കവിത “നേര്‍ കാഴ്ച്ചകള്‍” മഞ്ജുള ശിവദാസ്.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, June 6, 2018

ഹൃത്തടമാലിന്ന്യമൊന്നു മറയ്ക്കുവാൻ-
കൃത്രിമച്ചിരിയാൽ മുഖം വിടർത്തി.
അന്തരം ശുദ്ധമെന്നന്യരെ ബോധ്യപ്പെടുത്തും-
വിധത്തിൽ പ്രകടനങ്ങൾ.

മൊഴിയഴകിലലിയിച്ചൊഴുക്കുന്ന കരുണയിൽ-
നാമൊന്നു തെറ്റിദ്ധരിച്ചുപോകാം.
നന്മകൾക്കാലയമാകും മനസ്സുള്ള-
സദ്ഗുണസമ്പന്നരാകുമെന്ന്.

വാക്കിൽ കിനിഞ്ഞിറങ്ങീടുന്ന സ്നേഹത്തിൻ-
മായമറിയാത്ത നമ്മിലപ്പോൾ-
ഭാവിതൻ ഭാഗ്യത്തെയോർത്തുകൊണ്ടെന്നപോൽ-
സന്തോഷപ്പെയ്ത്തു തുടങ്ങിയേക്കാം.

കരുണമണക്കുന്ന വാക്കിലൊളിച്ചു-
വച്ചസ്ത്രങ്ങളേറ്റു മുറിപ്പെടുമ്പോൾ,
നമ്മിൽ പ്രതീക്ഷയായ് പെയ്തിടും-
സന്തോഷവർഷവും വൈകാതെ തോർന്നുപോകാം…

×