Advertisment

ചാഴികാടന്‍ പിജെ ജോസഫിന്‍റെ വീട്ടിലെത്തിയത് മോന്‍സ് ജോസഫിന്‍റെ കാറില്‍ ! പുറപ്പുഴയ്ക്കെന്നു പറഞ്ഞപ്പോള്‍ ഞാനും പോരാം എന്ന് മോന്‍സ്. ഇനി ഭിന്നതയല്ല , വിജയമെന്ന് ജോസഫ്. ഒറ്റക്കെട്ടെന്നു ചാഴികാടനും ! കേരളാ കോണ്‍ഗ്രസില്‍ മഞ്ഞുരുകല്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി : ഞായറാഴ്ച രാവിലെ പള്ളിയില്‍ കഴിഞ്ഞ് പ്രചാരണത്തിനിറങ്ങിയ കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ്‌ ചാഴികാടനെ മോന്‍സ് ജോസഫ് സ്വന്തം കാറിലാണ് പുറപ്പുഴയില്‍ പിജെ ജോസഫിന്‍റെ വീട്ടിലെത്തിച്ചത്.

കിടങ്ങൂരില്‍ ക്ഷേത്ര ഉത്സവ ചടങ്ങിലാണ് ചാഴികാടനും മോന്‍സും തമ്മില്‍ കണ്ടുമുട്ടിയത്. ഇവിടെ വച്ചാണ് താന്‍ നേരെ പോകുന്നത് പിജെ ജോസഫ് സാറിന്‍റെ വീട്ടിലേയ്ക്കാണെന്ന് ചാഴികാടന്‍ മോന്‍സിനോട് പറഞ്ഞത് .

എങ്കില്‍ ഞാനും വരാം എന്ന് പറഞ്ഞ് മോന്‍സും സ്ഥാനാര്‍ഥിക്കൊപ്പം ചേരുകയായിരുന്നു. തന്‍റെ കാറില്‍ തന്നെ ഒന്നിച്ചുപോകാം എന്ന് മോന്‍സ് പറഞ്ഞതോടെ ചാഴികാടന്‍ സ്വന്തം കാര്‍ ഉപേക്ഷിച്ച് മോന്‍സിന്‍റെ കാറില്‍ കയറുകയായിരുന്നു .

publive-image

സ്ഥാനാര്‍ഥി എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇടുക്കിയിലെ കേരളാ കോണ്‍ഗ്രസ് മാണി - ജോസഫ് വിഭാഗം നേതാക്കളും ഭിന്നത മറന്ന് പുറപ്പുഴയിലെ വസതിയിലെത്തി. മാണി വിഭാഗത്തിലെ ജില്ലയിലെ പ്രമുഖനായ ജിമ്മി മാറ്റത്തിപ്പാറ, യൂത്ത് ഫ്രണ്ട് നേതാവും ജോസഫ് വിഭാഗത്തിലെ പ്രമുഖനുമായ മോനിച്ചന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജോസഫും വലിയ സ്വീകരണമാണ് ചാഴികാടന് നല്‍കിയത്. ഇനി ലക്ഷ്യം വിജയ൦ മാത്രമാണെന്നായിരുന്നു ജോസഫിന്‍റെ പ്രതികരണം . ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ചാഴികാടനും ഫേസ്ബുക്കില്‍ കുറിച്ചു.

ചാഴികാടന്റെ വിജയത്തിനായി കോട്ടയത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകുമെന്നും ജോസഫ് വ്യക്തമാക്കി . ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെയും കണ്ട ശേഷമാണ് മടങ്ങിയത് .

കോട്ടയം സീറ്റില്‍ തോമസ്‌ ചാഴികാടന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്ത് വന്ന മോന്‍സ് ജോസഫ് എം എല്‍ എയുടെ നിലപാട് മാറ്റത്തിന് പിന്നില്‍ കടുത്തുരുത്തി മണ്ഡലത്തിലെ ക്നാനായ സമുദായങ്ങളുടെ ശക്തമായ നിലപാടാണെന്ന് പറയുന്നു .

ക്നാനായ സമുദായാംഗമായ തോമസ്‌ ചാഴികാടനെതിരെ രംഗത്ത് വന്നാല്‍ കടുത്തുരുത്തിയില്‍ അടുത്ത അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയം മോന്‍സിനുണ്ട്. സമുദായ നേതൃത്വം ഇത് സംബന്ധിച്ച് മോന്‍സിന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു .

publive-image

അതിനാല്‍ തന്നെ കടുത്തുരുത്തിയിലെ ഏറ്റവും വലിയ സമുദായമായ ക്നാനായ വിഭാഗത്തെ പിണക്കാന്‍ മോന്‍സ് ഒരുക്കമല്ല . ഇത് പ്രകാരമാണ് കഴിഞ്ഞ ദിവസം കോട്ടയം സീറ്റില്‍ അവകാശ വാദം ഇനിയില്ലെന്ന പ്രസ്താവനയുമായി മോന്‍സ് ജോസഫ് രംഗത്ത് വന്നത്.

കോട്ടയം സീറ്റ് കുഴച്ചുമറിച്ചാലേ കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു . എന്തായാലും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കെട്ടടങ്ങി പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് .

മാത്രമല്ല ഭിന്നത  ഒഴിവാക്കി  ജോസഫ് വിഭാഗത്തെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ കേരളാ കോണ്‍ഗ്രസില്‍ പായ്ക്കേജ് ഒരുങ്ങുന്നതായും സൂചനകളുണ്ട് .

pj joseph chazhikadan ele 19
Advertisment