Advertisment

കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ അനുനയ നീക്കവുമായി പി ജെ ജോസഫ് രംഗത്ത്. തിങ്കളാഴ്ച അടിയന്തിര കോര്‍ കമ്മിറ്റിയോഗം വിളിച്ചു. ജോയ് എബ്രാഹത്തെ തരംതാഴ്ത്തിയേക്കും ? വിമത സ്വരം ഉയര്‍ത്തിയ ഫ്രാന്‍സീസ് ജോര്‍ജും കൂട്ടരും തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും. മോന്‍സ് ജോസഫിന്‍റെ പദവിയിലും മാറ്റം വേണമെന്ന് ആവശ്യം ?

New Update

ഇടുക്കി : കേരളാ കോൺഗ്രസ്സിലെ പിളർപ്പ് ഒഴിവാക്കാനുള്ള തിരക്കിട്ട അനുനയ നീക്കങ്ങളുമായി പാർട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് രംഗത്ത്. കോർ കമ്മിറ്റിയിലെ നാലംഗങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ ചെയര്‍മാന്‍ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുറപ്പുഴയിലെ വസതിയിൽ അടിയന്തിര കോർ കമ്മറ്റി യോഗം വിളിച്ചു.

Advertisment

publive-image

വിമതര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ഈ യോഗത്തിൽ ചില നിർണായക നടപടികൾക്ക് പിജെ ജോസഫ് വഴങ്ങുമെന്നാണ് സൂചന. പാർട്ടി സെക്രട്ടറി ജനറൽ ജോയ് എബ്രാഹത്തെ തരം താഴ്ത്തുക, മോൻസ് ജോസഫിന്റെ ഭരണഘടനയിൽ ഇല്ലാത്ത പദവി ഒഴിവാക്കുക, ജനറൽ സെക്രട്ടറിമാരുടെ എണ്ണം പരിമിതപ്പെടുത്തുക എന്നിവ ഉൾപ്പെടെ ഫ്രാന്‍സീസ് ജോർജിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം ഉന്നയിച്ച ആവശ്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്യും.

പതിനഞ്ചിന് ജില്ലാ പ്രസിഡന്‍റുമാരുടെ യോഗവും കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്തിട്ടുണ്ട് . ഫ്രാന്‍സീസ് ജോർജ്, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവരാണ് ബുധനാഴ്ച്ച ജോസഫിനെ കണ്ട് പാർട്ടിയുടെ നിലവിലുള്ള പോക്കിൽ അതൃപ്തി അറിയിച്ചത് .

മോൻസ് ജോസഫും ജോയ് എബ്രാഹവും ചേർന്ന് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ് എന്ന പരാതി ഇവർ ഉന്നയിച്ചിരുന്നു. ഇല്ലാത്ത ഭരണഘടനയുടെ പേരിൽ നടത്തുന്ന അനധികൃത നിയമനങ്ങളും നേതാക്കൾ ചോദ്യം ചെയ്തിരുന്നു . നേതൃത്വം തിരുത്തലിന് തയ്യാറായില്ലെങ്കിൽ തങ്ങൾക്ക് വേറെ വഴി നോക്കേണ്ടി വരും എന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു .

ഇതുപ്രകാരം നടപടികൾ സ്വീകരിക്കാൻ പി ജെ ജോസഫ് തയ്യാറായാൽ നിലവിൽ സെക്രട്ടറി ജനറലായ ജോയ് എബ്രാഹത്തിന് വെറും ജനറൽ സെക്രട്ടറിയായി മാറേണ്ടി വരും എന്നാണ് സൂചന . അതേസമയം 'ഓഫീസ് ചാർജ്' അദ്ദേഹത്തിന് ലഭിച്ചേക്കും .

മോൻസ് ജോസഫിനെ ഭരണഘടനയില്‍ ഇല്ലാത്ത 'എക്സിക്യൂട്ടീവ് ചെയര്‍മാന്‍' പദവിയിൽനിന്നും നീക്കണമെന്നും വിമതർ ആവശ്യപെട്ടിട്ടുണ്ട്. പകരം മോന്‍സിനെയും ഫ്രാൻസിസ് ജോർജ് , ജോണി നെല്ലൂർ , തോമസ് ഉണ്ണിയാടൻ എന്നിവർക്കൊപ്പം ഡെപ്യൂട്ടി ചെയര്‍മാന്‍ ആക്കണം എന്നാണ് ആവശ്യം .

ഇത്‌ ജോസഫ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ജോയ് എബ്രാഹത്തെ തരം താഴ്ത്തുന്ന കാര്യത്തിൽ ഇതിനോടകം ധാരണയായിട്ടുണ്ടെന്നാണ് സൂചന.

ജോയ് എബ്രാഹത്തെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്ന് മലബാറിൽ നിന്നുള്ള ചില ജില്ലാ പ്രസിഡന്‍റുമാരും താക്കീത് നൽകിയിരുന്നു . പാർട്ടി ചെയർമാന്റെ നിഴലിൽ നിന്നുകൊണ്ടുള്ള ജോയിയുടെ വിരട്ടൽനയമാണ് ജില്ലാ പ്രസിഡന്റ്റുമാരെ ചൊടിപ്പിച്ചത് .

പി ജെ ജോസഫും വർക്കിങ് ചെയര്‍മാന്‍ പിസി തോമസും ഉൾപ്പെടെ ഒൻപത് അംഗങ്ങൾ ആണ് കോർ കമ്മിറ്റിയിലുള്ളത് . ഫ്രാൻസിസ് ജോർജിനോടൊപ്പമുള്ള നാലു പേരും ജോയ് എബ്രഹാം, മോൻസ് ജോസഫ് , റ്റി.യൂ കുരുവിള എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളാണ് .

നിലവിലെ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തെ സംബന്ധിച്ചു നിർണായകമാണ് തിങ്കളാഴ്ച്ച രാവിലത്തെ കോർ കമ്മറ്റി യോഗം .

pj joseph kerala congress
Advertisment