Advertisment

കുഞ്ഞാലികുട്ടി മാണിയുമായി ചര്‍ച്ച നടത്തി. ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാനില്ലെന്ന് മാണി. ഉമ്മന്‍ചാണ്ടി ഉടന്‍ മാണിയെ കാണും. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിനു മുന്‍പ് മാണിയെ യുഡിഎഫില്‍ തിരികെയെത്തിക്കാന്‍ നീക്കം. എല്‍ഡിഎഫിനെ പിന്തുണച്ചു മുന്നണി മാറ്റം സുഗമമാക്കാനുറച്ച് മാണിയും

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് (എം) നെ യു.ഡി.എഫില്‍ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുമായി ചര്‍ച്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ എം മാണിയുമായി നേരിട്ട് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യു ഡി എഫിന്‍റെ നിര്‍ദേശപ്രകാരമാണ് ഇരു നേതാക്കളുടെയും ഒത്തുതീര്‍പ്പ് നീക്കം. അതേസമയം ഒത്തുതീര്‍പ്പ് നീക്കങ്ങളോട് മാണിയുടെ ആദ്യ പ്രതികരണം അനുകൂലമായിരുന്നില്ലെന്നാണ് സൂചന. രമേശ്‌ ചെന്നിത്തല യുഡിഎഫ് ചെയര്‍മാനായിരിക്കെ മുന്നണിയുമായി സഹകരിക്കാനുള്ള താല്പര്യമില്ലായ്മ മാണി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിട്ടുണ്ട്.

ബാര്‍ കോഴ കേസില്‍ രമേശ്‌ ചെന്നിത്തലയും മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസും കൂടിച്ചേര്‍ന്ന്‍ ഗൂഡാലോചന നടത്തി മാണിയെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ ഗൂഡാലോചന നടത്തി എന്ന മുന്‍ പരാതി കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ചയിലും മാണി ആവര്‍ത്തിച്ചതായാണ് സൂചന . ഇക്കാര്യം എഐസിസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പു നല്‍കിയിട്ടുണ്ട്.

publive-image

യു ഡി എഫിനും ജയസാധ്യതയുള്ള ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏത് വിധേനയും ജയം ഉറപ്പിക്കേണ്ടത് യു ഡി എഫിന്‍റെ ആവശ്യമാണ്‌. കേരളാ കോണ്‍ഗ്രസിനും ഈ മണ്ഡലത്തില്‍ അയ്യായിരത്തിനും ഏഴായിരത്തിനും ഇടയില്‍ വോട്ടുണ്ടെന്നാണ് യു ഡി എഫിന്‍റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് കെ.എം മാണിയെ മുന്നണിയില്‍ തിരികെ എത്തിക്കാനുള്ള തിരക്കിട്ട നീക്കം സജീവമായിരിക്കുന്നത്.

മാണിയോട് വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയും. അതേസമയം യു ഡി എഫ് നീക്കത്തോട് ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത വിരളമാണ്. കാരണം ഇപ്പോള്‍ യു ഡി എഫിന് മാണിയെ ആണ് ആവശ്യം. തിരിച്ചല്ല.

ആവശ്യ സമയത്ത് പിന്നില്‍ നിന്ന് കുത്തിയവരുടെ ആവശ്യം അറിഞ്ഞു സഹായിക്കേണ്ട ബാധ്യത കേരളാ കോണ്‍ഗ്രസിന് ഇല്ലെന്നാണ് മാണിയുടെ നിലപാട്. പകരം ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ എല്‍ ഡി എഫിനാകാനാണ് സാധ്യത. ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണയോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ മാന്യമായ ധാരണയോടെ ഇടതുമുന്നണി പ്രവേശനം സാധ്യമാകും എന്നാണ് മാണിയുടെ പ്രതീക്ഷ.

km mani umman chandy pk kunjalikutty
Advertisment