Advertisment

ഇന്ധന വില നൂറിലേക്ക് അടുക്കുന്നു ! ഇന്നും വില കൂടിയതോടെ കേരളത്തില്‍ പെട്രോളിന് 97 രൂപ കടന്നു. ഡീസല്‍ വില 92.34 രൂപ. വില വര്‍ധനവ് തുടരുമ്പോഴും അനങ്ങാതെ രാഷ്ട്രീയ കക്ഷികള്‍. ദിനം പ്രതി വിലകൂട്ടുന്ന കേന്ദ്ര നയത്തിനെതിരെ മൗനം തുടര്‍ന്ന് ബിജെപി ! സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടേതായതോടെ സമരം മറന്ന് ഇടതു യുവജന സംഘടനകളും. ഇന്ധന വിലവര്‍ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം ഒഴിവാക്കി സാധാരണക്കാരന് ആശ്വാസം നല്‍കാതെ പിണറായി സര്‍ക്കാരും ! ഇന്ധനവില കൂടുന്നത് അറിഞ്ഞ മട്ട് കാണിക്കാതെ കോണ്‍ഗ്രസ്. കേരളത്തില്‍ നിന്നും ജയിച്ച 19 യുഡിഎഫ് എംപിമാരും കടമ മറക്കുന്നോ ? ഏക കനല്‍ത്തരിയും ഉറക്കത്തില്‍ തന്നെ !

New Update

കൊച്ചി: ഇന്ധന വില നൂറിലേക്ക് കുതിച്ചിട്ടും അനങ്ങാപ്പാറ നയവുമായി രാഷ്ട്രീയ കക്ഷികള്‍. പണ്ട് നേരിയ വിലവര്‍ധനവ് ഉണ്ടായാപ്പോള്‍ പോലും വലിയ പ്രതിഷേധവുമായി നിരത്തിലിറങ്ങിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്നു ഒരു പ്രതിഷേധ പ്രസ്താവനപോലും നടത്തുന്നില്ലെതാണ് വാസ്തവം.

Advertisment

publive-image

സംസ്ഥാനത്ത് തിരുവനന്തപുരത്ത് ഇന്നു പെട്രോള്‍ വില 97.01 രൂപയും ഡീസലിന് 92.34 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 95.13 രൂപയും ഡീസലിന് 90.57 രൂപയുമാണ് വില. കഴിഞ്ഞ 36 ദിവസത്തിനിടെ 20 തവണയാണ് ഇന്ധന വില വര്‍ധിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതിയിലൂടെ വലിയ വരുമാനം ലഭിക്കുന്നതുകൊണ്ട് ഭരിക്കുന്ന രണ്ടുകക്ഷികളും മൗനത്തിലാണ്. നേരത്തെ യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഉയര്‍ന്നാല്‍ എന്നും സമരമുഖത്തായിരുന്ന ബിജെപി ഇന്നു അതു കണ്ട മട്ടില്ല. അല്‍പ്പമെങ്കിലും ആശ്വാസം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ പോലും അവര്‍ തയ്യാറല്ല.

കേരളത്തിലെ ഭരണപക്ഷത്തിന്റെ സ്ഥിതിയും അതുതന്നെ. ഇടതു യുവജന പ്രസ്ഥാനങ്ങളൊക്കെ സമരം മറന്നു കഴിഞ്ഞു. ഇന്ധന വിലവര്‍ധനവ് കേന്ദ്രത്തിന്റെ വിഷയമാണെന്നൊക്കെ പറഞ്ഞ് സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാമെങ്കിലും കേരളത്തിനും ഈ വിഷയത്തില്‍ പലതും ചെയ്യാനാകും.

വിലവര്‍ധനവിലൂടെ വരുന്ന അധിക നികുതി വരുമാനം വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു വച്ചാല്‍ തന്നെ അതു ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കും. എന്നാല്‍ അതിന് സര്‍ക്കാരിനെ പ്രേരിക്കേണ്ട സംഘടനകള്‍ക്ക് അതു പറയാന്‍ പോലും ഭയമാണ്. ഇനി ഈ വിഷയങ്ങളൊക്കെ ഏറ്റെടുക്കേണ്ട പ്രതിപക്ഷത്തിന്റെ കാര്യം അതി ദയനീയമാണ്.

കേരളത്തിലും കേന്ദ്രത്തിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇന്ധന വിലവര്‍ധന വിഷയം അറിഞ്ഞ മട്ടുപോലുമില്ല. കോവിഡ് കാലത്ത് സമരങ്ങള്‍ പറ്റില്ലെന്ന് പറയുമ്പോഴും പുതിയ സമരമുറകള്‍ പരീക്ഷിക്കാന്‍ എന്തിന് ഇവര്‍ ഭയക്കുന്നു. യൂത്ത്‌കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമൊക്കെ ഇന്നും നിശബ്ദരാണ്.

കേരളത്തില്‍ നിന്നും ജയിച്ചുപോയ 19 ലോക്‌സഭാ എംപിമാര്‍ യുഡിഎഫിന്റെയാണ്. അവര്‍ക്കും ഈ വിഷയത്തില്‍ മൗനമാണ്. കേന്ദ്രത്തിനെതിരെ ഒന്നും ഉരിയാടാതെ ഇരുന്നിട്ട് പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ് തങ്ങളെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഇവര്‍ അറിയുന്നില്ല.

സംസ്ഥാനത്തു നിന്നും ജയിച്ച ഏക കനല്‍തരിയുടെ അവസ്ഥയും വ്യത്യാസമൊന്നുമില്ല. രാജ്യസഭാ എംപിമാരും ഇന്ധന വിലവര്‍ധനവില്‍ മൗനത്തില്‍ തന്നെയാണ്.

PETROL PRICE
Advertisment