും സ്ഥാനം പിടിച്ചിരിക്കുകയാണ്

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ധനകാര്യ മന്ത്രിയും എം പി ശശി തരൂരും സന്ദേശങ്ങളിലൂടെയും നേരിട്ടും ആദർശിന്റെ സാമൂഹിക പ്രതിബദ്ധതയുടെ നല്ല പാഠത്തെ പ്രശംസിക്കുമ്പോഴും ചാനലുകളിലും വാർത്തകളിലും തന്റെ സുദൃഢമായ ചിന്തകൾ പങ്കുവെക്കുമ്പോഴും വിനയാന്വിതനായി മാറുന്ന ഈ വിദ്യാർഥിക്ക് ഒരു സ്വപ്നമുണ്ട് ,നാടിനെ സേവിക്കുവാൻ കഴിയുന്ന ഒരു ഐ.പി.എസ് കാരനാകണം എന്ന സ്വപ്നം. പ്രവാസത്തിന്റെ വിദൂരതയിലും മകന്റെ ആഗ്രഹത്തിന് വേണ്ടി യത്നിക്കുന്ന രമേശൻ നായരുടേയും ആശയുടേയും മകനായ ആദർശിന് ആ സ്വപ്നവും യാഥാർഥ്യമാക്കുവാൻ കഴിയട്ടെ.

ആദർശിന്റ ചിന്തകൾ നമ്മുടെ വിദ്യാർഥികൾക്കും മാതൃകയാകട്ടെ.ഉയർന്ന ശിരസ്സോടെ നിവർന്ന നട്ടെല്ലോടെ പ്രബുദ്ധമാകുന്ന ഇത്തരം ചിന്തകളാണ് ഒരു നാടിന്റെ മാനവവിഭവങ്ങളായി പരിലസിക്കുന്നത്.

aadharsh
Advertisment