Advertisment

ഉപതെരെഞ്ഞെടുപ്പ് വേദികളില്‍ നിരന്തരം തനിക്കെതിരെ ജോസഫ് വ്യക്തിഹത്യ നടത്തി. പാലായില്‍ റിബലിനെ നിര്‍ത്തി മുന്നണി ഒറ്റക്കെട്ടല്ലെന്ന് വരുത്തി. യുഡിഎഫ് യോഗത്തില്‍ ജോസ് കെ മാണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഡിഎഫ് യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. യുഡിഎഫ് ഒറ്റക്കെട്ടായി സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച സ്ഥലങ്ങളിൽ വിജയിക്കാൻ കഴിഞ്ഞെങ്കില്‍ പാലായിൽ അതുണ്ടാകാത്തതാണ് പരാജയകാരണമെന്നു ജോസ് കെ മാണി യു ഡി എഫ് യോഗത്തില്‍ പറഞ്ഞു .

Advertisment

publive-image

പാലായില്‍ ജോസഫ് വിഭാഗ൦ സ്വീകരിച്ച നിലപാടില്‍ അതൃപ്തി അറിയിച്ച യു ഡി എഫ് നേതൃത്വം വോട്ടെടുപ്പ് ദിവസം പരസ്യ പ്രസ്താവന നടത്തിയ ജോയ് എബ്രഹത്തെ നീരസം അറിയിക്കാനും മടിച്ചില്ല.

കോന്നിയിലും വട്ടിയൂർക്കാവിലും പാലായിലുമാണ് സ്ഥാനാർത്ഥികളെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഇതാണ് ഇവിടങ്ങളിലെ യു ഡി എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെടാനുള്ള കാരണമെന്ന് ജോസ് കെ മാണി പറഞ്ഞു .

പാലാ ഉപതെരഞ്ഞടുപ്പ് സമയത്ത് യുഡി എഫിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് നേതാക്കൾ നിർദ്ദേശിച്ചത് താൻ പൂർണമായും അംഗീകരിച്ചു.

പാലായിലെ സ്ഥാനാർത്ഥിയെ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുമെന്ന് യു ഡി എഫാണ് പറഞ്ഞത്. ഒറ്റക്കെട്ടായി സ്ഥാനാർത്ഥിയെ ജയിപ്പിക്കുമെന്നും പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അതുണ്ടായില്ല.

വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ പി.ജെ ജോസഫിനോട് പാലായിലെ സ്ഥാനാർത്ഥിക്ക് ചിഹ്നം ചോദിച്ചു കൊണ്ട് കത്തെഴുതണമെന്ന് ആവശ്യപ്പെട്ടത് യുഡിഎഫാണ്. അതും താൻ അനുസരിച്ചു.

എന്നാൽ ചിഹ്നം തന്നില്ലെന്ന് മാത്രമല്ല മറ്റൊരു സ്ഥാനാർത്ഥിയെ പി.ജെ ജോസഫ് നിർത്തുകയും ചെയ്തു. പാലായിലും തുടർന്ന് നടന്ന ഉപതെരഞ്ഞടുപ്പുകളിലും അതിന് ശേഷവും തന്നെ വ്യക്തിഹത്യ ചെയ്ത് പിജെ ജോസഫ് നിരവധി തവണ പ്രസംഗിച്ചു. എന്നാൽ താൻ ഒരിക്കൽ പോലും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തിട്ടില്ല.

publive-image

അതേസമയം കെ എം മാണി മണ്ഡലം പ്രസിഡണ്ടുമാരെ ഉപയോഗിച്ച് കോട്ടയത്ത് തന്‍റെ ലോക്സഭാ സീറ്റ് തെറിപ്പിച്ചതെന്നായിരുന്നു പിജെ ജോസഫിന്‍റെ മറുപടി. അത് യു ഡി എഫ് നേതാക്കളാരും കാര്യമായി ഗൗനിച്ചതുമില്ല.

യോഗ ശേഷം ഇരു നേതാക്കളെയും ഒരുമിച്ചിരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി . കേരളാ കോണ്‍ഗ്രസ് ഒന്നിച്ചുപോകേണ്ടതിന്റെ ആവശ്യകതയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരെയും ധരിപ്പിച്ചത്.

കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യു ഡി എഫ് നിർദ്ദേശിക്കുന്ന രീതിയിൽ ഏതു തരം ഉഭയകക്ഷി ചർച്ചകൾക്കും താൻ ഇനിയും തയ്യാറാണെന്നും എന്നാൽ മുൻ സന്ദർഭങ്ങളിൽ ഉണ്ടായതു പോലെ അത് ഏകപക്ഷീയമായി മാറരുതെന്നും ജോസ് കെ മാണി യോഗത്തില്‍ പറഞ്ഞു .

jose k mani
Advertisment