Advertisment

തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണനയില്‍. തൊടുപുഴയില്‍ ജോസഫിനെതിരായ കോണ്‍ഗ്രസ് വികാരം മുതലെടുക്കാന്‍ ജോയ്‌സിന് കഴിയുമെന്ന് പ്രതീക്ഷ. കേരള കോണ്‍ഗ്രസ് - എം സ്വതന്ത്രനായി കത്തോലിക്കാ സഭാ സംഘടനാ നേതാവും പരിഗണനയില്‍ ! തൊടുപുഴയിലെ നീക്കങ്ങള്‍ ഇങ്ങനെ…

New Update

publive-image

Advertisment

ഇടുക്കി: തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് - എം ജോസഫ് വിഭാഗം നേതാവ് പിജെ ജോസഫിനെതിരെ ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ഇടതുമുന്നണിയുടെ പരിഗണനയില്‍. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ജോസഫിന് റിക്കോര്‍ഡ് ഭൂരിപക്ഷം നല്‍കുന്ന ഏര്‍പ്പാട് ഇത്തവണ ഉണ്ടാകരുതെന്ന് കേരള കോണ്‍ഗ്രസ്  - എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തീരുമാനം.

തൊടുപുഴയിലേയ്ക്ക് മുന്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെയാണ് ഇടതുമുന്നണി ഗൗരവമായി പരിഗണിക്കുന്നത്. ജോയ്‌സ്   മത്സരിക്കാന്‍ ഒരുക്കമാണെങ്കില്‍ ഈ സീറ്റ് സിപിഎം ഏറ്റെടുക്കും. കേരള കോണ്‍ഗ്രസ്  - എമ്മിന് തൊടുപുഴയ്ക്ക് പകരം മറ്റൊരു സീറ്റ് നല്‍കും.

ജോയ്‌സ് ജോര്‍ജ് സ്ഥാനാര്‍ഥിയായാല്‍ മുന്‍ എംപി എന്ന നിലയിലുള്ള പരിഗണനയ്ക്കു പുറമെ സഭയുടെ പിന്തുണകൂടി പ്രതീക്ഷിക്കുന്നുണ്ട്. ജോസഫിനോട് കടുത്ത അതൃപ്തിയുള്ള കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ശേഷിയുള്ള നേതാവ് എന്ന നിലയിലാണ് ജോയ്‌സിനെ പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച ജോസഫിന്‍റെ നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ശക്തനായ സ്ഥാനാര്‍ഥി ഇടതുപക്ഷത്തു വന്നാല്‍ ഇത് ഗുണം ചെയ്യുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. പിജെ ജോസഫിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്ന സാഹചര്യം ജോസ് കെ മാണി വിഭാഗത്തിനും താല്‍പര്യമുണ്ട്.

അതേസമയം ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് - എമ്മിനു തന്നെയാണ് തൊടുപുഴ ലഭിക്കുന്നതെങ്കില്‍ ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നുംകോട്, പ്രൊഫ. കെ.എ ആന്‍റണി എന്നീ പേരുകള്‍ക്കാണ് മുന്‍ഗണന. പൊതുസമ്മതനായ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി കത്തോലിക്കാ സഭാ സംഘടനാ നേതാവ് രംഗത്തുവരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ശക്തനായ എതിരാളി ജോസഫിനെതിരെ മത്സരിച്ചപ്പോള്‍ ജോസഫ് തൊടുപുഴയില്‍ പരാജയപ്പെട്ട ചരിത്രമുണ്ട്. ജോസഫിനെ തോല്‍പ്പിച്ചാണ് മുന്‍പ് പി.ടി തോമസ് തൊടുപുഴ എംഎല്‍എ ആയത്. പിന്നീട് തീര്‍ത്തും ദുര്‍ബലരായ സ്ഥാനാര്‍ഥികളായിരുന്നു ജോസഫിനെതിരെ മത്സരിച്ചത്.

തൊടുപുഴയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയിലെത്തിയശേഷമായിരിക്കും ഈ സീറ്റ് മുന്നണിയില്‍ ഏത് പാര്‍ട്ടിക്കു നല്‍കുമെന്ന് തീരുമാനിക്കുക.

 

pj joseph ldf
Advertisment