Advertisment

പൈനാപ്പിൾ ഇലകൾ കൊണ്ട് ബാഗും വസ്ത്രവും; കർഷകർക്ക് സാധ്യതകളേറെ

New Update

വാഴക്കുളം: ആർക്കും വേണ്ടാതെ കുഴിച്ചു മൂടിയിരുന്ന പൈനാപ്പിൾ ഇലകളിൽ നിന്ന് വിലയേറിയ വാനിറ്റി ബാഗുകളും വസ്ത്രങ്ങളും. അടുത്തിടെ പൈനാപ്പിൾ തടയിൽ നിന്ന് ബ്രോമലെയ്ൻ എന്ന എൻസൈം വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ എത്തിയതിന് പിന്നാലെ ഉപേക്ഷിക്കപ്പെടുന്ന ഇലകൾക്കും വില ലഭിക്കുന്നത് കർഷകർക്ക് സഹായകമാകും.

Advertisment

publive-image

ഇലയിൽ നിന്നുള്ള നാരുകൾ വേർതിരിച്ച് ഉന്നത നിലവാരമുള്ള വസ്ത്രങ്ങളും വാനിറ്റി ബാഗുകളും ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ബോളിവുഡ് താരം ഷാറൂഖ് ഖാൻ ഉൾപ്പെടെ പൈനാപ്പിൾ നാരുകൊണ്ടുണ്ടാക്കിയ വസ്ത്രം ഉപയോഗിക്കുന്നത് ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികൾ കഴിഞ്ഞയാഴ്ച വാഴക്കുളത്തെത്തി ടൺ കണക്കിന് ഇലകൾ വാങ്ങിയിരുന്നു.

നല്ല നിലവാരമുള്ള ഇലകൾ വെട്ടിക്കൂട്ടി നന്നായി പാക്ക് ചെയ്ത് അയക്കുമ്പോഴുള്ള പണിക്കൂലി കർഷകർക്ക് പ്രശ്നമാണെങ്കിലും കൃഷി മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഇലകൾക്കുള്ള ആവശ്യമെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ(കേരളം) പ്രസിഡന്റ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറഞ്ഞു.

നിലവിൽ കിലോക്ക് 12 മുതൽ 15 രൂപ വരെയാണ് ലഭിക്കുന്നതെങ്കിലും ഡിമാന്റ് ഏറുന്നതോടെ വില വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഭേദപ്പെട്ട വിലയായിരുന്നു പൈനാപ്പിളിന്.

കണയ്ക്കും ഇലകൾക്കും കൂടി വില ലഭിക്കുന്ന സാഹചര്യമുണ്ടായാൽ കൃഷി നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

pinapple leaf
Advertisment