Advertisment

പിജെ ജോസഫിന്റെ ഭീഷണിയില്‍ കോണ്‍ഗ്രസ് വഴങ്ങുമോ ? ജോസഫിന്റെ കടുംപിടുത്തത്തില്‍ തട്ടി യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി ! കോട്ടയത്ത് 500 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടി ആവശ്യപ്പെടുന്നത് അഞ്ചു സീറ്റ് ! കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ മൂവാറ്റുപുഴ വിട്ടു നല്‍കിയാല്‍ രണ്ടു സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് ജോസഫിന്റെ ഔദാര്യം ! പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അനുഭവം മറക്കരുതെന്ന് ജോസഫിനോട് കോണ്‍ഗ്രസ്. ജോസഫിന്റെ വലിപേശല്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോസഫിന് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ രാജിവയ്ക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും !

New Update

publive-image

Advertisment

കോട്ടയം: സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. 12 സീറ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടില്‍ പിജെ ജോസഫ് ഉറച്ചു നിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഇന്നു രണ്ടു വട്ടവും ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ച നടന്നെങ്കിലും കടുംപിടുത്തം തുടര്‍ന്നതോടെ അടുത്ത ദിവസം ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലാണ്.

ഇന്നു നടന്ന ചര്‍ച്ചയില്‍ ജോസഫ് വിഭാഗത്തിന് എട്ടു സീറ്റ് നല്‍കാം എന്ന നിലപാടില്‍ വരെ കോണ്‍ഗ്രസ് എത്തി. നേരത്തെ നല്‍കുമെന്ന് ഉറപ്പു നല്‍കിയ തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, ചങ്ങനാശേരി എന്നീ സീറ്റിനു പുറമെ മലബാറില്‍ ഒന്ന് എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. എന്നാല്‍ ഈ സീറ്റില്‍ ഒതുങ്ങില്ലെന്ന് ജോസഫും വ്യക്തമാക്കി.

കോട്ടയം ജില്ലയില്‍ അഞ്ചു സീറ്റ് വേണമെന്നാണ് ജോസഫിന്റെ പ്രധാന ആവശ്യം. കടുത്തുരുത്തിക്കും, ചങ്ങനാശേരിക്കും പുറമെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ സീറ്റുകളിലാണ് ജോസഫിന്റെ ആവശ്യം. എന്നാല്‍ മൂവാറ്റുപുഴ ജോസഫിന് വിട്ടു നല്‍കിയാല്‍ ഇതില്‍ രണ്ടു മണ്ഡലങ്ങളില്‍ വിട്ടു വീഴ്ചയാകാമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ രണ്ടു സീറ്റിനപ്പുറം ജോസഫ് വിഭാഗത്തിന് നല്‍കിയാല്‍ എല്ലാ സീറ്റിലും പരാജയപ്പെടുമെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം ചോദിച്ച എല്ലാ സീറ്റും വിട്ടു നല്‍കിതോടെ വലിയ പരാജയമാണ് കോണ്‍ഗ്രസിന് വലിയ അടിത്തറയുള്ള ജില്ലയില്‍ ഉണ്ടായത്.

ഇത്തവണയും ചോദിക്കുന്ന സീറ്റ് ജോസഫിന് നല്‍കിയാല്‍ അത് ആവര്‍ത്തിക്കുമെന്നു തന്നെയാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലയില്‍ 500 പ്രവര്‍ത്തകര്‍ പോലുമില്ലാത്ത ജോസഫിന് അഞ്ചു സീറ്റ് നല്‍കിയുള്ള ഒരു ഒത്തുതീര്‍പ്പും വേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ജോസ് കെ മാണിക്ക് എല്‍ഡിഎഫ് നല്‍കുന്ന അത്രയും സീറ്റ് തന്നെ തങ്ങള്‍ക്കും കിട്ടണമെന്നാണ് ജോസഫിന്റെ പക്ഷം.

ഇരു വിഭാഗവും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത് 15 സീറ്റിലായിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ പത്തിലൊന്നു ശക്തിപോലും ഇല്ലാത്ത ജോസഫ് വിഭാഗം അത്രയും വിലപേശല്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ജോസഫിന്റെ അനാവശ്യ പിടിവാശിയെ തുടര്‍ന്ന് ചില അഡ്ജസ്റ്റ്‌മെന്റുകള്‍ വേണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന.

എന്നാല്‍ കോണ്‍ഗ്രസിനെ വിറ്റ് ജോസഫ് വിഭാഗത്തെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടായാല്‍ അംഗീകരിക്കില്ലെന്നു തന്നെയാണ് ജില്ലയിലെ ഭൂരിഭാഗം നേതാക്കളും പറയുന്നത്. ജോസഫിന് മൂന്നില്‍ കൂടുതല്‍ സീറ്റു കൊടുത്താല്‍ രാജിവയ്ക്കാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

 

 

pj joseph congress
Advertisment