Advertisment

കൂടെ നിന്ന് ഉറ്റ സുഹൃത്തുക്കൾ ബിസിനസ്സ് സാമ്രാജ്യം കയ്യടക്കി ;കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവും കൈക്കലാക്കി ;വിവാഹ പ്രായമെത്തിയ മകളെ കൈപിടിച്ച് ഏൽപ്പിക്കാൻ പോലും വകയില്ലാതെ ഒരു കാലത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച പി.കെ.ആര്‍. പിള്ള മലയാളികളുടെ നൊമ്പരമാകുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മലയാളികളുടെ മനം കവർന്ന ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് പി.കെ.ആര്‍. പിള്ള സമ്മാനിച്ചത്. എന്നാൽ ആ സിനിമകളുടെ നിര്‍മാതാവ് ഇന്ന് മരുന്നിനുപോലും വകയില്ലാതെ രോഗക്കിടക്കയിലാണ്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ പിള്ളയുടെ ബിസിനസ് സംരംഭങ്ങൾ മുംബയിലായിരുന്നു.

Advertisment

publive-image

മോഹൻലാൽ, പ്രിയദർശൻ തുടങ്ങി നിരവധി പ്രതിഭകളുടെ വളർച്ചയിൽ നിർണായക പങ്കുണ്ടായിരുന്നു പിള്ളക്കും ഷിർദിസായി ക്രിയേഷൻസിനും. പ്രതാപകാലത്തിന്റെ ശേഷിപ്പായി ഇന്ന് വീട് മാത്രമാണ് സ്വന്തമായുള്ളത്. ഇത് വിറ്റാൽ പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരും. നിത്യച്ചെലവിന് തന്നെ ബുദ്ധിമുട്ടുന്ന കുടുംബം പഴയ സിനിമയുടെ സാറ്റലൈറ്റ് അവകാശമെങ്കിലും കിട്ടുമോ എന്നറിയാൻ പലയിടങ്ങൾ കയറിയിറങ്ങുകയാണ്.

പ്രതാപകാലത്ത് മുംബയ് മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇന്ദിരാഗാന്ധിയുടെ അടുത്ത സൗഹൃദം സ്ഥാപിച്ചു. 35 വർഷം മുമ്പ് ചെന്നൈയിൽ എത്തിയ കാലത്താണ് ആദ്യസിനിമ നിർമിച്ചത്- വെപ്രാളം. അതിൽ ഇരട്ടറോളിൽ അഭിനയിച്ചു. എൺപതുകളുടെ തുടക്കം മുതൽ 20 വർഷത്തിനിടെ 22 സിനിമകൾ. ബിസിനസ് തകർന്നപ്പോൾ എല്ലാം മതിയാക്കി പത്തു വർഷം മുൻപ് തൃശൂർ പട്ടിക്കാട് കമ്പനിപ്പടിയിൽ താമസമായി. ഇളയ മകന്‍ സിദ്ധു സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു വരവ് സാധ്യമാകുമെന്നും വിശ്വസിച്ചു.

എന്നാല്‍, കഴിഞ്ഞവര്‍ഷം സിദ്ധു ദുരൂഹമായി മരിച്ചതോടെ അദ്ദേഹം മാനസികമായി തകര്‍ന്നു. മറവിയുടെ ലോകത്താണെങ്കിലും മകന്‍ വരുന്നതും നോക്കി ഇന്നും ജനലിലൂടെ കാത്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ അടിവേരുകള്‍ നഷ്ടപ്പെട്ട് പത്തുവര്‍ഷം മുമ്പാണ് കൂത്താട്ടുകുളത്തുനിന്നും തൃശൂര്‍-പീച്ചി കമ്പനിപ്പടിയിലെ വീട്ടിലേക്ക് പി.കെ.ആര്‍. പിള്ളയും കുടുംബവും എത്തിയത്.

അക്കാലത്ത് ആറുകോടിയിലധികം രൂപ മതിപ്പുള്ള വീടും സ്ഥലവും കേവലം 70 ലക്ഷത്തിനു വില്‍ക്കേണ്ടി വന്നു. തൃശൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും മാത്രമാണ് ബാക്കിയുള്ള സമ്പാദ്യം. 85 വയസ്സുള്ള പിള്ളയുടെ ആദ്യഭാര്യ മരിച്ചു. മൂന്നു വർഷം മുമ്പ് സിദ്ധു കൂടി മരിച്ചതോടെയാണ് ഓർമ്മ നഷ്ടമായത്. നിർമ്മിച്ച ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു.

കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി. 22 സിനിമകൾ നിർമിക്കുകയും രണ്ടു സിനിമയിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹത്തിന് പെൻഷനു പോലും അർഹതയില്ലേ എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. അന്നു മുതല്‍ ഇത്രകാലമായിട്ടും സിനിമാ രംഗത്തുനിന്നും ഒരാള്‍പോലും അന്വേഷിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

നിര്‍മാതാവ് സുരേഷ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ നേരിലും അല്ലാതെയും സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘടനയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചു കിട്ടുമെന്നാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബം പ്രതീക്ഷിക്കുന്നത്. ഷിര്‍ദിസായി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് ഇദ്ദേഹം.

Advertisment