Advertisment

ഗൾഫിൽ മലയാളിക്ക് ഒരു പ്രശ്നം വന്നാൽ എംബസിയെ സമീപിക്കുന്നതിനു പകരം ആദ്യം എത്തുന്നത് യൂസഫലിയുടെ പക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

publive-image

Advertisment

കൊച്ചി∙ ഗൾഫിൽ മലയാളിക്ക് ഒരു പ്രശ്നം വന്നാൽ എംബസിയെ സമീപിക്കുന്നതിനു പകരം ആദ്യം യൂസഫലിയുമായിട്ടാണു ബന്ധപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

ലുലു ബോൾഗാട്ടി രാജ്യാന്തര കൺവെൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. പദ്ധതിയുടെ തുടക്കകാലത്തുണ്ടായ വിവാദങ്ങൾ സംബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പരാമർശിച്ചതിനു മറുപടിയായിട്ടാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

publive-image

ഈ മനോവേദന നമുക്കു ശീലമായിരിക്കുന്നു. നല്ല കാര്യങ്ങൾ ഒരു വശത്തും അതിനോട് എതിർപ്പ് മറുവശത്തും തുടരുന്നു. അതിനാൽ വികസന പദ്ധതികളെ പിന്തുണയ്ക്കുന്ന സമീപനം വേണം.

വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം പാരവയ്ക്കുന്ന പ്രവണത അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഏതു പദ്ധതി വരുമ്പോഴും ഈ പ്രശ്നമുണ്ട്. നാടിനു വികസനം ആവശ്യമാണ്. നാം കുറഞ്ഞ കാലം മാത്രമേ ഇവിടെ ജീവിക്കുന്നുള്ളൂ.

publive-image

അതിനിടെ മാറിയ നാടിനെ ഐശ്വര്യത്തോടെ വരും തലമുറയ്ക്കു കൈമാറാൻ കഴിയണം. അതിനു വേണ്ട യോജിച്ച സമീപനം എളുപ്പമല്ലെങ്കിലും കൂട്ടായി അതിനു നേതൃത്വം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതു കാര്യത്തിലായാലും പ്രയാസം അനുഭവപ്പെടാറുണ്ടെന്നു മാത്രമല്ല, ഈ പ്രവണത ഇപ്പോഴും നിയന്ത്രണമില്ലാതെ തുടരുകയുമാണ്. നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങളാണു നമുക്കു വേണ്ടത്. അതിനായി ഒന്നിച്ചു നിൽക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

publive-image

ലുലു കൺവെൻഷൻ സെന്റർ പൂർണമാവുമ്പോൾ 4000 പേർക്കു തൊഴിൽ ലഭിക്കും. കാൽ ലക്ഷത്തിലേറെ മലയാളികൾ ലുലു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.

തൊഴിലാളികളെ അംഗീകരിക്കാനും സ്നേഹിക്കാനും മനസ് ഉള്ളതുകൊണ്ടാണ് ലുലു ഇത്രയേറെ വളർന്നത്. അത്തരം സമീപനം ഇല്ലാതിരുന്ന മറ്റൊരു ബിസിനസ് ഗ്രൂപ്പ് തകർന്നതിനു പിന്നിൽ ഇതിനു വിപരീതമായ സമീപനമായിരുന്നെന്ന് പിണറായി ചൂണ്ടിക്കാട്ടി.

ദാരിദ്ര്യ നിർമ്മാർജനമാണ് നമുക്കു പ്രധാനം എന്നതിനാൽ അതിന് തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യ വികസനവുമാണു വേണ്ടതെന്ന് അധ്യക്ഷത വഹിച്ച കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ഇത്തരം കൺവെൻഷൻ സെന്ററുകൾ നൂറു കണക്കിനാണ് ഇന്ത്യയിൽ വേണ്ടത്.

ഹൈവേ വികസനത്തിനായി എത്ര തുക മുടക്കാനും കേന്ദ്ര തയ്യാറാണെങ്കിലും കേരളത്തിൽ സ്ഥലം കിട്ടുന്നില്ലെന്ന് ഗഡ്കരി പരാതിപ്പെട്ടു. വിഭാഗീയതയ്ക്ക് അതീതമായി വികസനത്തെ കാണണം. നിക്ഷേപങ്ങൾക്ക് ഗവൺമെന്റ് പിന്തുണ ഉണ്ടാകുമെന്ന് ഗഡ്കരി പറഞ്ഞു.

publive-image

യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബഹ്റൈൻ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കെ.വി. തോമസ്, പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ കെ.എം. മാണി, എസ്.ശർമ്മ, പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, ഹയാത്ത് ഗ്രൂപ്പ് പ്രസിഡന്റ് പീറ്റർ ഫുൾട്ടൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവർ പ്രസംഗിച്ചു.

Gulf gulf bussiness lulu
Advertisment