ഇതൊരു പക്ഷിയാണ്…ഇതൊരു വിമാനമാണ് ; വീഡിയോ എഡിറ്റ് ചെയ്ത് ട്രെയിന്‍ വേഗത രണ്ടിരട്ടി കൂട്ടി ട്വിറ്ററിലിട്ടു; അന്തർദ്ദേശീയ മാധ്യമങ്ങളിൽ വാർത്തയായി റെയിൽവേ മന്ത്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 12, 2019

ഡല്‍ഹി : ഇന്ത്യൻ‌ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തന്റെ ഭരണകാലയളവിൽ ഇന്ത്യൻ ട്രെയിനുകൾ കൈവരിച്ച വേഗതയെക്കുറിച്ച് ട്വിറ്ററിൽ ഡംഭ് പറഞ്ഞ് അന്തർദ്ദേശീയ മാധ്യമങ്ങളിൽ ‘താര’മായിരിക്കുകയാണ്.ഇതിനായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ വീഡിയോയെടുത്ത് എഡിറ്റ് ചെയ്ത് രണ്ടിരട്ടി വേഗത കൂട്ടിയാണ് മന്ത്രി അത് ട്വിറ്ററിലിട്ടത്.

ഇങ്ങനെയായിരുന്നു വീഡിയോക്കൊപ്പം പീയൂഷ് ഗോയൽ ചേർത്ത വാചകം: “ഇതൊരു പക്ഷിയാണ്…ഇതൊരു വിമാനമാണ്… മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി നിർമിച്ച ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിൻ കാണൂ. വന്ദേ ഭാരത് എക്സ്പ്രസ്സ് മിന്നൽ വേഗത്തിൽ കടന്നുപോകുന്നു.” ഈ ട്വീറ്റിലെ കള്ളക്കളി ദി ഗാർഡിയൻ അടക്കമുള്ള പ്രമുഖ അന്തർ‌ദ്ദേശീയ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.

മന്ത്രി പറയുന്ന ‘മിന്നൽ വേഗം’ എഡിറ്റ് ചെയ്തുണ്ടാക്കിയ വേഗമാണെന്ന് മിക്കവർക്കും ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിലായി. ചിലർ വീഡിയോയുടെ ഒറിജിനൽ കണ്ടെത്തി പോസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു ചിലരാകട്ടെ വീഡിയോ വീണ്ടും എഡിറ്റ് ചെയ്ത് വേഗത നാലും അ‍ഞ്ചും ഇരട്ടിയാക്കി നൽകി മന്ത്രിയെ സഹായിച്ചു. ഇത് താന്‍ എടുത്ത വീഡിയോയാണെന്ന് സാക്ഷ്യം പറഞ്ഞ് @abhie_jaiswal എന്ന ട്വിറ്റർ ഹാൻഡിൽ രംഗത്തെത്തുകയും ചെയ്തു. ആൾട്ട് ന്യൂസ് ആണ് മന്ത്രിയുടെ ഈ കള്ളത്തരം പൊളിച്ചു കൊടുത്തത്.

×