Advertisment

കാറിലിരുന്ന് പിസ കഴിച്ചു, ബാക്കിവന്ന ഭക്ഷണാവശിഷ്ടം നേരെ പുറത്തേക്ക്; യുവാക്കളെ 80 കിലോമീറ്റർ തിരിച്ച് വണ്ടിയോടിച്ച് മാലിന്യം നീക്കം ചെയ്യിപ്പിച്ച് നാട്ടുകാര്‍

New Update

ബം​ഗളൂരു: കുടകിന്റെ ഭം​ഗിയാസ്വദിച്ച് കാറിൽ സഞ്ചരിക്കവെയാണ് രണ്ട് യുവാക്കൾ പിസ കഴിച്ച് ബാക്കിവന്ന അവശിഷ്ടങ്ങളെല്ലാം പുറത്തേക്കെറിഞ്ഞത്. ഇപ്പോഴിതാ ഇതേ യുവാക്കളെ  80 കിലോമീറ്റർ ദൂരം തിരികെ വിളിപ്പിച്ച്​ അവ നീക്കം ചെയ്യിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.

Advertisment

publive-image

പ്രദേശത്തെ ഒരു ഭക്ഷണശാലയിൽ നിന്ന് പിസയും വാങ്ങി കാറിൽ കയറിയതാണ് യുവാക്കൾ. കാറിൽ ഇരുന്നു പിസ ശാപ്പിട്ട ഇവർ ഭക്ഷണം പൊതിഞ്ഞ കാർഡ് ബോർഡ് ബോക്‌സും ബാക്കിവന്ന മസാലപ്പൊടികളും നേരെ പുറത്തേക്കെറിഞ്ഞു. ഒന്നുമറിയാത്തതുപോലെ ഇരുവരും കാറോടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു.

സംഭവം കുടക് ടൂറിസം അസോസിയേഷന്റെ ജനറൽ സെക്രട്ടറി മദെതിര തിമ്മയ്യയുടെ ശ്രദ്ധയിൽപ്പെട്ടതോടെ യുവാക്കൾ കുടുങ്ങി. ബോക്സ് തുറന്നപ്പോൾ കിട്ടിയ ബില്ലിൽ ഭക്ഷണം വാങ്ങിയ ആളുടെ അഡ്രസ്സും ഫോൺ നമ്പറും ഉണ്ടായിരുന്നു. നമ്പറിൽ വിളിച്ച് റോഡിൽ വലിച്ചെറിഞ്ഞ മാലിന്യം തിരികെവന്നു പെറുക്കിയെടുക്കാൻ ആവശ്യപ്പെട്ടു. ക്ഷമചോദിച്ച യുവാക്കൾ ദീർഘദൂരം മുന്നോട്ടെത്തിയെന്നും തിരികെ വരാൻ കഴിയില്ലെന്നുമാണ് അറിയിച്ചത്.

ബില്ലിൽ കണ്ട അ​ഡ്രസ്സ് ഉപയോ​ഗിച്ച് തിമ്മയ്യ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യമറിയിച്ചു. ഇതിനുപിന്നാലെ യുവാക്കളുടെ  പേരുകൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവാക്കൾക്ക് വഴങ്ങേണ്ടിവന്നു. 80 കിലോമീറ്ററോളം തിരികെ വാഹനമോടിച്ച ഇവർ വലിച്ചെറിഞ്ഞ മാലിന്യം അടുത്തുള്ള ചവറ്റു കൊട്ടയിലേക്ക് എടുത്തിട്ടു.

ഇത്തരത്തിൽ പൊതുനിരത്തിൽ മാലിന്യം എറിയുന്നവർ ആരായാലും തിരികെ അതേ സ്ഥലത്തെത്തിച്ച് ഇതുപോലെ ഇനിയും മാലിന്യം പെറുക്കിക്കും എന്നും സെക്രട്ടറി പറഞ്ഞു.തെറ്റു തിരുത്താൻ തയ്യാറായെ യുവാക്കളെ അഭിനന്ദിക്കാനും അധികൃതർ തയ്യാറായി.

waste
Advertisment