Advertisment

തരൂര്‍ മണ്ഡലത്തില്‍ പി കെ ജമീലയ്ക്ക് സീറ്റില്ല; പി പി സുമോദ് സ്ഥാനാര്‍ത്ഥി ; പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന് സീറ്റില്ല, പകരം നന്ദകുമാര്‍

New Update

തിരുവനന്തപുരം : പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് വീണ്ടും നല്‍കിയ റിപ്പോര്‍ട്ടിലും ജമീലയുടെ പേര് ഉണ്ടായിരുന്നില്ല.

Advertisment

publive-image

പ്രാദേശികമായി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ എതിര്‍പ്പും ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനവും കണക്കിലെടുത്താണ് ജമീലയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തെ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയത്. പി പി സുമോദിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ്  സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായ പി പി സുമോദിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു.

നേരത്തെ സുമോദിനെ കോങ്ങാട് മല്‍സരിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. സുമോദിനെ മാറ്റിയപ്പോള്‍, കോങ്ങാട് ജില്ലാ പഞ്ചായത്ത് പ്രസിഡായിരുന്ന കെ ശാന്തകുമാരിയെ സ്ഥാനാര്‍ത്ഥിയാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും സീറ്റില്ല.

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാറിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലെ എംഎല്‍എ പി കെ ശശിയെയാണ് മാറ്റിയത്. ഷൊര്‍ണൂരില്‍ പി ഉണ്ണിക്ക് പകരം പി മമ്മിക്കുട്ടി സ്ഥാനാര്‍ത്ഥിയാകും. മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ എ പ്രഭാകരന്‍ മല്‍സരിക്കും.

പൊന്നാനിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സീറ്റില്ല. പകരം പി നന്ദകുമാറിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇവിടെ ടി എം സിദ്ധിഖിനെ മല്‍സരിപ്പിക്കണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സിദ്ധിഖിന് വേണ്ടി പ്രചാരണവും ശക്തമായിരുന്നു. തിരുവമ്പാടിയില്‍ ലിന്റോജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

അരുവിക്കരയില്‍ കാട്ടാക്കട ഏരിയ സെക്രട്ടറി ജി സ്റ്റീഫനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇവിടെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍ മധുവിന് പകരം സ്റ്റീഫനെ മല്‍സരിപ്പിക്കാന്‍ സംസ്ഥാന സെക്രേേട്ടറിയറ്റ് തീരുമാനിച്ചു.

 

pk jameela
Advertisment